2011ല്‍ കിം ജോങ് ഉന്‍ അധികാരത്തിലെത്തിയതോടെയാണ് അതുവരെ മരവിച്ചിരുന്ന ഉത്തരകൊറിയയുടെ ആണവപദ്ധതി പൂര്‍വ്വാധികം ശക്തിപ്രാപിക്കുന്നത്. ദക്ഷിണ കൊറിയയിലും ജപ്പാനിലും യുഎസ് സൈനിക താവളങ്ങളിലുമെല്ലാം എത്താന്‍ ശേഷിയുള്ള നിരവധി മിസൈലുകള്‍ കിം ജോങ് ഉന്‍ പരീക്ഷിച്ചിരുന്നു. അമേരിക്ക വരെയെത്തുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ ഉത്തരകൊറിയ വികസിപ്പിക്കുന്നു എന്നതാണ് ഇപ്പോള്‍ അമേരിക്കയെ ചൊടിപ്പിച്ചിരിക്കുന്നത്.
ഗ്രേ ഈഗിള്‍ എന്ന പേരിലുള്ള ഡ്രോണുകളാണ് ഹെല്‍ഫെയര്‍ മിസൈല്‍ വാഹികളായി അമേരിക്ക കണ്ടുപിടിച്ചിരിക്കുന്നത്. ഉത്തരകൊറിയ കഴിഞ്ഞയാഴ്ച നാല് മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയതും അമേരിക്കയെ ചൊടിപ്പിച്ചിരുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടെല്ലേഴ്സണിന്റെ മേഖലയിലെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് സൈനികശേഷി വര്‍ധിപ്പിക്കുന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്. ഉത്തരകൊറിയയുടെ ആണവമിസൈല്‍ പദ്ധതിക്കെതിരായ മറുപടിയായും യുഎസ് തങ്ങളുടെ പുതിയ നീക്കത്തെ വിശേഷിപ്പിക്കുന്നു. മിസൈലിന്റെ മുനയില്‍ വരെ ആണവായുധം ഘടിപ്പിക്കാനുള്ള ശേഷി തങ്ങള്‍ കൈവരിച്ചെന്നാണ് ഉത്തരകൊറിയയുടെ അവകാശവാദം.
അമേരിക്കയുടെ പുതിയ ഡ്രോണുകള്‍ മിസൈലുകള്‍ വഹിക്കില്ലെന്ന് വ്യക്തമാക്കിയില്ലെങ്കില്‍ മേഖലയില്‍ യുദ്ധസമാന സാഹചര്യമായിരിക്കും ഉണ്ടാവുകയെന്നാണ് ഉത്തരകൊറിയന്‍ വിഷയത്തിലെ വിദഗ്ധനായ ജെഫ്രി ലൂയിസ് ഇക്കാര്യത്തില്‍ അഭിപ്രായപ്പെട്ടത്. ‘ഏത് നിമിഷവും തങ്ങളുടെ നേതാവ് കിം ജോങ് ഉന്നിനെ ശത്രുരാജ്യങ്ങള്‍ വധിക്കുമെന്ന് ഉത്തരകൊറിയ ഭയക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ അണ്വായുധങ്ങളുടെ പ്രയോഗം അടക്കമുള്ള വിഷയങ്ങളുടെ തീരുമാനം ആരുടെകയ്യിലെത്തുമെന്ന് ഉറപ്പിക്കാനാവില്ല. ഇത് ഉത്തരകൊറിയ ആദ്യം അണ്വായുധം പ്രയോഗിക്കാനുള്ള സാധ്യതയിലേക്കാണ് കാര്യങ്ങളെ എത്തിക്കുക’ ജെഫ്രി ലൂയിസ് പറയുന്നു. യുദ്ധം ഉറപ്പിച്ചാല്‍ ആദ്യം അണ്വായുധം പ്രയോഗിക്കാന്‍ ഉത്തരകൊറിയ മടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.