മുംബൈ: സൗത്ത് ഇന്ത്യൻ ബാങ്കിന് എൻപിസിഐ ഏർപ്പെടുത്തിയ 2016ലെ നാഷണൽ പേയ്മെന്റ്സ് എക്സലൻസ് പുരസ്കാരം ലഭിച്ചു. റുപേ പ്ലാറ്റ്ഫോമിലുള്ള ബാങ്കിന്റെ സംഭാവനകളും പ്രവർത്തനങ്ങളുമാണു പുരസ്കാരത്തിനു പരിഗണിച്ചത്.
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സീനിയർ ജനറൽ മാനേജർ ബോബി ജെയിംസ്, ഡിജിഎം (ഐടി) എ. സോണി എന്നിവർ ആർബിഐ ഡെപ്യൂട്ടി ഗവർണർ എൻ.എസ്. വിശ്വനാഥനിൽനിന്നു പുരസ്കാരം ഏറ്റുവാങ്ങി. മുബൈയിൽ നടന്ന ചടങ്ങിൽ എൻപിസിഐ നോണ്‍ എക്സിക്യുട്ടീവ് ചെയർമാൻ എം. ബാലചന്ദ്രൻ, എൻപിസിഐ എംഡി ആൻഡ് സിഇഒ എ.പി. ഹോട്ട എന്നിവർ പങ്കെടുത്തു.
റുപേ പ്ലാറ്റ്ഫോമിലുള്ള ക്ലാസിക്, പ്ലാറ്റിനം കാർഡുകൾ പുറത്തിറക്കിയതും റുപേ പ്രീപെയ്ഡ് കാർഡുകൾ, ഗ്രീൻ പിൻ സൗകര്യം തുടങ്ങിയവ അവതരിപ്പിച്ചതും രംഗത്തെ പ്രവർത്തനമികവുമാണു സൗത്ത് ഇന്ത്യൻ ബാങ്കിനെ പുരസ്കാരത്തിന് അർഹരാക്കിയത്.
എൻപിസിഐ ഉത്പന്നങ്ങളായ എൻഎഫ്എസ്, ഐഎംപിഎസ്, റുപേ, എഇപിഎസ്, സിടിഎസ്, എൻഎസിഎച്ച് എന്നിവയ്ക്കായി 2014ലാണ് നാഷണൽ പേയ്മെന്റ്സ് എക്സലൻസ് പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത്.