കൊറോണയുടെ രണ്ടാംവരവില് ഏറ്റവും ദുരിതമനുഭവിച്ച രാജ്യങ്ങളില് ഒന്നാണ് ഇംഗ്ലണ്ട്. അതിവേഗ വ്യാപനമുള്ള ലണ്ടന്,കെന്റ് വകഭേദങ്ങള് ലോകത്തെയാകെ ആശങ്കയിലാഴ്ത്തിയിരുന്നു. എന്നാല് ഇതിലും മാരകമായ ദക്ഷിണാഫ്രിക്കന് വകഭേദമാണ് ഇപ്പോള് ബ്രിട്ടീഷുകാരുടെ ചങ്കിടിപ്പു കൂട്ടുന്നത്.
രാജ്യത്ത് ഇതിനോടകം എട്ടിടങ്ങളില് ദക്ഷിണാഫ്രിക്കന് വകദേഭം കണ്ടെത്തിക്കഴിഞ്ഞു. ഈ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിടങ്ങളില് വ്യാപക പരിശോധനയ്ക്കൊരുങ്ങുകയാണ് സര്ക്കാര്.
ഹെര്ട്ട്ഫോര്ഡ്ഷയര്, സറേ, കെന്റ്, വാള്സല്, സെഫ്ടോണ്, ലണ്ടന് ബറോകളായ മെര്ട്ടണ്, ഹാരിംഗേ, ഈലിങ് എന്നിവിടങ്ങളിലാണ് ഈ മാരകവൈറസിനെ കണ്ടെത്തിയത്. ഇതോടെ ഇവിടങ്ങളില് എല്ലാ വീടുകളിലും കയറി ആളുകളെ രോഗപരിശോധനക്ക് വിധേയരാക്കുവാനുള്ള നീക്കമാണ് ഇപ്പോള് നടക്കുന്നത്.
ഈ അതിതീവ്ര വൈറസിന്റെ വ്യാപനം തടയുവാനായി, ഇതിനെ ആദ്യം കണ്ടെത്തിയ ഹെര്ട്ട്ഫോര്ഡ്ഷയറില് വ്യാഴാഴ്ച്ച മുതല് രോഗ പരിശോധനായജ്ഞം ആരംഭിക്കും. പുതിയ ഇനം വൈറസിനെ കണ്ടെത്തിയ എട്ട് പോസ്റ്റ്കോഡ് ഏരിയകളിലായിരിക്കും രോഗപരിശോധന നടക്കുക.
ഡബ്ല്യൂ7, എന്17, സി ആര്4 എന്നീ ലണ്ടനിലെ പോസ്റ്റ് കോഡ് ഏരിയകളിലും, ഡബ്ല്യൂ എസ് 2 എന്ന വാള്സലിലെ പോസ്റ്റ് കോഡ് ഏരിയയിലും പരിശോധനകള് നടക്കും. രോഗപരിശോധന നടക്കുന്ന മറ്റ് പോസ്റ്റ് കോഡ് ഏരിയകള് കെന്റിലെ എം ഇ 15, ഹെര്ട്ട്ഫോര്ഡ്ഷയറിലെ ഇ എന് 10, സറേയിലെ ജി യു 21, ലങ്കാഷയറിലെ പി ആര് 9 എന്നിവയാണ്.
ഇതുവഴി ഏകദേശം 80,000 ത്തോളം മുതിര്ന്നവരെ അധികമായി പരിശോധിക്കും. ആവശ്യത്തിനുള്ള മൊബൈല് രോഗപരിശോധനാ കേന്ദ്രങ്ങള് സജ്ജീകരിച്ച് വീടുകളില് എത്തിയായിരിക്കും പരിശോധനകള്. ദക്ഷിണാഫ്രിക്കയില് ഉത്ഭവിച്ച വൈറസുകളുടെ രണ്ടാം തലമുറയോ മൂന്നാം തലമുറയോ ആകാം പുതിയ വൈറസുകളെന്ന് ശാസ്ത്രജ്ഞര് കരുതുന്നു.
കെന്റില് ആവിര്ഭവിച്ച പുതിയ ഇനം വൈറസ് പടര്ന്നതുപോലെ ഈ ഇനവും അതിവേഗം പടരാതിരിക്കാനാണ് ഇപ്പോള് വ്യാപകമായ രോഗപരിശോധന നടത്തുന്നത്. സ്പൈക്ക് പ്രോട്ടീനില് മ്യുട്ടേഷന് സംഭവിച്ചതിനാല് ഈ ഇനത്തിന് ആദ്യ കോറോണ ഇനങ്ങളേക്കാള് വേഗത്തില് വ്യാപിക്കാനാകും എന്നതാണ് ഇതിനെ കൂടുതല് ഭയക്കാന് ഒരു കാരണം.
മാത്രമല്ല, ജനിതകഘടനയില് വന്നമാറ്റം മൂലം വാക്സിന് ഒരുക്കുന്ന പ്രതിരോധത്തെ മറികടക്കുവാന് ഇതിന് കഴിയുമോ എന്ന ആശങ്കയും നിലനില്ക്കുന്നുണ്ട്. മാത്രമല്ല, ഒരിക്കല് രോഗം ബാധിച്ച് സുഖം പ്രാപിക്കുന്നവരുടെ രക്തത്തില് സ്വയം രൂപപ്പെടുന്ന ആന്റിബോഡികളേയും പ്രതിരോധിക്കാന് ഇവയ്ക്ക് കഴിഞ്ഞേക്കും എന്നും ശാസ്ത്രജ്ഞര് ആശങ്കപ്പെടുന്നുണ്ട്.