ചാഴൂർ: മഹാമാരിയുടെ ദുരിതകാലത്തു സഹജീവികൾക്കായി തന്നെക്കൊണ്ടാകുന്നത് ചെയ്ത സൗരവിന് ഇതു സായൂജ്യത്തിന്റെ നിമിഷം. തനിക്കു ലഭിച്ച ഭിന്നശേഷിക്കാർക്കുള്ള പെൻഷൻ തുകയിൽ നിന്നും 2000 രൂപയാണ് പതിനാലുകാരനായ സൗരവ് സജീവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയത്.
ചാഴൂർ ചുള്ളിപ്പറന്പിൽ സജീവന്റെയും ബീനയുടേയും മകനായ സൗരവ് അന്തിക്കാട് സാന്ത്വനം സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥിയാണ്. നിരന്തരം ടിവിയിൽ വാർത്തകൾ ശ്രദ്ധിക്കുന്ന സൗരവിന്റെ നിർബന്ധമായിരുന്നു കോവിഡ് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കുകയെന്നത്.
കോവിഡ് വാർത്തകൾ അസ്വസ്ഥമാക്കുന്പോഴെല്ലാം പ്രതിരോധത്തിനായി രാപകലില്ലാതെ പണിയെടുക്കുന്ന പോലീസുകാരേയും ആരോഗ്യപ്രവർത്തകരേയും കുറിച്ചാണ് സൗരവിന് ആശങ്ക. ഇത് സഹോദരങ്ങളോടും അമ്മയോടും അവൻ നിരന്തരം പങ്കുവെച്ചിരുന്നു.
അവരെ സഹായിക്കുന്നതിന്റെ ആദ്യപടിയായിട്ടാണ് തനിക്ക് ലഭിച്ച പെൻഷൻ തുക കൈമാറിയത്. അടുത്തതായി ആരോഗ്യപ്രവർത്തകർക്കും പോലീസുകാർക്കും തന്റെ ഉപഹാരം നൽകണമെന്ന് ഇളയച്ഛനുമായി ചട്ടം കെട്ടിയിരിക്കുകയാണ്.
ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായുള്ള കലോത്സവങ്ങളിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ സൗരവ് നേടിയിട്ടുണ്ട്.
കോവിഡ് 19 ദുരിതാശ്വാസ ഫണ്ടിലേക്കുള്ള സൗരവിന്റെ വിഹിതം ചാഴൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി കനകരാജ് ഏറ്റുവാങ്ങി. പഞ്ചായത്തംഗങ്ങളായ വി.വി. സുരേഷ്, ഷിനി രജിലാൽ, സൗരവിന്റെ പിതൃസഹോദരൻ സജീന്ദ്രൻ എന്നിവർ പങ്കെടുത്തു.