ലോകശക്തി എന്നറിയപ്പെട്ടിരുന്ന അമേരിക്ക ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങളുടെ പേടിസ്വപ്‌നമായി മാറിയിരിക്കുകയാണ് ഉത്തരകൊറിയയും അവിടുത്തെ ഏകാധിപതിയായി വാഴുന്ന കിം ജോംഗ് ഉന്നും. വന്‍ പ്രഹരശേഷിയുള്ള അണ്വായുധങ്ങളും സാങ്കേതിക വിദ്യകളും തങ്ങളുടെ ശേഖരത്തിലുണ്ടെന്നാണ് ഉത്തരകൊറിയ അവകാശപ്പെടുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വീമ്പുപറയുന്ന ഉത്തരകൊറിയയുടെ യഥാര്‍ത്ഥ അവസ്ഥ എന്താണെന്ന് ആര്‍ക്കും വ്യക്തമായി അറിയില്ല. അറിയാന്‍ എത്തുന്നവരെ റിപ്പോര്‍ട്ട് ചെയ്യാനും സമ്മതിക്കില്ല.
എന്നാല്‍ അമേരിക്ക ഉള്‍പ്പടെയുള്ള ലോകശക്തികളെ വിറപ്പിച്ചുനിര്‍ത്തുന്ന ഉത്തരകൊറിയയിലെ ജീവിതം അതീവ ദയനീയം എന്നാണ് വിവിധ സ്രോതസ്സുകളില്‍ നിന്ന് അറിയാന്‍ കഴിയുന്നത്. എടിഎമ്മുകള്‍ ഇല്ലാത്ത ഒരു രാജ്യാന്തര വിമാനത്താവളമാണ് ഉത്തരകൊറിയയിലുള്ളത് എന്ന് പറയുമ്പോള്‍ തന്നെ മനസിലാക്കാവുന്നതേയുള്ളു ഉത്തരകൊറിയയുടെ യഥാര്‍ത്ഥ അവസ്ഥ. ആകെയുള്ള രണ്ട് എടിഎമ്മുകള്‍ പോലും പ്രവര്‍ത്തിക്കാത്ത ഗതികേടിലാണ് ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്യാങിലെ വിമാനത്താവളം. ചൈനീസ് അധികൃതര്‍ അനുമതി നല്‍കാത്തതിനാലാണ് എടിഎമ്മുകള്‍ പ്രവര്‍ത്തനരഹിതമായതെന്നാണ് ബാങ്കിന്റെ വിശദീകരണം. ലോകത്തെ മറ്റു രാജ്യങ്ങളുമായി പരമാവധി ഒറ്റപ്പെട്ടു കഴിയുന്ന ഉത്തരകൊറിയയുടെ പ്രധാന കച്ചവട പങ്കാളി ചൈനയാണ്.
ചൈനയില്‍ നിന്നുള്ള ബിസിനസുകാര്‍ക്ക് വേണ്ടിയാണ് ഉത്തരകൊറിയന്‍ തലസ്ഥാനത്തെ സുനാന്‍ വിമാനത്താവളത്തില്‍ എടിഎമ്മുകള്‍ സ്ഥാപിച്ചതും. എടിഎമ്മുകളുടെ പ്രവര്‍ത്തനം വിശദീകരിക്കുന്ന വിഡിയോ വാളും സജ്ജീകരിച്ചിരുന്നു. വലിയ തോതിലുള്ള പ്രചാരം ഉത്തരകൊറിയയില്‍ എടിഎമ്മുകള്‍ക്ക് ലഭിച്ചിട്ടില്ല. ഇതിന് പുറമെ വിമാനത്താവളത്തില്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച എടിഎം ഇപ്പോഴും ‘പരീക്ഷണഘട്ട’ത്തിലാണെന്നാണ് ബാങ്ക് അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ചൈനീസ് അധികൃതര്‍ അനുമതി റദ്ദാക്കിയതാണ് യഥാര്‍ഥ പ്രതിസന്ധിക്ക് കാരണമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. ഇക്കാര്യം സ്ഥിരീകരിക്കാന്‍ ചൈനീസ് അധികൃതര്‍ തയ്യാറായിട്ടില്ല. ഉത്തരകൊറിയയില്‍ നിന്നുള്ള കല്‍ക്കരി ഇറക്കുമതി കഴിഞ്ഞ ഫെബ്രുവരിയില്‍ ചൈന റദ്ദാക്കിയിരുന്നു. എന്നാല്‍ ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ അളവുകോലായി വിലയിരുത്താനാകുകയുമില്ല്. എന്തായാലും സ്വന്തം കണ്ണിലെ തടിക്കഷണം എടുത്തുകളഞ്ഞിട്ട് പോരേ മറ്റുള്ളവന്റെ കണ്ണിലെ കരടെടുത്ത് കളയാന്‍ എന്ന ചോദ്യമെ ഇപ്പോള്‍ ഉത്തരകൊറിയ അര്‍ഹിക്കുന്നുള്ളു.