സോള്‍: രണ്ടു കൊറിയകളില്‍ ഉത്തര കൊറിയയെ യുദ്ധപ്രിയരെന്നും ദക്ഷിണകൊറിയയെ സമാധാനപ്രിയരെന്നുമാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ കില്ലര്‍ റോബോട്ടുകളെ നിര്‍മിക്കാനുള്ള നീക്കത്തിലൂടെ ദക്ഷിണ കൊറിയ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ദി ഗാര്‍ഡിയന്‍ അടക്കമുള്ള പത്രങ്ങളാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. കൊറിയ അഡ്വാന്‍സ്ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയാണ് ഈ നിര്‍മ്മാണത്തിന് പിന്നില്‍. വ്യോമ, കര, ജല മാര്‍ഗ്ഗം അക്രമണം നടത്താന്‍ കഴിയുന്ന യുദ്ധ യന്ത്രങ്ങളാണ് വികസിപ്പിക്കുന്നത്. ഇതിന് ആവശ്യമായ സാങ്കേതിക വിദ്യ കെഎഐഎസ്ടി സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(കൃത്രിമബുദ്ധി) അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നവയാണ് ഈ കൊലയാളി റോബോട്ടുകള്‍. ഹന്‍വ സിസ്റ്റംസാണ് നിര്‍മിത ബുദ്ധി നിര്‍മ്മാണത്തില്‍ ദക്ഷിണ കൊറിയയെ സഹായിക്കുന്നത്. ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള ആയുധ നിര്‍മാതാക്കളാണ് ഹന്‍വ സിസ്റ്റംസ്. എന്നാല്‍ കില്ലര്‍ റോബട്ടുകളെ സൃഷ്ടിക്കുകയല്ല തങ്ങളുടെ ലക്ഷ്യമെന്നും അത്തരത്തില്‍ മനുഷ്യന് ദോഷകരമായ യാതൊന്നും തങ്ങള്‍ ചെയ്യില്ലെന്നുമാണ് ദക്ഷിണ കൊറിയയുടെ വാദം. പ്രധാനമായും ഉത്തര കൊറിയയുടെ ആണവ യുദ്ധ ഭീഷണിയാണ് ദക്ഷിണ കൊറിയയെ ഇതിന് പ്രേരിപ്പിക്കുന്നത് എന്നും വാദമുണ്ട്.
എന്നാല്‍ ഹോളിവുഡ് ചിത്രങ്ങള്‍ പോലെ ഇത്തരം കൊലയാളി യന്ത്രങ്ങള്‍ മനുഷ്യന് മുകളില്‍ ആധിപത്യം നേടുമെന്ന വാദം ശാസ്ത്രലോകത്ത് ശക്തമാണ്. അതേ സമയം 30 രാജ്യങ്ങളില്‍ നിന്നു ഗവേഷണത്തിനു വേണ്ടി ദക്ഷിണ കൊറിയയിലെത്തിയ 57 വിദഗ്ധര്‍ കൊറിയുടെ ഈ പദ്ധതിയില്‍ നിന്ന് പിന്മാറി. ഇവരില്‍ നിന്നാണ് ദക്ഷിണകൊറിയയുടെ ഭീകരമായ സൈനിക പദ്ധതി പുറംലോകം അറിഞ്ഞത്. ഒരിക്കല്‍ ആരംഭിച്ചാല്‍ അതുണ്ടാക്കുന്ന നശീകരണം തടയാന്‍ നിര്‍മാതാക്കള്‍ക്കു പോലും സാധിക്കില്ലെന്നാണ് ഈ ഗവേഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്.