പോർട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കൻ മണ്ണിൽ ചരിത്രംകുറിച്ച് കോഹ്ലിപ്പട. ദക്ഷിണാഫ്രിക്കയെ അവരുടെ മണ്ണിൽ 73 റണ്‍സിനു പരാജയപ്പെടുത്തി ഇന്ത്യ ആദ്യമായി ഏകദിന പരന്പര സ്വന്തമാക്കി. ഇന്ത്യ ഉയർത്തിയ 275 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 42.2 ഓവറിൽ 201 റണ്‍സിന് എല്ലാവരും പുറത്തായി. സെഞ്ചുറി കുറിച്ച രോഹിത് ശർമയുടെയും നാലു വിക്കറ്റ് നേടിയ കുൽദീപ് യാദവിന്റെയും പ്രകടനമാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. അഞ്ചാം മത്സരത്തിലെ ജയത്തോടെ 4-1 എന്ന നിലയിൽ ഇന്ത്യ പരന്പര സ്വന്തമാക്കി. പരന്പരയിൽ ഇനി ഒരു മത്സരംകൂടി അവശേഷിക്കുന്നു.
ഫോം കണ്ടെത്തി ഹിറ്റ്മാന്
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ 274 റണ്‍സിൽ ഒതുങ്ങി. രോഹിത് ശർമ(115)യുടെ സെഞ്ചുറി മികവിൽ കുതിച്ച ഇന്ത്യ പക്ഷേ, രോഹിത് പുറത്തായശേഷം ലുംഗി എൻഗിഡിയുടെ പേസിനു മുന്നിൽ തകരുകയായിരുന്നു.
രോഹിതും ധവാനും ചേർന്ന് ഇന്ത്യൻ ഇന്നിംഗ്സിനു മികച്ച തുടക്കം നൽകിയെങ്കിലും അമിതാവേശം ധവാനു വിനയായി. ഇന്ത്യൻ സ്കോർ 48ൽ റബാഡയുടെ പന്തിൽ പുൾഷോട്ടിനു ശ്രമിച്ച ധവാൻ(34) ഫെലുക്വോയ്ക്കു ക്യാച്ച് നൽകി മടങ്ങി. തുടർന്നെത്തിയ കോഹ്ലിയും രോഹിതും ചേർന്ന് ഇന്നിംഗ്സ് മുന്നോട്ടുനയിച്ചു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 105 റണ്‍സ് കൂട്ടിച്ചേർത്തപ്പോൾ രോഹിതുമായുള്ള ആശയക്കുഴപ്പത്തിൽ കോഹ്ലി(36) റണ്ണൗട്ടായി. പിന്നാലെ എത്തിയ രഹാനെ(8)യും രോഹിതുമായുണ്ടായ ആശയക്കുഴപ്പത്തിൽ വിക്കറ്റ് നഷ്ടപ്പെടുത്തി പവലിയനിലേക്കു മടങ്ങി.
ഇതിനുശേഷം ശ്രേയസ് അയ്യർക്കൊപ്പം ശ്രദ്ധയോടെ ബാറ്റു ചെയ്ത രോഹിത് 107 പന്തുകളിൽനിന്നു സെഞ്ചുറി തികച്ചു. നാലാം വിക്കറ്റിൽ സഖ്യം 60 റണ്‍സ് കൂട്ടിച്ചേർത്തപ്പോൾ രോഹിത്(115) എൻഗിഡിക്ക് ഇരയായി മടങ്ങി. നേരിട്ട ആദ്യ പന്തിൽ പുറത്തായി ഹാർദിക് പാണ്ഡ്യയും കരുത്ത് തെളിയിച്ചു. 30 റണ്‍സ് നേടി ശ്രേയസ് അയ്യരും 17 പന്തിൽ 13 റണ്‍സ് നേടി ധോണിയും മടങ്ങിയതോടെ 300 എന്ന സ്കോർ ഇന്ത്യയുടെ സ്വപ്നമായി അവശേഷിച്ചു.
എന്‍ഗിഡിക്കു മുന്നില്‍ മുട്ടിടിച്ച്
നാലു വിക്കറ്റ് വീഴ്ത്തിയ എൻഗിഡിയാണ് ഇന്ത്യയെ 300 ൽ എത്തുന്നതിൽനിന്നു തടഞ്ഞത്. കോഹ്ലിയുടെയും രഹാനെയുടെയും റണ്ണൗട്ടുകളും ഇന്ത്യൻ ഇന്നിംഗ്സിൽ നിർണായകമായി. രോഹിതിന്റെ 17-ാം ഏകദിന സെഞ്ചുറിയാണ് പോർട്ട് എലിസബത്തിൽ കുറിച്ചത്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ആദ്യമായാണ് രോഹിത് മൂന്നക്കം കടക്കുന്നത്.
പാണ്ഡ്യയുടെ ഡബിള്ഷോക്ക്
വിജയം ലക്ഷ്യമിട്ട് ബാറ്റിംഗിനിറങ്ങിയ ആതിഥേയർക്ക് ഓപ്പണർമാർ മികച്ച തുടക്കം നൽകി. സ്കോർ ബോർഡിൽ 52 റണ്‍സ് കൂട്ടിച്ചേർത്തപ്പോൾ നായകൻ എയ്ഡൻ മാർക്രം(32) പുറത്തായി. ജെ.പി.ഡുമിനി(1), എ.ബി.ഡിവില്ല്യേഴ്സ്(6) എന്നിവർ പിന്നാലെ മടങ്ങി. മാർക്രത്തെ ജസ്പ്രീത് ബുംറ വീഴ്ത്തിയപ്പോൾ ഡുമിനിയെയും ഡിവില്ല്യേഴ്സിനെയും ഹാർദിക് പാണ്ഡ്യ പുറത്താക്കി.
ഇതിനുശേഷം ഒത്തുചേർന്ന ഹാഷിം അംലയും ഡേവിഡ് മില്ലറും ഇന്നിംഗ്സ് മുന്നോട്ടുനയിച്ചെങ്കിലും സ്കോർ 127ൽ മില്ലറെ(36) വീഴ്ത്തി യുസ്വേന്ദ്ര ചാഹൽ ഇന്ത്യയെ മത്സരത്തിലേക്കു തിരികെകൊണ്ടുവന്നു. പിന്നാലെ അർധസെഞ്ചുറി തികച്ച അംല(71)യും മടങ്ങി. പുറത്താകുന്നതിനു മുന്‍പ് രണ്ടു തവണ അംലയെ ഇന്ത്യൻ ഫീൽഡർമാർ കൈവിടുകയും ഒരുതവണ എൽബി അപ്പീലിൽനിന്നു രക്ഷപ്പെടുകയും ചെയ്തിനുന്നു.
കുൽദീപിന്റെ കലാശക്കൊട്ട്
അംല പുറത്തായതിനുശേഷം എല്ലാം ചടങ്ങ് മാത്രമായിരുന്നു. വാലറ്റത്തെ പൂട്ടിക്കെട്ടി കുൽദീപ് യാദവ് ദക്ഷിണാഫ്രിക്കയെ പരാജയത്തിലേക്കു തള്ളിവിട്ടു. ഇടയ്ക്കു ഹെന്റിച്ച് ക്ലാസൻ(39) പൊരുതിനോക്കിയെങ്കിലും കുൽദീപിന്റെ കൈക്കുഴ സ്പിന്നിന് ഇരയായി. മോർക്കലിനെ വിക്കറ്റിനു മുന്നിൽ കുരുക്കി ചാഹൽ ആതിഥേയരുടെ പതനം പൂർത്തിയാക്കി. 57 റണ്‍സ് വഴങ്ങിയായിരുന്നു കുൽദീപിന്റെ നാലു വിക്കറ്റ് പ്രകടനം. ഹാർദിക് പാണ്ഡ്യ, യുസ്വേന്ദ്ര ചാഹൽ എന്നിവർ രണ്ടും ജസ്പ്രീത് ബുംറ ഒന്നും വിക്കറ്റ് നേടി.