സൗമ്യ ജീവനൊടുക്കിയത് പുല്ലു ചെത്താന്‍ പോയപ്പോള്‍ ! മരണത്തിനായി തെരഞ്ഞെടുത്തത് കശുമാവിനെ; സ്വാഭാവികമെന്ന് പോലീസ്…

കണ്ണൂര്‍: പിണറായി കൂട്ടക്കൊല കേസില്‍ പ്രതി സൗമ്യ ജയിലില്‍ തൂങ്ങി മരിച്ചത് ഉദ്യോഗസ്ഥരുടെ വീഴ്ച മൂലമെന്ന് വിമര്‍ശനം. സംഭവത്തില്‍ ആഭ്യന്തരവകുപ്പ് അന്വേഷണം തുടങ്ങി. ജയിലിലെ ഡയറി ഫാമില്‍ പശുക്കളെ നോക്കുന്ന ജോലിയിലായിരുന്നു സൗമ്യയെ നിയോഗിച്ചിരുന്നത്. രാവിലെ പശുകള്‍ക്കായി ജയില്‍ വളപ്പില്‍ തന്നെ പുല്ലു ചെത്താന്‍ സൗമ്യ പോയിരുന്നു. പിന്നാലെയാണ് വളപ്പിലെ കശുമാവില്‍ ഉടുത്തിരുന്ന സാരിയില്‍ തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

രാവിലെ ഒന്‍പതരയോടെയാണ് മൃതദേഹം കണ്ടതെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം. പിന്നീട് നടപടി ക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ. മരണത്തില്‍ അസ്വാഭാവികത ഒന്നുമില്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിരിക്കുന്നത്.

മക്കളെയും മാതാപിതാക്കളേയും ഉള്‍പ്പെടെ മൂന്നുപേരെ കൊലപ്പെടുത്തിയ കേസിലാണു സൗമ്യ അറസ്റ്റിലായത്. സൗമ്യയുടെ മാതാപിതാക്കളായ പിണറായി പടന്നക്കര വണ്ണത്താംവീട്ടില്‍ കുഞ്ഞിക്കണ്ണന്‍ (80), ഭാര്യ കമല (65), സൗമ്യയുടെ മകള്‍ ഐശ്വര്യ (ഒന്‍പത്) എന്നിവരാണു നാലു മാസത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.

മരിച്ചവരുടെ ശരീരത്തില്‍ എലി വിഷത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലായിരുന്നു സംഭവത്തിന്റെ ചുരുളുകള്‍ അഴിഞ്ഞത്. സൗമ്യയുടെ അമ്മ കമലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കുറ്റപത്രം അടുത്തിടെയാണു പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. തന്റെ അവിഹിത ബന്ധങ്ങള്‍ക്കു സൗകര്യമൊരുക്കുന്നതിനായാണു സൗമ്യ കമലയെ കൊലപ്പെടുത്തിയതെന്നാണു കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്.

ആസൂത്രിതമായി മാതാപിതാക്കളെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഛര്‍ദി അഭിനയിച്ചു തലശേരി സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയ സൗമ്യയെ വിദഗ്ദമായ നീക്കത്തിലൂടെയായായിരുന്നു പോലീസ് കൂടുക്കിയത്. കേസുമായി ബന്ധപ്പെട്ട് സൗമ്യയുടെ കാമുകന്മാരെ ചോദ്യം ചെയ്‌തെങ്കിലും പങ്കില്ലെന്ന് വ്യക്തമായി പോലീസ് വിട്ടയയ്ക്കുകയായിരുന്നു.

Related posts