കയ്റോ: ഇസ്രേലി സേന തെക്കൻ ഗാസയിൽ പൂർണതോതിൽ കരയാക്രമണത്തിനൊരുങ്ങുന്നു. ടാങ്കുകൾ, കവചിതവാഹനങ്ങൾ, ബുൾഡോസറുകൾ എന്നിവയുമായി സേന തെക്കൻ ഗാസയിലെ ഖാൻ യൂനിസ് നഗരത്തെ സമീപിക്കുന്നതായാണ് റിപ്പോർട്ടുകൾ.
ഗാസയുടെ മധ്യ, തെക്കു ഭാഗത്തുള്ളവരോട് ഒഴിഞ്ഞുപോകാൻ വീണ്ടും നിർദേശിച്ചിട്ടുണ്ട്. ഹമാസ് ഭീകരർക്കെതിരായ കരയാക്രമണം ഗാസയിലുടനീളം വ്യാപിപ്പിക്കുന്നതായി ഇസ്രേലി സേനാ വക്താവ് ഡാനിയൽ ഹാഗാരി അറിയിച്ചു.
ഇസ്രേലി സേന ഹമാസ് ഭീകരരുമായി മുഖാമുഖം ഏറ്റുമുട്ടുന്നുണ്ട്. ഹമാസിന്റെ മുതിർന്ന നേതാക്കളായ യഹിയ സിൻവർ, മുഹമ്മദ് ദെയിഫ് മുതലായവർ ഖാൻ യൂനിസ് നഗരത്തിൽ ഒളിച്ചിരിക്കുന്നതായി ഇസ്രയേൽ സംശയിക്കുന്നു.
ഗാസയുടെ തെക്ക്, വടക്ക് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന സലാ അൽദിൻ റോഡ് ഇസ്രേലി സേനയുടെ നിയന്ത്രണത്തിലാണ്. റോഡിന്റെ തെക്കൻ ഭാഗത്ത് ഇസ്രേലി ടാങ്കുകൾ നിലയുറപ്പിച്ചതായും റോഡിലൂടെ വരുന്ന വാഹനങ്ങൾക്കു നേർക്ക് വെടിവയ്ക്കുന്നതായും പലസ്തീനികൾ പറഞ്ഞു.
സെൻട്രൽ ഗാസയിലെ 20 മേഖലകളിലുള്ളവർ ഒഴിഞ്ഞുപോകണമെന്നാണ് ഇസ്രേലി സേന നിർദേശിച്ചിരിക്കുന്നത്. ഇതിനിടെ, ഗാസാ ജനതയുടെ 75 ശതമാനം വരുന്ന 18 ലക്ഷം പേർ അഭയാർഥികളായെന്നും ഇനിയവർക്കു പോകാൻ സ്ഥലമില്ലെന്നും യുഎൻ വൃത്തങ്ങൾ പറഞ്ഞു.
അതേസമയം, ഇസ്രയേൽ ആരെയും അഭയാർഥികളാക്കാൻ ശ്രമിക്കുന്നില്ലെന്ന് സൈനിക വക്താവ് ജോനാഥൻ കോൺറിക്കസ് അറിയിച്ചു.
ഒരോ പത്തു മിനിട്ടിലും ബോംബാക്രമണം നടക്കുന്നുവെന്നും ഗാസയിലെ കുട്ടികൾ നേരിടുന്ന ഭീകരത വിവരിക്കാൻ വാക്കുകൾ ഇല്ലാതായെന്നും യുണിസെഫ് വക്താവ് ജയിംസ് എൽഡർ പറഞ്ഞു.
ഗാസയിൽ മൂന്ന് സൈനികർകൂടി കൊല്ലപ്പെട്ടതായി ഇസ്രേലി സേന അറിയിച്ചു. ഹമാസിനെതിരേ യുദ്ധം ആരംഭിച്ചശേഷം മരിച്ച ഇസ്രേലി സൈനികരുടെ എണ്ണം 75 ആയി.