നവാസ് മേത്തര്‍
തലശേരി: പിണറായിയില്‍ മാതാപിതാക്കളേയും മകളേയും എലിവിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിലേക്ക്. പിണറായി പടന്നക്കരയിലെ കല്ലട്ടി വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന് (76), ഭാര്യ കമല (65 ), പേരക്കുട്ടി ഐശ്വര്യ കിഷോർ (8) എന്നിവര്‍ കൊല്ലപ്പെട്ട കേസിലാണ് അന്വേഷണം അവസാനഘട്ടത്തിലെത്തിയിട്ടുള്ളത്. കേസിലെ പ്രതിയും കൊല്ലപ്പെട്ട കുഞ്ഞിക്കണ്ണന് – കമല ദമ്പതികളുടെ മകളും ഐശ്വര്യയുടെ മാതാവുമായ പിണറായി വണ്ണത്താന്‍ വീട്ടില്‍ സൗമ്യ (27) കണ്ണൂര്‍ വനിതാ ജയിലില്‍ റിമാൻഡിലാണുള്ളത്.
കേസന്വേഷണം പൂര്ത്തിയാക്കുന്നതിനിടയില് സൗമ്യക്ക് സെക്സ് റാക്കറ്റുകളുമായി ബന്ധമുണ്ടോയെന്ന കാര്യവും പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്. സൗമ്യയുടെ അഞ്ച് മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള മെസേജുകളുടെ വിശദവിവരങ്ങള്‍ കൂടി ലഭിച്ചു കഴിഞ്ഞാല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ടൗണ്‍ സിഐ കെ.ഇ.പ്രേമചന്ദ്രന് രാഷ്ട്രദീപികയോട് പറഞ്ഞു.
അഞ്ച് മൊബൈല്‍ ഫോണുകളും ശാസ്ത്രീയ പരിശോധനക്കായി തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്കാണ് അയച്ചിട്ടുള്ളത്. ഈ മൊബൈല്‍ ഫോണുകളില്‍ നിന്നും മെസേജുകളുടെ പൂര്‍ണ വിവരങ്ങള്‍ ലഭിച്ചു കഴിഞ്ഞാല്‍ മാത്രമേ സംഭവത്തില്‍ മറ്റുള്ള ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്താന്‍ പോലീസിന് സാധിക്കുകയുള്ളൂ.
മൂന്ന് കൊലക്കേസുകളില്‍ ഒരാള്‍ ഒരേ സമയം പ്രതിയാകുന്നുവെന്ന പ്രത്യേകതയുള്ള ഈ കേസില്‍ പഴുതടച്ചുള്ള അന്വേഷണമാണ് പോലീസ് നടത്തി വരുന്നത്. മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്കയച്ചതോടെ സൗമ്യയുമായി ബന്ധപ്പെട്ട നിരവധി പേരുടെ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്.
അറസ്റ്റിലാകുന്നതിന് തൊട്ടടുത്ത ഒരു മാസ കാലം സൗമ്യ ഇടപാടുകാരുമായി മൊബൈല്‍ ഫോണിലെ മെസേജിലൂടെയാണ് ആശയ വിനിമയം നടത്തിയിരുന്നത്. തലശേരി, വടക്കുമ്പാട്, ഇരിട്ടി, പറശിനിക്കടവ് എന്നിവിടങ്ങളിലെ നിരവധി യുവാക്കള്‍ സൗമ്യയുമായി ബന്ധപ്പെട്ടിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു.
ഇവരുടെ റോള്‍ സംബന്ധിച്ച് ശാസ്ത്രീയമായ തെളിവുകള്‍ ലഭിച്ചാല്‍ ഇവരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനും പോലീസ് നീക്കമുണ്ട്.
പറശിനിക്കടവിലെ ഒരു ലോഡ്ജ് കേന്ദ്രീകരിച്ച് സൗമ്യ ഇടപാടുകള്‍ നടത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. സൗമ്യയുടെ കാമുകൻമാരായ നാല് പേരെ പോലീസ് പല തവണ ചോദ്യം ചെയ്തിരുന്നു.
ഇവരില്‍ ചിലരുടെ റോള്‍ സംബന്ധിച്ച് സംശയം നിലവിലുള്ളതിനാലാണ് സൗമ്യയുടെ മൊബൈല്‍ ഫോണ്‍ ശസ്ത്രീയമായ തെളിവുകള്‍ക്കായി പരിശോധനക്കയച്ചിട്ടുളളതെന്നാണ് അറിയുന്നത്. സൗമ്യയെ സെക്സ് റാക്കറ്റുമായി ബന്ധപ്പെടുത്തിയ ഇരിട്ടി സ്വദേശിനിയായ യുവതിയെ കുറിച്ചും പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.
കേസില്‍ 50 സാക്ഷികളുടെ മൊഴികളാണ് പോലീസ് രേഖപ്പെടുത്തിയിട്ടുള്ളത്. തലശേരി, കോഴിക്കോട്, മംഗലാപുരം എന്നിവിടങ്ങളിലെ ഏഴ് ആശുപത്രികളില്‍ നിന്നുള്ള ചികിത്സാ രേഖകളും 25 തൊണ്ടി മുതലുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
തന്റെ അവിഹിത ബന്ധങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതിനായി മാതാപിതാക്കളേയും മകളേയും ആസൂത്രിതമായി കൊലപ്പെടുത്തിയതെന്ന് സൗമ്യ പോലീസിന് മൊഴി നല്‍കിയിരുന്നു.
സൗമ്യയുടെ ആദ്യത്തെ മകള്‍ കീര്‍ത്തന മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചും രണ്ടാമത്തെ മകള്‍ ഐശ്വര്യ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചും മാതാവ് കമല തലശേരി ഗുഡ്ഷെഡ് റോഡിലെ മിഷന് ആശുപത്രിയില്‍ വെച്ചും പിതാവ് കുഞ്ഞിക്കണ്ണന് തലശേരി സഹകരണ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.
കൊലപാതകം മറച്ചു വെക്കാന്‍ വീട്ടിലെ കിണറില്‍ അമോണിയ കലര്‍ന്നിട്ടുണ്ടെന്ന പ്രചരണം നടത്തുകയും വെള്ളം സ്വന്തം നിലയില്‍ ശേഖരിച്ച് കണ്ണൂരില്‍ കൊണ്ട പോയി പരിശോധന നടത്തുകയും വെള്ളത്തില്‍ അമോണിയം കലര്‍ന്നിട്ടുണ്ടെന്നും എല്ലാവരും ശ്രദ്ധിക്കണമെന്നും സൗമ്യ നാട്ടുകരോട് പറഞ്ഞുതുള്പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.