വടക്കഞ്ചേരി: വള്ളിയോട് മിച്ചാരംകോട് പ്രവർത്തിക്കുന്ന സൗഹൃദ ജനകീയ കൂട്ടായ്മയും ജനകീയ വായനശാലയും ചേർന്ന് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കേക്ക് മേള തുടങ്ങി. വള്ളിയോട് മിനി ഇന്റസ്ട്രീസിന് എതിർവശത്തുള്ള സൗഹൃദയുടെ വായനശാലയ്ക്ക് മുന്നിലാണ് കേക്ക് മേള. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കുമാരൻ മേള ഉദ്ഘാടനം ചെയ്തു. നിരവധി ജനകീയ പരിപാടികൾ സൗഹൃദയുടെ ആഭിമുഖ്യത്തിൽ ഇതിനകം നടത്തി.
നിർധനരായ രോഗികൾക്കായി 20 ലക്ഷത്തിലധികം രൂപയുടെ ചികിത്സാ ധനസഹായം സമാഹരിച്ചു നല്കി.കഴിഞ്ഞമാസം ആരംഭിച്ച സൗഹൃദ അക്കാദമിയിൽ സംഗീത ക്ലാസുകൾ, വനിതകൾക്ക് സ്വയംതൊഴിൽ കണ്ടെത്തുന്നതിനായി തയ്യൽ പരിശീലനം, യുവാക്കൾക്ക് സൗജന്യ പിഎസ് സി പരിശീലനം എന്നിവ നടന്നുവരുന്നു.
നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കർഷിക സംസ്കൃതി തിരിച്ചുപിടിക്കുന്നതിനായി സൗഹൃദ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു.ആരോഗ്യവകുപ്പുമായി സഹകരിച്ച് പ്രവർത്തകർക്ക് പാലിയേറ്റീവ് കെയർ പരിശീലനം, ഫയർ ആൻഡ് റെസ്ക്യു വകുപ്പുമായി സഹകരിച്ച് ഗാർഹിക അഗ്നിബാധ നേരിടുന്നതിനുള്ള ബോധവത്കരണം, എക്സൈസ് വകുപ്പുമായി സഹകരിച്ച് ലഹരിവിരുദ്ധ ബോധവത്കരണം എന്നിവ കൂടാതെ വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ്, വായനാശീലം വർധിപ്പിക്കുന്നതിനായി കളിയരങ്ങുകൾ, മോട്ടിവേഷൻ ക്ലാസുകൾ ഗാനനിശകൾ, കലാസന്ധ്യകൾ എന്നിങ്ങനെ ഒട്ടനവധി പരിപാടികളാണ് സൗഹൃദ ഇതിനോടകം സംഘടിപ്പിച്ചത്.
സൗഹൃദ ജനകീയ വായനശാല 2018 ഏപ്രിൽ ഒന്നിന് മന്ത്രി എ.കെ. ബാലനാണ് നിർവഹിച്ചത്.2019 ഫെബ്രുവരി ആറിന് ആലത്തൂർ താലൂക്ക് ടഗ് ഓഫ് വാർ അസോസിയേഷനുമായി സഹകരിച്ച് അഖില കേരള വടംവലി മത്സരം സംഘടിപ്പിക്കും. മംഗലംപാലം മർക്കസ് ഗ്രൗണ്ടിൽ ഒരേ സമയം 3000 പേർക്ക് ഇരിക്കാൻ പറ്റുന്ന പ്രത്യേകം സജ്ജമാക്കിയ ഗാലറിയിലാണ് വടംവലി മത്സരം.
ബേബി മാസ്റ്റർ-പ്രസിഡന്റ്, ആർ.പദ്മദാസ്-സെക്രട്ടറി, ബിജു ജോസഫ്-വൈസ് പ്രസിഡന്റ്, കെ.അസീസ്-ജോയിന്റ് സെക്രട്ടറി,വി.പ്രീത-ട്രഷറർ, എസ്.ശ്രീനാഥ്-കണ്വീനർ, സരോജനി രാമകൃഷ്ണൻ, ഉണ്ണി മുഹമ്മദ്, യു.സുനീഷ്, വേണു, എച്ച്.ബാബു, ഹരിദാസ്, ജോണ് മണക്കളം-മറ്റ് നിർവാഹകസമിതി അംഗങ്ങൾ തുടങ്ങിയവരുടെ നേതൃത്വമാണ് സൗഹൃദയെ നയിക്കുന്നത്.