കൊച്ചി: ശബ്ദം ദാനമായി നൽകാൻ നിങ്ങൾക്കു മനസുണ്ടോ? ഉണ്ടെങ്കിൽ അതു വാങ്ങാൻ വോയ്സ് ബാങ്കുണ്ട്. ശബ്ദം ദാനമായി നൽകാനും കാഴ്ചയില്ലാത്തവരുടെ ജീവിതങ്ങൾക്കു കൂട്ടാകാനും അവസരമൊരുക്കി ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡും തൃക്കാക്കര ഭാരതമാതാ കോളജും.
കാഴ്ചയില്ലാത്തവർക്കായി വിവിധ പുസ്തകങ്ങൾ വായിച്ചു ശബ്ദലേഖനം ചെയ്തു വോയ്സ് ബാങ്കിലേക്കു നൽകുന്ന സംവിധാനമാണു ക്രമീകരിച്ചിട്ടുള്ളത്. പാഠപുസ്തകങ്ങൾ, നോവലുകൾ, കവിതകൾ എന്നിവയെല്ലാം വായിച്ചു റിക്കാർഡ ്ചെയ്തു ശബ്ദരൂപത്തിൽ നൽകാം. സ്വന്തം സ്മാർട്ട് ഫോണുകളിലോ കംപ്യൂട്ടറിലോ റിക്കാർഡ് ചെയ്ത് എംപി 3 ഫോർമാറ്റിലാണു വോയ്സ് ഫയൽ നൽകേണ്ടത്.
ഡിജിറ്റലി ആക്സസബിൾ ഇൻഫർമേഷൻ സിസ്റ്റം (ഡെയ്സി) സോഫ്റ്റ് വെയറിലൂടെയാണു വോയ്സ് ഫയലുകൾ കാഴ്ചപരിമിതർക്ക് എളുപ്പത്തിൽ ഉപയോഗിക്കാനാവുന്ന തരത്തിലേക്കു മാറ്റുന്നത്. ഇവർക്ക് വോയ്സ് ഫയൽ മൊബൈൽ ആപ്പിലൂടെയും കംപ്യൂട്ടറിലൂടെയും വായിക്കാനാകും.
ഒരു വാചകത്തിൽനിന്നു മറ്റൊരു വാചകത്തിലേക്കും ഒരു തലക്കെട്ടിൽനിന്നു മറ്റൊരു തലക്കെട്ടിലേക്കും ഒരു പേജിൽനിന്നു മറ്റേതു പേജിലേക്കും വളരെ പെട്ടെന്നു പോകാനുള്ള ക്രമീകരണം ഡെയ്സി സോഫ്റ്റ് വെയറിലൂടെ സാധിക്കും. ബുക്ക് മാർക്ക് ചെയ്തശേഷം ആ പോയിന്റുകൾ മാത്രം പിന്നീടു കേൾക്കാനാകും. കാഴ്ചയുള്ളയാൾ പുസ്തകം വായിക്കുന്നതുപോലെതന്നെ കാഴ്ചയില്ലാത്തയാളിനും അതു സാധിക്കുന്നതിനാണ് വോയ്സ് ബാങ്കും ഡെയ്സി സോഫ്റ്റ് വെയറും കോളജ് ലൈബ്രറിയിൽ സജ്ജമാക്കിയതെന്നു ഭാരതമാതാ കോളജ് മാനേജർ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പറഞ്ഞു.
വോയ്സ് ബാങ്കിലൂടെ ശബ്ദം നൽകാൻ തയാറായി നൂറുകണക്കിനു വിദ്യാർഥികളാണ് എത്തിയിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു.
മലയാളത്തിലെ പ്രശസ്തമായ നോവലുകൾ ഇതിനകം ഡെയ്സി സോഫ്റ്റ്വേറിലൂടെ കാഴ്ചപരിമിതർക്ക് ഉപയോഗിക്കാവുന്ന ഫോർമാറ്റിൽ തയാറാക്കിയിട്ടുണ്ട്. എം.ടിയുടെ മഞ്ഞ്, കാലം, നാലുകെട്ട്, രണ്ടാമൂഴം, തകഴിയുടെ കയർ എന്നിവയെല്ലാം കാഴ്ചയില്ലാത്തവർക്കും കേൾക്കാനും വായിക്കാനും ഇതിലൂടെ സാധിക്കും.
കോളജിലെ വിശാലമായ ലൈബ്രറിയുടെ ഒരു ഭാഗം ഇനി മുതൽ കാഴ്ചയില്ലാത്തവർക്കു പുസ്തകാനുഭവങ്ങൾ പകരുന്നതിനായി മാറ്റിവയ്ക്കും. ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡിന്റെ സഹകരണത്തോടെയാണു കോളജിൽ വോയ്സ് ബാങ്കും അനുബന്ധ സംവിധാനങ്ങളും ക്രമീകരിച്ചിട്ടുള്ളത്.
കാഴ്ചപരിമിതി നേരിടുന്ന കോളജ് വിദ്യാർഥികൾക്കൊപ്പം, സമാനസ്ഥിതിയിലുള്ള മറ്റുള്ളവർക്കും വോയ്സ് ബാങ്കിന്റെ സേവനം പ്രയോജനപ്പെടുത്താനാവും.
സിജോ പൈനാടത്ത്