മംഗളൂരു: എട്ടുവര്‍ഷത്തെ പ്രണയബന്ധം അവസാനിപ്പിച്ച യുവതിയെ റോഡില്‍ തടഞ്ഞുനിര്‍ത്തി കുത്തിക്കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കി.
ഉഡുപ്പി സ്വദേശിനി സൗമ്യശ്രീ (26)യാണ് കണ്ണില്ലാത്ത പ്രണയത്തിന്റെ പേരില്‍ കൊലക്കത്തിക്കിരയായത്.
സൗമ്യയെ കുത്തിവീഴ്ത്തിയതിനുശേഷം സ്വന്തം കഴുത്തു മുറിച്ച അലവൂര് രാംപുര സ്വദേശി സന്ദേശ് (28) ആശുപത്രിയില്‍ മരിച്ചു.
ഉഡുപ്പി സന്തേകാട്ടെ ദേശസാത്കൃത ബാങ്കില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററായി കരാർ അടിസ്ഥാനത്തില്‍ ജോലിചെയ്തുവരികയായിരുന്ന സൗമ്യശ്രീയും മെഡിക്കല്‍ ഷോപ്പിലെ കംപ്യൂട്ടര്‍ ഓപ്പറേറ്ററായ സന്ദേശും തമ്മില്‍ എട്ടുവര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇരുവരും വ്യത്യസ്ത ജാതിയില്‍പ്പെട്ടവരായതിനാല്‍ ഇവരുടെ പ്രണയത്തെ സൗമ്യയുടെ കുടുംബം എതിര്‍ത്തിരുന്നു.
സൗമ്യയുടെ പിതാവ് സുഖമില്ലാതെ കിടപ്പിലായതോടെ കുടുംബാംഗങ്ങളുടെ സമ്മര്‍ദത്തിനു വഴങ്ങി മറ്റൊരു വിവാഹത്തിന് യുവതി സമ്മതിക്കുകയായിരുന്നു.
സൗമ്യയുടെ വിവാഹനിശ്ചയം കഴിഞ്ഞതോടെ സന്ദേശ് ഇതിനെ ചോദ്യംചെയ്യുകയും ഇവര്‍ തമ്മില്‍ വേര്‍പിരിയുകയും ചെയ്തു.
തിങ്കളാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന സൗമ്യയെ പിന്തുടര്ന്ന് ബൈക്കിലെത്തിയ സന്ദേശ് ദേശീയപാതയില്‍ സന്തേക്കാട് പെട്രോള്‍ പമ്പിനടുത്തുവച്ച് തടഞ്ഞുനിര്‍ത്തുകയായിരുന്നു.
ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ ബാഗിലൊളിപ്പിച്ചുവച്ചിരുന്ന കത്തികൊണ്ട് യുവതിയെ കുത്തിവീഴ്ത്തി.