ചെറുതോണി: ഏഴുവർഷം മുൻപ് ഭർത്താവിനെയും മകനെയും തനിച്ചാക്കി ഇസ്രയേലിലേക്കു വിമാനം കയറുന്പോൾ സൗമ്യയുടെ ഏക സ്വപ്നമായിരുന്നു ഒരു കൊച്ചുവീട്.
2017-ൽ സൗമ്യ നാട്ടിൽ വന്നപ്പോൾ പഴയരിക്കണ്ടത്ത് പത്തു സെന്റ് സ്ഥലം വാങ്ങി. അടുത്ത ജനുവരിയിൽ നാട്ടിൽ വരുമെന്നും അപ്പോൾ വീടുവയ്ക്കാമെന്നും ഭർത്താവിനോടു പറഞ്ഞിട്ടാണു തിരികെ വിമാനം കയറിയത്.
അടുത്തടുത്ത വീടുകളിൽ ജനിച്ചു വളർന്നവരാണ് സൗമ്യയും സന്തോഷും. രണ്ടു മതസ്ഥരായിരുന്നെങ്കിലും പുരോഗമന ചിന്താഗതിക്കാരായ വീട്ടുകാരിൽനിന്ന് കാര്യമായ എതിർപ്പൊന്നും ഇവരുടെ വിവാഹത്തിനുണ്ടായില്ല.
പിതാവ് സതീശനും മാതാവ് സാവിത്രിയും കഞ്ഞിക്കുഴി പഞ്ചായത്ത് മുൻ മെംബർമാരായിരുന്നു. ഭർത്താവിന്റെ അനുജൻ സജിയും പഞ്ചായത്തു മെംബറായിരുന്നു.
സതീശന്റെയും സാവിത്രിയുടെയും മൂന്നുമക്കളിൽ മൂത്തവളാണ് സൗമ്യ. കാഞ്ഞിരന്താനം ജോസിന്റെ മകനാണ് സന്തോഷ്.
ഡ്രൈവറായ സന്തോഷിന്റെ തുച്ഛമായ വരുമാനംകൊണ്ട് ജീവിതം കെട്ടിപ്പടുക്കാനാവില്ലെന്നു മനസിലാക്കിയപ്പോഴാണ് സൗമ്യ ഭർത്താവിനെയും ഏകമകൻ അഡോണി(മത്തായി)നെയും വൈമനസ്യത്തോടെയാണെങ്കിലും തനിച്ചാക്കി കടൽകടന്നത്.
ഭർത്താവിന്റെ സഹോദരിമാരായ സോഫിയായും ഷേർളിയും വർഷങ്ങളായി ഇസ്രയേലിലാണ്.
ഇവരാണ് സൗമ്യയെയും കൊണ്ടുപോയത്. തറവാടു വീടിനോടു ചേർന്ന് മറ്റൊരു വീട്ടിലാണ് സന്തോഷും മകനും കഴിഞ്ഞിരുന്നത്.
സൗമ്യ എന്നും ഭർത്താവിനോടും മകനോടും ദീർഘനേരം ഫോണിൽ സംസാരിക്കുമായിരുന്നു. ഇസ്രയേലിൽ ഒരു വീട്ടിൽ ഹോംനഴ്സായി ജോലി ചെയ്യുകയായിരുന്നു സൗമ്യ.
പതിവുപോലെ ഭർത്താവിനു ഫോണ്ചെയ്യുന്പോഴാണ് മരണം റോക്കറ്റിന്റെ രൂപത്തിൽ സൗമ്യയെ കവർന്നെടുത്തത്.