വിസ്മയ കേസില്‍ നാളെ കോടതി വിധി പറയാനിരിക്കെ കേസിലെ പ്രധാന തെളിവായ ശബ്ദരേഖയുടെ പകര്‍പ്പ് പുറത്ത്.
ഭര്‍ത്താവ് കിരണ്‍ മര്‍ദിക്കുമെന്നും ഭര്‍തൃവീട്ടില്‍ താമസിക്കാനാകില്ലെന്നും അച്ഛനോടു വിസ്മയ കരഞ്ഞുപറയുന്ന ശബ്ദരേഖയാണ് പുറത്തു വന്നിരിക്കുന്നത്.
വിവാഹം കഴിഞ്ഞ് ഒന്‍പതാം ദിവസം വിസ്മയ അച്ഛനോടു സംസാരിച്ചതിന്റെ ശബ്ദരേഖയാണ് തെളിവായി നല്‍കിയത്.
‘എന്നെ ഇവിടെ നിര്‍ത്തിയിട്ടു പോവുകയാണെങ്കില്‍ ഞാന്‍ കാണത്തില്ല. അച്ഛന് നോക്കിക്കോ. എന്നെക്കൊണ്ട് പറ്റത്തില്ല. ഞാന്‍ എന്തേലും ചെയ്യും. എനിക്കു പേടിയാകുന്നു അച്ഛാ… എനിക്ക് അങ്ങോട്ടു വരണം. ഇവിടെ എന്നെ അടിക്കും, എനിക്ക് പേടിയാ… എന്നെക്കൊണ്ട് പറ്റൂലാ അച്ഛാ…’ എന്നാണ് ശബ്ദരേഖയില്‍ കേള്‍ക്കുന്നത്.
ഈ സമയത്ത് പിതാവ് ത്രിവിക്രമന്‍നായര്‍ വിസ്മയയെ ആശ്വസിപ്പിക്കുന്നതും വീട്ടിലേക്കു പോരൂ എന്നു പറയുന്നതും കേള്‍ക്കാം.
സ്ത്രീധന പീഡനത്തെത്തുടര്‍ന്നു നിലമേല്‍ സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതി തിങ്കളാഴ്ച വിധി പറയും.
ഭര്‍ത്താവ് കിരണ്കുമാറാണു കേസിലെ ഏക പ്രതി. ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകളാണു കിരണിനെതിരെ ചുമത്തിയത്.
സ്ത്രീധനം ആവശ്യപ്പെട്ടു ഭര്‍ത്താവ് വിസ്മയയെ ഉപദ്രവിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.
2021 ജൂണ്‍ 21നാണ് വിസ്മയയെ ശാസ്താംകോട്ട പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബിഎഎംഎസ് വിദ്യാര്‍ഥിനിയായിരുന്ന വിസ്മയയുടെ മരണത്തിനുപിന്നാലെ, അസി. മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.കിരണ്‍കുമാറിനെ അറസ്റ്റ് ചെയ്തു. ആദ്യം സര്‍വീസില്‍നിന്നു സസ്പെന്‍ഡ് ചെയ്ത ഇയാളെ പിന്നീട് പിരിച്ചുവിടുകയായിരുന്നു.