പ്യോഗ്യാംഗ്: റഷ്യൻ പ്രതിരോധമന്ത്രി സെർഗി ഷോയ്ഗുവിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഉത്തരകൊറിയ സന്ദർശിക്കുന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്രനയ കമ്മിറ്റി അംഗമായ ലി ഹാംഗ്ഷോംഗിന്റെ നേതൃത്വത്തിലുള്ള സംഘവും ഇന്നലെ ഉത്തരകൊറിയയിലെത്തിയിട്ടുണ്ട്.
കൊറിയൻ യുദ്ധം അവസാനിച്ചതിന്റെ 70-ാം വാർഷികാഘോഷത്തിൽ പങ്കെടുക്കലാണു ലക്ഷ്യം. യുഎസ് വിരുദ്ധ ചേരിയിലുള്ള മൂന്നു രാജ്യങ്ങളും തമ്മിൽ പ്രതിരോധ സഹകരണം ശക്തമാക്കുന്ന കൂടിക്കാഴ്ചകൾ നടന്നേക്കും.
കോവിഡ് വ്യാപനത്തിനുശേഷം ആദ്യമായിട്ടാണ് മറ്റു രാജ്യങ്ങളിൽനിന്നുള്ള ഉന്നതതല സംഘം ഉത്തരകൊറിയയിലെത്തുന്നത്. ഉത്തരകൊറിയ കോവിഡ് നിയന്ത്രണങ്ങൾ അവസാനിപ്പിച്ചതിന്റെ സൂചനയാകാമിത്.
1950 മുതൽ 1953 വരെ ദക്ഷിണകൊറിയയും ഉത്തരകൊറിയയും തമ്മിൽ നടന്ന യുദ്ധത്തിൽ ഉത്തരകൊറിയയ്ക്ക് സോവ്യറ്റ് യൂണിയന്റെയും ചൈനയുടെയും പിന്തുണയുണ്ടായിരുന്നു. യുക്രെയ്ൻ യുദ്ധത്തിൽ ഉത്തരകൊറിയ റഷ്യയ്ക്ക് ആയുധങ്ങൾ നല്കി സഹായിക്കുന്നതായി അമേരിക്ക ആരോപിക്കുന്നുണ്ട്.