നവാസ് മേത്തർ
തലശേരി: മാതാപിതാക്കളെയും സ്വന്തം മകളെയും വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പിണറായി വണ്ണത്താന്‍ വീട്ടില്‍ സൗമ്യയ്ക്കെതിരെ പോലീസ് സമര്‍പ്പിച്ച മൂന്ന് കുറ്റപത്രങ്ങളും തലശേരി ജുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി മടക്കി. പിണറായി പടന്നക്കരയിലെ കല്ലട്ടി വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന് (76), ഭാര്യ കമല (65 ), പേരക്കുട്ടി ഐശ്വര്യ കിശോര്‍ (എട്ട് ) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ തലശേരി സിഐ എം.പി ആസാദ് സമര്‍പ്പിച്ച കുറ്റപത്രങ്ങളാണ് വേണ്ടത്ര രേഖകളില്ലെന്ന് ചൂണ്ടിക്കാണിച്ച് കോടതി മടക്കിയത്.
ഇവ വീണ്ടും സമര്‍പ്പിക്കാന്‍ പോലീസ് നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനിടയിലാണ് സൗമ്യ ജയിലിനുള്ളില്‍ ജീവനൊടുക്കിയത്. പ്രോസിക്യൂഷന്റെ അഭിപ്രായം തേടാതെയാണ് അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതെന്നും പറയപ്പെടുന്നു.ഇതിനിടയില്‍ കൂട്ടക്കൊലയില്‍ സൗമ്യക്കൊപ്പം മറ്റു പലര്‍ക്കും പങ്കുള്ളതായി സഹോദരി സന്ധ്യ ആരോപിച്ചു. സംഭവങ്ങളില്‍ സൗമ്യയ്ക്ക് സഹായികളുണ്ട്.
ഇക്കാര്യത്തില്‍ ആദ്യം മുതല്‍ തന്നെ സംശയങ്ങളുയര്‍ന്നിരുന്നു. ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരോട് സംശയങ്ങള്‍ പറയുകയും ജില്ലാ പോലീസ് മേധാവിക്ക് ഉൾപ്പെടെ രേഖാമൂലം പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു മറുപടിയും കിട്ടിയിട്ടില്ല. സൗമ്യ നിരപരാധിയാണെന്ന് കരുതുന്നില്ല. അവള്‍ക്കും പങ്കുണ്ട്. എന്നാല്‍ സഹായികളുണ്ടെന്ന് ബലമായ സംശയമുണ്ട്. സൗമ്യയുടെ ആത്മഹത്യാകുറിപ്പിലും ഇക്കാര്യം പറയുന്നുണ്ട്.
ഒരാളെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല. യഥാര്‍ഥ കുറ്റവാളികളെ പുറത്തുകൊണ്ടു വരണമെന്നും സന്ധ്യ രാഷ്ട്രദീപികയോട് പറഞ്ഞു. കോട്ടയം വൈക്കത്ത് കുടുംബസമേതം താമസിക്കുകയാണ് സന്ധ്യ.കൂട്ടക്കൊലപാതകത്തില്‍ മൂന്നുപേര്‍ക്ക് പങ്കുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സിഐ തന്നെ തങ്ങളോട് പറഞ്ഞിരുന്നതായി സൗമ്യയുടെ അടുത്ത ബന്ധുവും രാഷ്ട്രദീപികയോട് പറഞ്ഞു.
സംശയിക്കുന്നവരുടെ പേര് ഉള്‍പ്പെടെ സിഐ അന്ന് പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം പിന്നീട് മലക്കം മറിയുകയാണ് ചെയ്തത്. മറ്റുള്ളവരുടെ പങ്ക് സംബന്ധിച്ച് എസ്പിക്കും എഎസ്പിക്കും നേരിട്ടും ഡിജിപിക്കും മുഖ്യമന്ത്രിക്കും ഇ മെയില്‍ വഴിയും പരാതി നല്‍കിയെങ്കിലും കാര്യമായി അന്വേഷണം നടന്നില്ല.
കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്നും കൂട്ടുപ്രതികളെയും പുറത്തുകൊണ്ടു വരണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെടുന്നു. ഇന്ന് വൈകുന്നേരം അഞ്ചിന് സൗമ്യയുടെ ബന്ധുക്കളും നാട്ടുകാരും ഇതുസംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോട് കാര്യങ്ങള്‍ വിശദീകരിക്കുന്നുമുണ്ട്.