മോസ്കോ: റഷ്യ ഓപ്പണ്‍ ടൂര്‍ സൂപ്പര്‍ 100 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് കിരീടം ഇന്ത്യയുടെ സൗരഭ് വര്‍മയ്ക്ക്. ജപ്പാന്റെ കോകി വാറ്റാനബെയോട് പിന്നില്‍നിന്ന് തിരിച്ചുവന്നാണ് മുന്‍ ദേശീയ ചാമ്പ്യന്‍ കിരീടം നേടിയത്. ഈ സീസണില്‍ സൗരവിന്റെ ആദ്യ കിരീടമാണിത്.
പരിക്കില്‍ നിന്നും ആദ്യ ഗെയിമിലെ നഷ്ടത്തില്‍നിന്നും കടന്ന സൗരഭ് അവസാന രണ്ടു ഗെയിമുകളില്‍ മികച്ച പ്രകടനം നടത്തി കിരീടത്തില്‍ മുത്തമിട്ടു. 18-21, 21-12, 21-17നായിരുന്നു ജയം. മിക്സഡ് ഡബിള്‍സ് ഫൈനലില്‍ രോഹന് കപൂര്‍-കുഷു ഗര്‍ഗ് സഖ്യത്തെ റഷ്യയുടെ വ്ളാഡിമിര്‍ ഇവാനോവ് കൊറിയയുടെ മിന് ക്യുംഗ് കിംഗ് ജോടി 21-19, 21-17ന് പരാജപ്പെടുത്തി. ആദ്യ ഗെയിമിന്റെ തുടക്കം മുതല്‍ വറ്റാനബെ ലീഡ് ചെയ്തു. ഇടവേളയ്ക്കു പിരിയുമ്പോള്‍ ജപ്പാനീസ്താരം 11-5ന് ലീഡ് ചെയ്തു.
എന്നാല്‍, ഇടവേളയ്ക്കുശേഷം സൗരഭ് തുടര്‍ച്ചയായി പോയിന്റ് നേടി ജപ്പാനീസ് താരത്തിന്റെ ലീഡ് 12-11 ആക്കി കുറച്ചു. പക്ഷേ വറ്റാനബെ 18-13ന് ലീഡ് ഉയര്‍ത്തി. സൗരഭ് തുടര്‍ച്ചയായി അഞ്ച് പോയിന്റ് നേടി ഭീഷണി ഉയര്‍ത്തിയെങ്കിലും വറ്റാനബെയെ കീഴടക്കാനായില്ല. രണ്ടാം ഗെയിമില്‍ പിഴവുകള്‍ പരിഹരിച്ച് കളിച്ച സൗരഭ് ലീഡ് ചെയ്തു തുടങ്ങി. നിര്‍ണായ ഗെയിമില്‍ വറ്റാനബെയാണ് ലീഡ് ചെയ്തത്. എന്നാല്‍ സാവധാനം ഇന്ത്യന്‍ താരം തുടര്‍ച്ചയായി പോയിന്റ് നേടി ഗെയിമും കിരീടവും സ്വന്തമാക്കി.