ആലുവ: കോവിഡ് ബാധിച്ച ഉദ്യോഗസ്ഥരുടെ എണ്ണം ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ 27 ആയി ഉയർന്നു. സിഐയടക്കം 18 പേർ നേരത്തെ കോവിഡ് പോസ്റ്റീവായിരുന്നു.
ഇപ്പോൾ മൂന്ന് എസ്ഐമാരുൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ചികിത്സസയിലാണ്. സ്റ്റേഷൻ പ്രവർത്തനത്തിൽ കുറവ് വരുത്താതിരിക്കാൻ റൂറൽ ജില്ലയിലെ മറ്റു സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരുടെ സേവനം ആലുവയിൽ ലഭ്യമാക്കും.
എന്നാൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയും ജീവനക്കാരുടെ കുറവും മൂലം ഇവരുമായി സമ്പർക്കത്തിലുള്ള മറ്റു ദ്യോഗസ്ഥരെ ക്വാറന്റൈനിൽ അയക്കാത്തത് പോലീസിനുള്ളിൽ അതൃപ്തിക്കിടയാക്കിയിരുന്നു.
തുടർന്ന് 35 പേരുടെ പരിശോധന ഇന്നലെ ആലുവ ജില്ലാ ആശുപത്രിയിൽ നടത്തി. ഇവരിൽ 9 പേർ കൂടി പോസറ്റീവാണെന്ന് കണ്ടെത്തുകയായിരുന്നു.
കൊവിഡ് ബാധിച്ച സിഐ യുടെ ചുമതല ആലുവ സൈബർ സെൽ സിഐക്ക് നൽകി. ക്വാറന്റൈനിൽ വിടാത്തതുമൂലം പല പോലീസുകാരും ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തി ഒറ്റയ്ക്ക് കഴിയുവാൻ നിർബന്ധിതരാകുകയാണ്.
ആകെ 70 പോലീസ് ഉദ്യോഗസ്ഥരുള്ള ആലുവയിലെ നിലവിലെ അംഗബലം 50 ആണ്. ഇവരിൽ 10 പേർ ഒരു മാസം മുമ്പേ പോസ്റ്റീവായിരുന്നു. കോവിഡ് വ്യാപിച്ചതോടെ മറ്റു സ്റ്റേഷനുകളിൽനിന്നും ആലുവയിലേക്ക് പകരം വരാൻ പല ഉദ്യോഗസ്ഥരും മടിക്കുകയാണ്.