തലശേരി: പിണറായി കൂട്ടക്കൊലക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനഘട്ടത്തിലേക്ക്. പിണറായി പടന്നക്കരയിലെ കല്ലട്ടി വണ്ണത്താന്‍വീട്ടില്‍ കുഞ്ഞിക്കണ്ണന്, ഭാര്യ കമല, പേരക്കുട്ടി ഐശ്വര്യ കിശോര്‍ എന്നിവരെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിന്റെയും അനുബന്ധ സംഭവങ്ങളുടെയും അന്വേഷണമാണ് അവസാനഘട്ടത്തിലെത്തിയത്.
കുഞ്ഞിക്കണ്ണൻ-കമല ദന്പതികളുടെ മകൾ സൗമ്യയാണ് പ്രതി. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി റിമാൻഡിൽ കഴിയുന്നതിനിടെ സൗമ്യയെ ജയിൽവളപ്പിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. മൂന്ന് കൊലപാതകങ്ങളും സൗമ്യ ഒറ്റയ്ക്കു ചെയ്തെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമികനിഗമനം. മൂന്ന് കൊലപാതക കേസുകളും സൗമ്യയുടെ ആത്മഹത്യ സംബന്ധിച്ച കേസുമാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരുന്നത്.
ഡിവൈഎസ്പി യു.പ്രേമന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ഏഴു മാസമായി അന്വേഷണം നടത്തുന്നത്. സൗമ്യയുടെ ബന്ധുക്കളും നാട്ടുകാരും ജയില്‍ ജീവനക്കാരുമുള്‍പ്പെടെ 40 പേരില്‍നിന്ന് ഇതിനകം ക്രൈംബ്രാഞ്ച് സംഘം മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞു. അന്വേഷണം ഊര്‍ജിതമായി നടന്നുവരികയാണെന്നും വിശദമായ റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും ഡിവൈഎസ്പി യു.പ്രേമന് പറഞ്ഞു.
സൗമ്യയെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തിലെ ദുരൂഹത സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. കൊലപാതക കേസുകളുടെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളതിനാല്‍ കേസിന്റെ പുനരന്വേഷണം ആരംഭിച്ചത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് തലശേരി ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ സ്വന്തം നാട്ടിലെ സംഭവമായതിനാല്‍ ക്രൈംബ്രാഞ്ച് എഡിജിപി നേരിട്ടാണ് കേസന്വേഷണം വിലയിരുത്തുന്നത്.
കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്. കൂട്ടക്കൊലയില്‍ സൗമ്യക്കൊപ്പം മറ്റു പലര്‍ക്കും പങ്കുള്ളതായി സഹോദരി സന്ധ്യയുള്പ്പെടെയുള്ള കുടുംബാംഗങ്ങളും നാട്ടുകാരും ആദ്യംമുതലേ സംശയം പ്രകടിപ്പിച്ചിരുന്നു. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുകയും ചെയ്തിരുന്നു.
വിവിധ ഘട്ടങ്ങളിലായി എലിവിഷം നല്‍കിയാണ് സൗമ്യ മൂന്നുപേരെയും കൊലപ്പെടുത്തിയതെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 2018 ഏപ്രില്‍ 24 നാണ് തലശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സൗമ്യയെ പോലീസ് അറസ്റ്റ് ചെയ്തത്.