ഗാന്ധിനഗർ: എടിഎമ്മിൽ കുഴഞ്ഞു വീണു മരിച്ചയാളുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്.
ആർപ്പൂക്കര പിണഞ്ചിറക്കുഴി മുട്ടത്തു തേവരയിൽ പരേതനായ തോമസിന്റെ മകൻ സോയി തോമസ് (സോജിമോൻ- 42) ആണ് എടിഎമ്മിൽ പണം എടുക്കാൻ കയറിയപ്പോൾ കുഴഞ്ഞുവീണു മരിച്ചത്.
ഇന്നു രാവിലെ കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ മരണ കാരണം വ്യക്തമാവുകയുള്ളൂവെന്നു പോലീസ് പറഞ്ഞു.
അസ്വാഭാവിക മരണത്തിനു ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിന് ഗാന്ധിനഗർ കസ്തൂർബ ജംഗ്ഷനിലുള്ള എസ്ബിഐ എടിഎമ്മിനുള്ളിലാണ് സംഭവം.
വാഹന ഡ്രൈവർമാരാണ് ഒരാൾ എടിഎമ്മിനു മുന്നിൽ വീണു കിടക്കുന്നതായി കണ്ടത്. തുടർന്ന് ഗാന്ധിനഗർ പോലീസിൽ വിവരമറിയിച്ചു.
പീന്നിട് മെഡിക്കൽ കോളജ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം പോലീസ് സ്ഥലത്തെത്തുകയും എസ്ഐ ജോണി തോമസ്, സിപിഒ രാജീവ് എന്നിവർ ചേർന്നു സോയിയെ മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വില്ലൂന്നി സെന്റ് സേവ്യേഴ്സ് പള്ളിയിൽ. മാതാവ്: സിസിലി (ആർപ്പൂക്കര തൈപ്പറന്പിൽ കുടുംബാംഗം).
സഹോദരങ്ങൾ: സോളി വർക്കി മണമേൽ കുളനട, സോഫി റോയി അറയ്ക്കൽകാല അതിരന്പുഴ.സോയി ആർപ്പൂക്കര പഞ്ചായത്ത് കോംപ്ലക്സിസിലെ വ്യാപാരിയായിരുന്നു