ജോണ് മാത്യു
കോട്ടയം: അരയിൽ തിരുകിയ തുപ്പാക്കിയെടുത്ത് അട്ടഹസിക്കുന്ന, തെറി വിളിക്കുന്ന ഷാജി കൈലാസ് സിനിമകളിലെ ഐപിഎസുകാരെ നമുക്ക് പരിചിതമാണ്. യഥാർഥ ജീവിതത്തിലും അത്തരക്കാർ ധാരാളം ഉണ്ട്.
വെള്ളിത്തിരയിൽ കാണുന്ന, സർ സിപിയുടെ കാലത്തെ മാടന്പി പോലീസ് വേഷത്തിന് വിരുധമാണ് അക്ഷര നഗരിയിലെ പോലീസിനെ നയിച്ച ഡി.ശില്പ എന്ന കർണാടകക്കാരി പോലീസ് ഉദ്യോഗസ്ഥ.
ഇന്നലെ ജില്ലാ പോലീസ് മേധാവിത്വത്തിൽ നിന്നും പടിയിറങ്ങുന്പോൾ പോലീസ് മേധാവിയാകാൻ ധാർഷ്ട്യത്തിന്റെ ആടയാഭരണങ്ങൾ ഒന്നും വേണ്ടെന്ന് തെളിയിച്ച ശില്പ ഇനി തലസ്ഥാന നഗരിയിലെ വനിതാ സെല്ലിന്റെ ചുമതലക്കാരിയാകും.
കോട്ടയത്ത് പോലീസ് മേധാവിയായിരിക്കുമ്പോൾ അവർ നേരിട്ട പ്രധാന വെല്ലുവിളി ഗുണ്ടാവിളയാട്ടമായിരുന്നു. പല ഗുണ്ടകളെയും അഴിക്കുള്ളിലാക്കാനും ചിലരെ നാടുകടത്താനും സാധിച്ചു.
കോട്ടയത്തെ ഏറെ ഇഷ്ടപ്പെട്ട ശില്പ ഇനിയൊരു അവസരം ലഭിച്ചാൽ സന്തോഷത്തോടെ തിരിച്ചെത്തും.സ്ത്രീകൾക്ക് ധൈര്യപൂർവം പോലീസ് സ്റ്റേഷനിലെത്താനും പരാതികൾ കൊടുക്കാനും സാധിക്കുന്ന വിധം പോലീസ് സംവിധാനങ്ങൾ മാറിയതിൽ സന്തോഷവതിയാണെന്നും ശില്പ പറയുന്നു.
ഭർത്താവും മകളുമാണ് തന്റെ ശക്തിയെന്ന് ശില്പ പറയുന്നു,. സൗമ്യതയോടെയും സ്നേഹത്തോടെയും പോലീസ് ഭരണം സാധ്യമാണെന്ന് തെളിയിച്ചാണ് ശിൽപയുടെ മടക്കം.