ഷാഫി – റാഫി കൂട്ടുകെട്ടിൽ പിറന്ന ഹ്യൂമർ ഹിറ്റ് ചിൽഡ്രൻസ് പാർക്കിൽ ധ്രുവന്റെ നായികയായതിന്റെ ത്രില്ലിലാണ് യുവ അഭിനേത്രി സൗമ്യ മേനോൻ. “ ടു കണ്ട്രീസിനുശേഷം അവർ ഒരുമിക്കുന്പോൾ എല്ലാവരും പ്രതീക്ഷിക്കുന്നതു കോമഡി തന്നെയാണ്. ഇമോഷനും ഫൈറ്റും ആക്ഷനും ഉള്ളപ്പോൾത്തന്നെ ആദ്യാവസാനം കോമഡി ട്രാക്കിലൂടെയാണ് കഥ പോകുന്നത്. അതിനൊക്കെയപ്പുറം ആകർഷകമായ ഒരു സ്റ്റോറി ലൈനുണ്ട്. ഫാമിലി എന്റർടെയ്നറാണിത്…” ചിൽഡ്രൻസ് പാർക്കിലെ നീന – സൗമ്യ മേനോൻ സംസാരിക്കുന്നു…
സിനിമയിലേക്ക് എത്തിയത്…
കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു സിനിമ. പത്താം ക്ലാസ് വരെ ദുബായിയിലാണു പഠിച്ചത്. ഗ്രാജ്വേഷൻ ചെയ്യാനാണു നാട്ടിലെത്തിയത്. സിനിമ തന്നെയായിരുന്നു മനസിൽ. അക്കാലത്തു ചെയ്ത ‘മിഴിനീർ’ എന്ന ആൽബത്തിലെ വണ്ണാത്തിപ്പുള്ളിനു ദൂരെ…. എന്ന പാട്ട് ഹിറ്റായി. തുടർന്നു മോഡലിംഗ്, കുറച്ചു പരസ്യചിത്രങ്ങൾ. സിനിമയിൽ അവസരങ്ങൾ വന്നെങ്കിലും പല കാരണങ്ങളാലും ഒന്നും യാഥാർഥ്യമായില്ല.
അതിനിടെ എംകോം പൂർത്തിയാക്കിയിരുന്നു. സിനിമയിൽ ഇനി എൻട്രി കിട്ടില്ല എന്ന നിരാശയിൽ അഞ്ചുവർഷത്തിനുശേഷം ദുബായിലേക്കു തിരികെ പോയി. അവിടെ ഒരു കന്പനിയിൽ എച്ച്ആർ വിഭാഗത്തിൽ ജോലിയായി. അങ്ങനെയിരിക്കെ ഓർഡിനറിയുടെ ഡയറക്ടർ സുഗീത് സാറിന്റെ ഒരു കൊമേഴ്സ്യൽ ആഡ് ചെയ്തു. സുഗീതേട്ടനുമായും കാമറാമാൻ വിവേകുമായും സൗഹൃദമായി.
പുതുമുഖങ്ങൾക്കു പ്രധാന്യം നല്കി സുഗീതേട്ടൻ സംവിധാനം ചെയ്ത ‘കിനാവള്ളി’യിലെ രണ്ടു ഹീറോയിൻ വേഷങ്ങളിൽ ഒന്നിലേക്ക് തൊട്ടടുത്ത വർഷം എന്നെ വിളിച്ചു. എനിക്കു വിശ്വസിക്കാനായില്ല. വർഷങ്ങളായി അങ്ങനെയൊരു കോൾ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. കഥയോ കഥാപാത്രമോ എന്തെന്നു പോലും തിരക്കിയില്ല. ലോട്ടറിയടിച്ചതു പോലെ തോന്നി. കിനാവള്ളിയിൽ ആറു കഥാപാത്രങ്ങളാണ്. ആദ്യാവസാനം ഞങ്ങളിലൂടെയാണു കഥ പോകുന്നത്. നല്ല റിവ്യൂസ് വന്നു. മൗത്ത് പബ്ളിസിറ്റിയിലൂടെ കുറേ തിയറ്റർ കിട്ടിവന്നപ്പോഴേക്കും പ്രളയമെത്തി, തിയറ്ററുകളിൽ ആളു കുറഞ്ഞു. പക്ഷേ, ജിസിസിയിൽ കിനാവള്ളി നന്നായി ഓടി.
നീയും ഞാനും
എ. കെ. സാജൻ സംവിധാനം ചെയ്ത ‘നീയും ഞാനും’ എന്ന ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണന്റെ പെയറായി. വിഷ്ണുവേട്ടൻ ഗസ്റ്റ് റോളിലാണു വന്നത്. സാനിയ – അതായിരുന്നു എന്റെ കഥാപാത്രത്തിന്റെ പേര്. സെക്കൻഡ് ഹാഫിലാണു ഞങ്ങളുടെ കോംബിനേഷൻ വരുന്നത്. വിഷ്ണുച്ചേട്ടന്റെ ഹ്യൂമറിനൊപ്പം എന്റെ കഥാപാത്രത്തിന്റെ ഹ്യൂമറും വർക്കൗട്ടായെന്നു കമന്റ്സ് വന്നതു ഭാഗ്യമെന്നു കരുതുന്നു. നീയും ഞാനും ഷൂട്ട് കഴിഞ്ഞ് ദുബായിലേക്കു മടങ്ങാനൊരുങ്ങുന്പോഴാണ് ‘ചിൽഡ്രൻസ് പാർക്കി’ലെ മൂന്നു ഹീറോയിൻ വേഷങ്ങളിൽ ഒന്നിലേക്കു സെലക്ടായി എന്ന് കോൾ വന്നത്.
ചിൽഡ്രൻസ് പാർക്കിൽ…
റാഫി സാറിന്റെ സ്ക്രിപ്റ്റിൽ ഷാഫി സാർ സംവിധാനം ചെയ്ത പടം. ഓർഫനേജുമായി ബന്ധപ്പെട്ട ഒരു കഥയാണു പറയുന്നത്. മൂന്നാറിലെ ഒരു ഓർഫനേജാണു ചിൽഡ്രൻസ് പാർക്ക്. ജീവിതത്തിൽ തീരെ ഉത്തരവാദിത്വമില്ലാത്ത മൂന്നു ചെറുപ്പക്കാർ ഈ ഓർഫനേജിലേക്കു വരുന്നതും കുട്ടികളുമായി ഇടപഴകുന്നതും അവരുടെ ജീവിതത്തിൽ ചില മാറ്റങ്ങളുണ്ടാകുന്നതും മറ്റുചില സംഭവങ്ങളുമാണ് കോമഡിയിലൂടെ പറയുന്നത്. സ്റ്റോറി ഓഫ് ത്രീ ഇഡിയറ്റ്സ് – അതാണു ടാഗ് ലൈൻ.
ഓർഫനേജ് ആയതുകൊണ്ടുതന്നെ അവിടത്തെ കുട്ടികളുടെ സെന്റിമെന്റ്സും ഇമോഷനുകളുമൊക്കെ സ്പർശിച്ചാണു കഥാസഞ്ചാരം. മൂന്നാറിലെ ഓർഫനേജിലായിരുന്നു 90 ശതമാനം ചിത്രീകരണവും. അതൊക്കെ ഏറെ രസകരമായ നിമിഷങ്ങളായിരുന്നു. ശിവജി ഗുരുവായൂർ, ഹരീഷ് കണാരൻ, ജോയ് മാത്യു തുടങ്ങി കുറേ ആക്ടേഴ്സുണ്ട് ചിൽഡ്രൻസ് പാർക്കിൽ. കൊച്ചിൻ ഫിലിംസിന്റെ ബാനറിൽ രൂപേഷ് ഓമന, മിലൻ ജലീൽ എന്നിവരാണു ‘ചിൽഡ്രൻസ് പാർക്ക്’ നിർമിച്ചത്.
ധ്രുവന്റെ നായിക
ചിൽഡ്രൻസ് പാർക്കിൽ മൂന്നു നായകന്മാർ – വിഷ്ണു ഉണ്ണികൃഷ്ണൻ, ഷറഫുദീൻ, ധ്രുവൻ. നായികമാരും മൂന്ന് – മാനസ, ഗായത്രി സുരേഷ്, പിന്നെ ഞാൻ. തുടക്കം മുതൽ തന്നെ മൂന്നു നായകന്മാരാണ് ഓർഫനേജിലെ കുട്ടികളിലൂടെ കഥ മുന്നോട്ടുകൊണ്ടുപോകുന്നത്. നായകന്മാരുടെ ലവ് ട്രാക്കിലാണു നായികമാർ വരുന്നത്.
മൂന്നാറിലെ ഒരു പൊളിറ്റീഷന്റെ മകളാണ് എന്റെ കഥാപാത്രം നീന. ഒരു പ്രത്യേക സാഹചര്യത്തിൽ നീന ഓർഫനേജിലെത്തുകയാണ്. മുംബൈയിൽ പഠിച്ചുവളർന്നതിനാൽ കുറച്ചു മോഡേണാണ് ഇതിൽ എന്റെ കഥാപാത്രം. ധ്രുവന്റെ പെയറാണു ഞാൻ. ധ്രുവന്റെ കഥാപാത്രത്തിന്റെ പേര് ഋഷി.
മാനസയും ഗായത്രിയും
മാനസയാണു വിഷ്ണുച്ചേട്ടന്റെ പെയർ. ഓർഫനേജിലെ മുതിർന്ന കുട്ടിയാണ് മാനസയുടെ കഥാപാത്രം പ്രാർഥന. വിഷ്ണുചേട്ടന്റെ കഥാപാത്രത്തിന്റെ പേര് ജെറി. ഷറഫിക്കയുടെ പെയറായി ഗായത്രി സുരേഷ്. ഒരു കുട്ടിയുടെ അമ്മവേഷത്തിലാണ് ഗായത്രി ഇതിൽ അഭിനയിക്കുന്നത്. കഥാപാത്രത്തിന്റെ പേര് വിജി. ഷറഫിക്കയുടെ കഥാപാത്രത്തിന്റെ പേര് ലെനിൻ അടിമാലി.
മാനസയുടെയും ഗായത്രിയുടെയും കഥാപാത്രങ്ങൾ കുറച്ചു നാടൻ ടൈപ്പാണ്. ഗായത്രിയും ഞാനും യഥാർഥ ജീവിതത്തിൽ കസിൻസാണ്. സെറ്റിലെത്തിയപ്പോഴാണ് ആ ബന്ധുത്വം ഞങ്ങൾ പരസ്പരം അറിഞ്ഞത്.
ചിൽഡ്രൻസ് പാർക്കിലെ കുട്ടികൾ
കുട്ടികളുമായി ബന്ധമുള്ള കഥയും സിനിമയുമാണിത്. നൂറിനടുത്തു കുട്ടികൾ ഇതിൽ അഭിനയിച്ചിട്ടുണ്ട്. രണ്ടു മാസം മുതൽ മുതൽ 15 വയസ് വരെയുള്ള കുട്ടികൾ. എല്ലാവരും ടാലന്റഡാണ്. ഏറെ ബ്രില്യന്റായ കുട്ടികളെയാണ് ഷാഫി സാർ സെലക്ട് ചെയ്തത്. ഓർഫനേജിലെ കഥയായതിനാൽ ആദ്യാവസാനം സിനിമയിൽ നിറഞ്ഞുനിൽക്കുകയാണ് ഈ കുട്ടികൾ. അരുണ്രാജ് സംഗീതം നല്കിയ നാലു പാട്ടുകളുണ്ട് ഈ സിനിമയിൽ. പാട്ടുസീനുകളിലും കുട്ടികളുണ്ട്.
ഗിന്നസ് പക്രുവിന്റെ ‘ഫാൻസി ഡ്രസ്’
ചിൽഡ്രൻസ് പാർക്ക് ചെയ്തുകൊണ്ടിരിക്കുന്പോഴാണ് ‘ഫാൻഡി ഡ്രസി’ലേക്ക് ഓഫർ വന്നത്. ഡിസംബർ പകുതി മുതൽ ജനുവരി വരെയായിരുന്നു ഷൂട്ടിംഗ്. പുതുമുഖം രഞ്ജിത് സ്കറിയ സംവിധാനം ചെയ്ത ഫാൻസിഡ്രസിന്റെ നിർമാണം സർവദീപ്ത പ്രൊഡക്ഷൻസിന്റെ ബാനറിൽ ഗിന്നസ് പക്രുച്ചേട്ടൻ. അതിൽ, ടീച്ചറിന്റെ വേഷമാണ് എനിക്ക്.
പക്രുച്ചേട്ടൻ, ഹരീഷ് കണാരൻ ചേട്ടൻ, ശ്വേതമേനോൻ, ഞാൻ, കലാഭവൻ ഷാജോണ്, പൊന്നമ്മ ബാബു, തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഹീറോ – ഹീറോയിൻ രീതിയിലുള്ള കഥയല്ല ഇത്. എല്ലാ കഥാപാത്രങ്ങൾക്കും പ്രാധാന്യമുള്ള സിനിമയാണിത്. കോമഡി ട്രാക്കിലാണു കഥ പോകുന്നത്. സസ്പെൻസ് ത്രില്ലർ രീതിയിലുള്ള ഒരു സംഭവം അതിലുണ്ട്.
ശ്രീജിത് വിജയന്റെ ‘മാർഗംകളി’
ഫാൻസിഡ്രസിനു ശേഷം ‘മാർഗംകളി’യിലേക്ക്. ‘കുട്ടനാടൻ മാർപാപ്പ’യ്ക്കുശേഷം ശ്രീജിത് വിജയൻ സംവിധാനം ചെയ്ത സിനിമ. നടനും സ്ക്രിപ്റ്റ് റൈറ്ററുമായ ബിബിൻ ജോർജാണു നായകൻ. ‘ഒരു ബോംബ് കഥ’യ്ക്കുശേഷം ബിബിൻ ചേട്ടൻ നായകനാകുന്ന ചിത്രം. നായിക നമിത പ്രമോദ്. കുറച്ചു വ്യത്യസ്തയുള്ള കഥാപാത്രമാണ് എന്റേത്. ഹ്യൂമർ ജോണറിലുള്ള ഈ സിനിമ പറയുന്നത് ഒരു ലവ് സ്റ്റോറി.
ഒരു പഴയ ബോംബ് കഥയിലേതുപോലെ ഹരീഷ് കണാരൻ ചേട്ടന്റെയും ബിബിൻ ചേട്ടന്റെയും കോമഡിട്രാക്ക് ഇതിലുമുണ്ട്. ബൈജുചേട്ടനും ഹ്യൂമർ റോളിൽ വരുന്നു. ഒരു മാർഗവുമില്ലാതെ കളിക്കുന്ന കളി എന്നാണു ചിത്രത്തിന്റെ ടാഗ് ലൈൻ. സിദ്ധിക് ഇക്ക, ശാന്തി കൃഷ്ണ, ബിന്ദു പണിക്കർ ചേച്ചി, ബിനു തൃക്കാക്കര തുടങ്ങി ധാരാളം ആർട്ടിസ്റ്റുകളുണ്ട് ‘മാർഗംകളി’യിൽ.
ഡാൻസും ഇഷ്ടമാണ്
ഇപ്പോൾ സിനിമയിലാണു ഫോക്കസ് ചെയ്തിരിക്കുന്നത്. ദൈവാനുഗ്രഹത്താൽ അവസരങ്ങൾ കിട്ടുന്നുണ്ട്. അഭിനയത്തിൽ പ്രൊഫഷണലായി മുന്നോട്ടു പോകണം. എല്ലാം തീരുമാനിക്കുന്നതു ഭാഗ്യവും സമയവുമൊക്കെയാണല്ലോ. ഇഷ്ടങ്ങളിൽ നൃത്തവുമുണ്ട്. ക്ലാസിക്കലും സിനിമാറ്റിക്കും പെർഫോം ചെയ്യുന്നു.
മൂന്നാം ക്ലാസ് മുതൽ നൃത്തം പഠിക്കുന്നു. പ്രേം മേനോനാണ് ഗുരു. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി അഭ്യസിച്ചിട്ടുണ്ട്. യുഎഇയിൽ അഞ്ചു വർഷം കലാതിലകമായിരുന്നു. നാട്ടിലെത്തിയപ്പോൾ ഡി സോണ്, ഇന്റർസോണ് മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. നൃത്തത്തിനു പ്രാധാന്യമുള്ള വേഷം ചെയ്യണമെന്ന് ആഗ്രഹമുണ്ട്.
വീട്ടുവിശേഷങ്ങൾ…
ഭർത്താവ് അർജുൻ ദുബായിൽ ബാങ്കിൽ വർക്ക് ചെയ്യുന്നു. മകൻ ആരാധ് മേനോൻ. അച്ഛൻ ബാലഗോപാൽ. അമ്മ ലത. ചേച്ചിയും അനിയത്തിയുമുൾപ്പെടെ എല്ലാവരും ദുബായിൽ സ്ഥിരതാമസം. നാട്ടിൽ സ്വദേശം തൃശൂർ ആറാട്ടുപുഴ.
ടി.ജി.ബൈജുനാഥ്