പിണറായിയിലെ ഒരു കുടുംബത്തിലെ നാലുപേര്‍ ശര്‍ദ്ദിയെത്തുടര്‍ന്ന് മരിച്ച സംഭവത്തില്‍ അറസ്റ്റിലായ സൗമ്യയുടെ മൊഴി പുറത്ത്. മൂന്നുപേരെ മാത്രമെ വിഷം നല്‍കി കൊന്നിട്ടുള്ളൂവെന്നും കുറ്റം സമ്മതിക്കുന്നുവെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മകള്‍ കീര്‍ത്തനയുടേത് സ്വാഭാവിക മരണമാണെന്നും സൗമ്യ പോലീസിനോട് പറഞ്ഞു.
കൊലപാതകങ്ങള്‍ നടത്തിയത് അവിഹിത ബന്ധങ്ങള്‍ക്കുള്ള തടസ്സം നീക്കാനാണ്. മക്കളും രക്ഷിതാക്കളും ഒരുമിച്ച് താമസിക്കുമ്പോള്‍ തന്റെ സ്വതന്ത്ര സഞ്ചാരത്തിന് തടസ്സമാകുമെന്നുള്ളതുകൊണ്ടാണ് കൊലപാതങ്ങള്‍ നടത്തിയത്. സ്വാഭാവിക മരണമായി നാട്ടുകാര്‍ക്ക് തോന്നാന്‍ വേണ്ടിയാണ് ഇടവേളകളില്‍ കൊലപാതങ്ങള്‍ നടത്തിയതെന്നും സൗമ്യ പറഞ്ഞു.
എലിവിഷം നല്‍കിയാണ് മൂന്നുപേരെയും കൊലപ്പെടുത്തിയത്. മകള്‍ക്ക് ചോറിലും അമ്മയ്ക്ക് മീന്‍കറിയിലും അച്ഛന് രസത്തിലും വിഷം നല്‍കിയാണ് കൊന്നത്. തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൗമ്യയെ അവിടെനിന്നാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
സൗമ്യയുടെ അച്ഛന്‍ കുഞ്ഞിക്കണ്ണന്‍,അമ്മ കമല, എന്നിവരും സൗമ്യയുടെ മക്കളായ ഐശ്വര്യ, കീര്‍ത്തന എന്നിവരുമാണ് ദുരൂഹസാഹചര്യങ്ങളില്‍ മരിച്ചത്. 2012 സെപ്റ്റംബര്‍ ഒമ്പതിനാണ് കീര്‍ത്തന മരിച്ചത്. ആറുവര്‍ഷങ്ങള്‍ക്കു ശേഷം ജനുവരി 31ന് ഐശ്വര്യയും മരിച്ചു. കമല മാര്‍ച്ച് ഏഴിനും കുഞ്ഞിക്കണ്ണന്‍ ഏപ്രില്‍ 13നുമായിരുന്നു മരിച്ചത്.
എട്ടുവയസുകാരി ഐശ്വര്യയുടെ മൃതദേഹവും പുറത്തെടുത്ത് പരിശോധിച്ച സാഹചര്യത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. ഇതോടെ മാതാപിതാക്കളുടെയും മക്കളുടെയും മരണം ആസൂത്രിതമായ പരമ്പര കൊലപാതകമാണെന്ന് ഇതോടെ വ്യക്തമായി.
അലുമിനിയം ഫോസ്ഫൈഡ് ഉള്ളില്‍ ചെന്നതിനെ തുടര്‍ന്നാണ് സൗമ്യയുടെ അച്ഛനും അമ്മയും മരിച്ചതെന്ന രാസപരിശോധനാ ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് സൗമ്യയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
എലിവിഷത്തിലും മറ്റും ഉപയോഗിക്കുന്ന അലുമിനിയം ഫോസ്ഫൈഡ്, വളരെ കുറഞ്ഞ അളവില്‍ ശരീരത്തില്‍ എത്തിയാല്‍ പോലും ഛര്‍ദ്ദിക്കും ശ്വാസം മുട്ടലിനും കാരണമാകും. കൂടാതെ രക്തസമ്മര്‍ദം കുറയാനും ഇത് കാരണമാകും.
വയറ്റിലുണ്ടായ അസ്വസ്ഥതയും ഛര്‍ദിയും കാരണമായിരുന്നു നാലുപേരും വൈദ്യസഹായം തേടിയിരുന്നത്. കീര്‍ത്തനയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു വിധേയമാക്കിയിരുന്നില്ല. എന്നാല്‍ മാര്‍ച്ചില്‍ കമല മരിച്ചപ്പോള്‍ മൃതദേഹ പരിശോധന നടത്തണമെന്ന ആവശ്യമുയര്‍ന്നിരുന്നു. മൃതദേഹ പരിശോധനയ്ക്കു ശേഷമാണ് കമലയുടെ ദേഹം സംസ്‌കരിച്ചത്. എന്നാല്‍ മരണകാരണം വ്യക്തമായിരുന്നുമില്ല.