അവകാശങ്ങള്‍ക്കുവേണ്ടി പോരാടി വീരമൃത്യു വരിച്ച മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ അടുത്തറിയാവുന്നവര്‍ക്ക് ഒരിക്കലും വിശ്വസിക്കാന്‍ സാധിക്കാത്തതാണ് അവരുടെ മരണം. ഗൗരി ലങ്കേഷിനെക്കുറിച്ച് മുന്‍ ഭര്‍ത്താവും മാധ്യമപ്രവര്‍ത്തകനുമായ ചിദാനന്ദ രാജ്ഘട്ടയുടെ ഹൃദയസ്പര്‍ശിയായ ഓര്‍മ്മക്കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത്. സ്വര്‍ഗ്ഗവും നരകവും, മരണാനന്തരജീവിതവും ഭൂമിയില്‍ തന്നെയാണെന്ന് ഉറച്ച് വിശ്വസിച്ചിരുന്ന ഗൗരിയെക്കുറിച്ചാണ് മുന്‍ ഭര്‍ത്താവ് വാചാലനാകുന്നത്. അഞ്ചു വര്‍ഷത്തെ പ്രണയത്തിനും, അഞ്ചു വര്‍ഷത്തെ വിവാഹജീവിതത്തിനും ശേഷമാണ് 27 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇരുവരും വേര്‍പിരിയുന്നത്. വിശ്വാസങ്ങ ളോടും, ആചാരങ്ങളോടും യൗവനകാലത്ത് ഒരേപോലെ വിയോജിപ്പ് കാണിച്ച ഇവര്‍ വിവാഹമോചിതരായെങ്കിലും എക്കാലവും ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു.
ഇന്ത്യയിലെ യുക്തിവാദ പ്രസ്ഥാനത്തിന്റെ ജന്മസ്ഥലമായ നാഷണല്‍ കോളേജിലാണ് ഇരുവരും കണ്ടുമുട്ടുന്നത്. യുക്തിവാദ പ്രസ്ഥാനത്തില്‍ മുമ്പില്‍ നിന്ന് നയിച്ചിരുന്ന എച്ച് നരസിംഹ, അബ്രാഹം കോവൂര്‍ തുടങ്ങിയവരായിരുന്നു ഇവര്‍ക്ക് മാതൃകയായത്. എന്നിരിക്കെ കപടവിശ്വാസങ്ങളെയും, ആള്‍ദൈവങ്ങളെയും ചോദ്യം ചെയ്തിരുന്ന കൗമാരമായിരുന്നു ഇരുവരുടേതുമെന്നും ഓര്‍മ്മക്കുറിപ്പില്‍ പറയുന്നു. ‘കോളേജ് കാലത്ത് ഞാന്‍ പുകവലിച്ചിരുന്നു. അത് അവള്‍ക്ക് ഇഷ്ടമായിരുന്നില്ല. വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ ആ ശീലം ഉപേക്ഷിച്ചപ്പോള്‍ അവള്‍ പുകവലി തുടങ്ങിയിരുന്നു. പിന്നീട് അമേരിക്കയില്‍വെച്ച് എനിക്കു മുന്നില്‍ ഒരിക്കല്‍ ഒരേ മുറിയില്‍ അവള്‍ പുകവലിച്ചപ്പോള്‍ താന്‍ വിലക്കിയതായും മുന്‍ ഭര്‍ത്താവ് ഓര്‍മ്മിക്കുന്നു. വിവാഹമോചിതരായ ദിവസം ഞങ്ങള്‍ കൈകള്‍ കൂട്ടിപ്പിടിച്ച് അടുത്തു നിന്നു. നിങ്ങള്‍ക്കു നിങ്ങളുടേതായ വഴിയില്‍ പോകണമെങ്കില്‍ നിങ്ങള്‍ പിരിയുകയാണ് നല്ലതെന്ന് അഭിഭാഷകന്‍ ശബ്ദം താഴ്ത്തി അന്നു പറഞ്ഞു.
കോടതി നടപടികള്‍ കഴിഞ്ഞതിനു പിന്നാലെ ഞങ്ങള്‍ പുറത്തിറങ്ങി എംജി റോഡിലെ താജ് ടൗണില്‍ പോയി ഉച്ചഭക്ഷണം കഴിച്ചു. ഭക്ഷണത്തിനുശേഷം ചിരിച്ചുകൊണ്ട് ഞങ്ങള്‍ കൈകൊടുത്ത് പിരിയുകയായിരുന്നു. നിഷേധിയുടെ സ്വഭാവമായിരുന്നു അവള്‍ക്കെങ്കിലും തന്റെ മാതാപിതാക്കള്‍ക്ക് അവഴെ ഒരുപാട് ഇഷ്ടമായിരുന്നു. എന്റെ ആദ്യ പ്രണയം, എന്റെ സുഹൃത്ത്, എല്ലാത്തിനുമുപരി വിസമയിപ്പിക്കുന്ന തേജസ്സിന്റെ ആള്‍രൂപം എന്നിങ്ങനെ ഗൗരിയെ വിശേഷിപ്പിച്ചുകൊണ്ടാണ് മുന്‍ ഭര്‍ത്താവ് തന്റെ ഓര്‍മ്മക്കുറിപ്പ് അവസാനിപ്പിക്കുന്നത്.