കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യ ജയിലില്‍ തൂങ്ങിമരിച്ചതോടെ അവശേഷിക്കുന്നത് ഒരു പിടി ചോദ്യങ്ങള്‍ അവശേഷിപ്പിച്ച്. തന്റെ വഴിവിട്ട ജീവിതത്തിനു തടസമാകാതിരിക്കാന്‍ മാതാപിതാക്കളെയും മകളെയും ഭക്ഷണത്തില്‍ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിലാണു സൗമ്യ അറസ്റ്റിലായത്.
സംഭവത്തില്‍ സൗമ്യയെ മാത്രമാണ് അറസ്റ്റു ചെയ്തത്. കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സൗമ്യക്ക് പുറമെ മറ്റാര്‍ക്കെങ്കിലും കൂട്ടക്കൊലപാതകങ്ങളില്‍ പങ്കുണ്ടോയെന്ന് പോലീസ് പരിശോധിച്ചിരുന്നു.
അഞ്ചു ഫോണുകളാണ് സൗമ്യ ഉപയോഗിച്ചിരുന്നത്. ഫോണുകള്‍ പരിശോധിച്ച സൈബര്‍ സെല്‍ ഇവര്‍ അഞ്ചിലധികം കാമുകന്മാരുമായി മണിക്കൂറുകള്‍ നീണ്ട സംഭാഷണം നടത്തിയതിന്റെ തെളിവുകളും കണ്ടെത്തിയിരുന്നു.
ഇതോടെ സൗമ്യയുടെ കാമുകന്മാരില് ചിലരും പ്രതികളായേക്കുമെന്ന് അഭ്യൂഹമുണ്ടായെങ്കിലും അതുണ്ടായില്ല.. കൊലപാതകത്തിന് ആരുടെയും പ്രേരണയില്ലെന്നായിരുന്നു സൗമ്യ മൊഴി നല്‍കിയത്. എന്നിരുന്നാലും അടുത്ത ദിവസങ്ങളില്‍ ഇവര്‍ കാമുകന്മാരുമായി സംസാരിച്ചിരുന്നു. തുടര്‍ന്ന് കാമുകന്മാരെ ചോദ്യം ചെയ്തുവെങ്കിലും പ്രതി ചേര്‍ക്കാന്‍ ആവശ്യമായ വിവരങ്ങള്‍ ലഭിച്ചിരുന്നില്ല.
ആറുവര്‍ഷം മുമ്പ് മരിച്ചുപോയ മൂത്തമകള്‍ കീര്‍ത്തനെ കൊലപ്പെടുത്തിയത് താനല്ലെന്നും ഭര്‍ത്താവ് കിഷോറാണെന്നും പിടിയിലായപ്പോള്‍ സൗമ്യ ആവര്‍ത്തിച്ചിരുന്നു.എന്നാല്‍ കീര്‍ത്തനയുടെ മൃതദേഹം പൊതു ശ്മശാനത്തില്‍ ദഹിപ്പിച്ചതിനാല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കിഷോറിനെ കുറ്റക്കാരനാക്കാനായില്ല.
അതിനാല്‍ തന്നെ ഈ കുറ്റവും സൗമ്യയുടെ തലയില്‍ വന്നു ചേര്‍ന്നു. കാമുകന്മാര്ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് പോലീസ് ആദ്യം സംശയിച്ചെങ്കിലും എല്ലാം ഏറ്റു പറഞ്ഞതോടെ ആ വഴി അടഞ്ഞു. കാമുകന്മാരെ രക്ഷിക്കാന്‍ സൗമ്യ മനപൂര്‍വം എല്ലാ കുറ്റവുമേറ്റതാണെന്ന സംശയം അന്നു മുതല്‍ തന്നെയുണ്ടായിരുന്നു. സൗമ്യയുടെ മരണത്തോടെ ഈ ചോദ്യങ്ങള്‍ മാത്രം ബാക്കിയാവുകയാണ്.