ജൊഹന്നാസ്ബര്‍ഗ്: മഴയും ഭാഗ്യവും ദക്ഷിണാഫ്രിക്കയെ ഇന്ത്യക്കെതിരേയുള്ള ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ തുണച്ചു. കൂടാതെ ഡേവിഡ് മില്ലർക്ക് രണ്ടു തവണ ലഭിച്ച ജീവനും. പിന്നെ പിങ്ക് ജഴ്സി ഒരുക്കിയ ഭാഗ്യവും ദക്ഷിണാഫ്രിക്കയെ പരമ്പരയില്‍ നിലനിര്‍ത്താന്‍ സഹായിച്ചു.
പിങ്ക് ജഴ്സിയില്‍ ദക്ഷിണാഫ്രിക്ക ഇതുവരെ തോറ്റിട്ടില്ല. 50 ഓവര്‍ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗിനിടെ കടന്നുവന്ന മഴയെത്തുടര്‍ന്ന് ഡക്ക്വര്‍ത്ത് ലൂയിസ് നിയമമനുസരിച്ച് മത്സരം ട്വന്റി 20 ശൈലിയിലേക്കു മാറി. ഈ മാറ്റം ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്മാർക്കു ഗുണം ചെയ്തു. ആറു മത്സരങ്ങളുടെ പരമ്പരയില്‍ രണ്ടു മത്സരംകൂടി ശേഷിക്കേ നാലാം മത്സരം ജയിച്ച ദക്ഷിണാഫ്രിക്ക പരമ്പര വേഗം അടിയറവുവയ്ക്കാനില്ലെന്നു വെളിപ്പെടുത്തി. പരമ്പരയില്‍ ഇന്ത്യ 3-1ന് മുന്നിലാണ്. നാളെയാണ് അഞ്ചാം ഏകദിനം.
50 ഓവറില്‍ 290 റണ്‍സ് ലക്ഷ്യമിട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ ഒരു വിക്കറ്റിന് 43ലെത്തിയപ്പോള്‍ മഴയും ഇടിമിന്നലുമെത്തി. അന്തരീക്ഷം തെളിഞ്ഞപ്പോള്‍ കളിയുടെ കണക്കുകള്‍ മാറി. ജയിക്കാൻ 28 ഓവറിൽ 202 റൺസ്. ഓവറും സ്കോറും പുനര്‍നിര്‍ണയിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഇനി ജയിക്കാന്‍ വേണ്ടത് 124 പന്തില്‍ 159 റണ്‍സ്. എ.ബി. ഡിവില്യേഴ്സ്, ഡേവിഡ് മില്ലര്‍ എന്നിവരെപോലെയുള്ള വെടിക്കെട്ട് ബാറ്റ്സ്മാന്മാര് ഇറങ്ങാനുള്ള സ്ഥിതിക്ക് ഈ സ്കോര്‍ ചെറുതായിരുന്നു.
എന്നാല്‍ ഹെൻറിച്ച് ക്ലാസനും ആന്‍ഡില്‍ ഫെലുക്വായോ എന്നിവരുടെ വേഗമേറിയ സ്കോറിംഗും ചേര്‍ന്നപ്പോള്‍ ജയം ആതിഥയേര്ക്കൊപ്പം നിന്നു. കഴിഞ്ഞ മൂന്നു മത്സരങ്ങളില്‍ ഇന്ത്യക്കു വിജയം ഒരുക്കിയ യുസ്വേന്ദ്ര ചാഹലിനും കുല്‍ദീപ് യാദവിനും മഴ പെയ്ത അന്തരീക്ഷത്തില്‍ പന്തിലുള്ള പിടിയും അയഞ്ഞു. ഇതോടെ ആതിഥേയരുടെ ബാറ്റസ്മാന്മാര് അനായാസം 15 പന്ത് ബാക്കിയിരിക്കേ അഞ്ചു വിക്കറ്റ് മാത്രം നഷ്ടമാക്കി ലക്ഷ്യം കടന്നു. 27 പന്തില്‍ ഒരു സിക്സിന്റെ അഞ്ചു ഫോറിന്റെയും അകമ്പടിയില്‍ 43 റണ്‍സ് നേടിയ വിക്കറ്റ്കീപ്പര്‍ ക്ലാസനാണ് മാന്‍ ഓഫ് ദ മാച്ച്.
ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷകള്‍ ഡിവില്യേഴ്സിലായിരുന്നു. കളി തുടങ്ങി പെട്ടെന്നുതന്നെ ഹഷിം അംലയെയും (33), ജെ.പി. ഡുമിനിയെയും (10) വേഗം നഷ്ടമായി. എന്നാല്‍ ഡിവില്യേഴ്സിന്റെ (18 പന്തില്‍ 26) തകര്‍പ്പന്‍ ബാറ്റിംഗ് റണ്‍സ് ചേസ് ചെയ്യാന്‍ എളുപ്പമാണെന്ന് തെളിയിച്ചു. രണ്ടു സിക്സും ഒരു ഫോറും പായിച്ച് ഇന്ത്യൻ ബൗളര്‍മാരെ വെല്ലുവിളിച്ച ഡിവില്യേഴ്സ് പുറത്താകുമ്പോള്‍ ജയിക്കാന്‍ 67 പന്തില്‍ 100 റണ്‍സ് എന്ന നിലയിലായിരുന്നു.
പിന്നാലെയെത്തിയ ക്ലാസന് മില്ലര്‍ക്കൊപ്പം ചേര്‍ന്ന് ഡിവില്യേഴ്സ് ഇട്ടുകൊടുത്ത ആവേശം മുതലാക്കി. മില്ലര്ക്കാണെങ്കില് ഭാഗ്യവും തുണച്ചു. ചാഹലിന്റെ രണ്ടു പന്തുകളില്‍ മില്ലര്‍ക്ക് ജീവന് ലഭിച്ചു. സ്വന്തം സ്കോര്‍ ആറില്‍ നില്‍ക്കേ ശ്രേയസ് അയ്യര്‍ ക്യാച്ച് വിട്ടുകളഞ്ഞു. ഏഴിലെത്തിയപ്പോള്‍ സ്വീപ്പ് ചെയ്യാന്‍ ശ്രമിച്ച് ക്ലീന്‍ബൗള്‍ഡായത് നോബോളുമായി. ഈ ഭാഗ്യം മുതലാക്കിയ മില്ലര്‍ രണ്ടു സിക്സും നാലു ഫോറും സഹിതം 28 പന്തില്‍ 39 റണ്‍സ് നേടി ടീമിനെ വിജയത്തിനടുത്തെത്തിച്ചു.
അവസരം നഷ്ടമാക്കി
ക്യാച്ച് നഷ്ടമാക്കിയതും നോബോളായതുമാണ് കളിയില്‍ മാറ്റമുണ്ടാക്കിയതെന്ന് ശിഖര്‍ ധവാന് പറഞ്ഞു. ഇതോടെ സാഹചര്യം മാറി. മില്ലര്‍ പുറത്തായിരുന്നെങ്കില്‍ തങ്ങള്‍ക്ക് അനുകൂലമാകുമായിരുന്നുവെന്ന് ധവാന് പറഞ്ഞു. മഴയും കളിയില്‍ മാറ്റമുണ്ടാക്കി. സ്പിന്നര്‍മാര്‍ക്ക് പന്തിലുള്ള ടേണും ഗ്രിപ്പും നഷ്ടമായി. പന്ത് നനഞ്ഞതിനാല്‍ സ്പിന്നര്‍മാര്‍ക്ക് പന്ത് വേണ്ടവിധം പ്രയോഗിക്കാന്‍ സാധിച്ചില്ലെന്നും ഇന്ത്യന്‍ ഓപ്പണര്‍ പറഞ്ഞു.ക്യാച്ച് നഷ്ടമാക്കിയതാണ് തോല്‍വിക്കു കാരണമായതെന്ന് നായകന് വിരാട് കോഹ് ലിയും പറഞ്ഞു.
ചാഹലിന്റെ പന്തില്‍ മില്ലര്‍ എല്‍ബിഡബ്ല്യു ആയപ്പോള്‍ ജയിക്കാന്‍ 28 റണ്‍സ് മാത്രം മതിയായിരുന്നു. മില്ലര്‍-ക്ലാസന് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ 72 റണ്‍സാണ് പിറന്നത്. ക്ലാസനൊപ്പം ഫെക്വായോ ചേര്‍ന്നപ്പോള്‍ ജയം അനായാസമായി. അഞ്ചു പന്തില്‍ മൂന്നു സിക്സും ഒരു ഫോറും പായിച്ച് പുറത്താകാതെനിന്ന ഫെഹ്ലുക്വായോ 23 റണ്‍സ് നേടി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ധവാന് (109), കോഹ് ലി (75), മഹേന്ദ്ര സിംഗ് ധോണി (42) എന്നിവരുടെ മികവിലാണ് 50 ഓവറില്‍ 289 ലെത്തയിയത്. ഇന്ത്യന്‍ സ്കോര്‍ രണ്ടിന് 200 എന്ന മികച്ച നില്‍ക്കുമ്പോഴാണ് ആദ്യ മഴയെത്തിയത്. മഴയ്ക്കുശേഷം ഇന്ത്യക്കു ബാറ്റിംഗില്‍ പിടി അയഞ്ഞതോടെ മൂന്നുറു കടക്കുമെന്നു കരുതിയ സ്കോര്‍ 289ലൊതുങ്ങി.