ബിജെപിക്കെതിരായ മഹാസഖ്യത്തില്‍ വീണ്ടും കല്ലുകടി, ഉപതെരഞ്ഞെടുപ്പില്‍ അഖിലേഷിന്റെ പാര്‍ട്ടിയെ പിന്തുണയ്ക്കില്ലെന്ന് മായാവതി, മോദിക്കെതിരായ പ്രതിപക്ഷ ഐക്യം പാളുമോ?

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചു ചേരുന്നതാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി കണ്ടുവരുന്നത്. ഉത്തര്‍പ്രദേശിലും ബിഹാറിലുമെല്ലാം ബിജെപിക്കെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചു നില്ക്കുകയും ചെയ്തു. ഉപതെരഞ്ഞെടുപ്പില്‍ മിന്നും വിജയം നേടിയപ്പോള്‍ പ്രതിപക്ഷ ഐക്യത്തിന് മാറ്റു കൂടുകയാണെന്ന അഭിപ്രായവും ഉയര്‍ന്നു. എന്നാല്‍ ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ അത്ര സുഖകരമല്ല.

യുപിയില്‍ നടക്കാനിരിക്കുന്ന രണ്ട് ഉപതിരഞ്ഞെടുപ്പുകളില്‍ എസ്പിയെ പിന്തുണയ്ക്കില്ലെന്ന് ബിഎസ്പി നേതാവ് മായാവതി പ്രഖ്യാപിച്ചു. കൈരാന, നൂര്‍പൂര്‍ എന്നിവിടങ്ങളിലാണ് ഉടന്‍ ഉപതിരഞ്ഞെടുപ്പുകള്‍ നടക്കുക. ഗോരഖ്പൂറിലും ഫുല്‍പൂറിലും സംഭവിച്ചതുപോലെ എസ്.പിയെ പിന്തുണയ്ക്കില്ലെന്നും, 2019വരെ സ്വയം സംരക്ഷിക്കേണ്ട ബാധ്യത അവര്‍ക്കാണെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

സംസ്ഥാനത്തെ വിവിധ ജില്ലാ കോര്‍ഡിനേറ്റര്‍മാരുടെ യോഗത്തിന് ശേഷമാണ് മായാവതി പത്രക്കുറിപ്പ് പുറത്തിറക്കിയത്. 2019ലെ പൊതു തിരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തില്‍ വരുന്നത് തടയുന്നതിനായി എല്ലാ പ്രതിപക്ഷ കക്ഷികളും ഒന്നിച്ചു നില്‍ക്കണമെന്നും പത്രക്കുറിപ്പില്‍ പരാമര്‍ശിക്കുന്നു. പുതിയ സംഭവവികാസങ്ങള്‍ കോണ്‍ഗ്രസ് ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്.

 

Related posts