കോൽക്കത്ത: പൗരത്വ ഭേദഗതി ബില്ലിനെതിരായി മകൾ സന ഇൻസ്റ്റഗ്രാമിൽ രേഖപ്പെടുത്തിയ അഭിപ്രായത്തിൽ വിശദീകരണവുമായി ബിസിസിഐ പ്രസിഡൻറ് സൗരവ് ഗാംഗുലി. വിവാദങ്ങളിലേക്ക് മകളെ വലിച്ചിഴയ്ക്കരുതെന്ന് ഗാംഗുലി അഭ്യർഥിച്ചു.
മകൾക്കു രാഷ്ട്രീയം മനസിലാക്കാനുള്ള പ്രായം ആയില്ലെന്നും പോസ്റ്റ് സത്യമല്ലെന്നും ഗാംഗുലി പറഞ്ഞു. ഫാസിസിസ്റ്റ് ഭരണത്തിനെതിരെ എന്ന് തുടങ്ങിയായിരുന്നു സനയുടെ പോസ്റ്റ്. ഇത് ചർച്ച ആയതിനു പിന്നാലെയാണ് ഗാംഗുലിയുടെ പ്രതികരണം.
എഴുത്തുകാരൻ ഖുശ്വന്ത് സിംഗിന്റെ ’ഇന്ത്യയുടെ അവസാനം’ എന്ന പുസ്തകത്തിലെ ഭാഗങ്ങൾ ഉദ്ധരിച്ചായിരുന്നു സനയുടെ പോസ്റ്റ്. ഇത് വിവാദമായതോടെ കുറിപ്പ് പിൻവലിക്കുകയും ചെയ്തിരുന്നു. ഫാസിസ്റ്റ് ഭരണകൂടം പൗരൻമാരെ എങ്ങനെയാണ് നേരിടുക എന്ന് സനയുടെ കുറിപ്പിൽ പറഞ്ഞിരുന്നു.
ഇന്ന് നമ്മൾ പ്രതികരിച്ചില്ലെങ്കിൽ അടുത്ത ലക്ഷ്യം നമ്മളാകാമെന്നും അത് ചിലപ്പോൾ സ്ത്രീകളുടെ വസ്ത്രമാകാം, ജനങ്ങളുടെ ഭക്ഷണമാകാം, മദ്യമാകാം, വിദേശ സിനിമകൾ കാണുന്നവരെയാകാമെന്നുമെല്ലാം കുറിപ്പിൽ തുറന്നടിച്ചിരുന്നു. വിവാദമായതോടെ കുറിപ്പ് പെട്ടെന്ന് പിൻവലിക്കുകയും ചെയ്തു.