മുംബൈയില്‍ വച്ച് ലൈവ് സ്ട്രീമിംഗ് ചെയ്യുന്നതിനിടെ യൂട്യൂബറായ ദക്ഷിണകൊറിയന്‍ യുവതിയ്ക്ക് രണ്ട് യുവാക്കളില്‍ നിന്ന് അതിക്രമം നേരിട്ട സംഭവം ഏവരെയും ഞെട്ടിച്ചിരുന്നു.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോഴിതാ തന്റെ ദുരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ഈ യുവതി.
ചൊവ്വാഴ്ച രാത്രിയാണ് മുംബൈയിലെ ഒരു തെരുവില്‍ രണ്ട് യുവാക്കള്‍ വ്ളോഗറോട് മോശമായി പെരുമാറിയത്. ലൈവ് സ്ട്രീമിങിനിടെ പകര്‍ത്തിയ വീഡിയോ വളരെ വേഗം വൈറലായി. തുടര്‍ന്ന് രണ്ട് യുവാക്കളേയും പോലീസ് പിടികൂടി.
ലൈവ് സ്ട്രീമിങിനിടെ ഒരു യുവാവ് തന്നെ ഉപദ്രവിച്ചുവെന്നും പ്രശ്നം വഷളാവാതിരിക്കാന്‍ അവിടെനിന്ന് പോവുകയായിരുന്നുവെന്നും യൂട്യൂബര്‍ ട്വിറ്ററില്‍ കുറിച്ചു.
അതേസമയം സൗഹാര്‍ദപരമായി ഇടപെട്ട് സംസാരിച്ച താനാണ് പ്രശ്നത്തിന് കാരണമെന്ന നിലയില്‍ ആളുകള്‍ പറയുന്നുണ്ടെന്നും യൂട്യൂബര്‍ തന്റെ ട്വീറ്റില്‍ പറഞ്ഞു.
യുവതിയുടെ വാക്കുകള്‍ ഇങ്ങനെ…ഞാന്‍ ഇന്ത്യയിലെ എന്റെ അനുഭവങ്ങള്‍ ലൈവ് സ്ട്രീം ചെയ്യന്നതിനിടെയാണ് ഇത് സംഭവിച്ചത്. ഞാന്‍ ആദ്യമായാണിവിടെ.
ഞാന്‍ എന്റെ ഹോട്ടലിലേക്ക് പോവും വഴി ഏകദേശം രാത്രി 11.15 ഓടെയാണ് സംഭവമുണ്ടായത്. തെരുവുകളുടെയും അവിടുത്തെ ആളുകളുടെ ജീവിതവും ലൈവ് സ്ട്രീമിങില്‍ പകര്‍ത്തുകയായിരുന്നു ഞാന്‍.
അതിനിടെ കുറച്ച് യുവാക്കള്‍ വന്നു. അവര്‍ എന്നോട് സംസാരിക്കാന്‍ വരികയാണെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ അവര്‍ ‘ഐ ലവ് യൂ’ എന്നാണ് എന്നോട് പറഞ്ഞത്.
ഞാന്‍ അധികം ഇടപെടാന്‍ ശ്രമിച്ചില്ല. അപ്പോള്‍ അവരെന്നെ തൊടാനും ഉമ്മവെക്കാനും ശ്രമിച്ചു. ഞാന്‍ വളരെ അസ്വസ്ഥയായിരുന്നു. എങ്കിലും ഞാന്‍ സാഹചര്യം കൂടുതല്‍ വഷളാക്കാന്‍ ആഗ്രഹിച്ചില്ല.
അവരെ എതിര്‍ക്കാന്‍ നില്‍ക്കാതെ അവിടെ നിന്നും പോവാന്‍ ഞാന്‍ ആഗ്രഹിച്ചു. ഞാന്‍ അക്രമാസക്തയായി പ്രശ്നം ഗുരുതരമാക്കാന്‍ ആഗ്രഹിച്ചില്ല.’ യൂട്യൂബര്‍ പറഞ്ഞു.
ഒരു വിദേശ രാജ്യത്ത് എങ്ങനെയാണ് പോലീസിനെ സമീപിക്കുകയെന്നോ നിയമങ്ങളെങ്ങനെയാണെന്നോ എനിക്ക് അറിയാത്തതുകൊണ്ട് പോലീസില്‍ പരാതിപ്പെടാനായില്ലെന്നും പിന്നീട് സുഹൃത്തുക്കളുടെ സഹായത്തോടെ വീഡിയോ ട്വിറ്ററില്‍ പങ്കുവെക്കുകയായിരുന്നുവെന്നും യൂട്യൂബര്‍ പറഞ്ഞു.
അതേസമയം താന്‍ ഇന്ത്യ ഇഷ്ടപ്പെടുന്നുവെന്നും ഒരുപാട് നല്ലയാളുകളെ ഇവിടെ കണ്ടുവെന്നും യൂട്യൂബര്‍ പറഞ്ഞു. ഇന്ത്യ സുരക്ഷിതമല്ലെന്ന് പറയുന്ന ഒരുപാട് പേരെ എനിക്കറിയാം.
ഇത് ദൗര്‍ഭാഗ്യകരമാണെങ്കിലും, ഇപ്പോഴും ഞാന്‍ ഇന്ത്യയെ അനുഭവിച്ചറിയാന്‍ ആഗ്രഹിക്കുന്നുവെന്നും യാത്ര തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ മൊബീന്‍ ചന്ദ് മുഹമ്മദ് ഷെയ്ഖ്, മുഹമ്മദ് നഖീബ് സാദ്രീആലം അന്‍സാരി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.