സി.സി.സോമൻ
കോട്ടയം: സംസ്ഥാനത്തെ പോലീസ് ജില്ലാ ആസ്ഥാനങ്ങളിൽ ഭരണ വിഭാഗം തലവനായി എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കും. ജനുവരിയിൽ ഇതു സംബന്ധിച്ച ഉത്തരവുണ്ടാകും. ഇപ്പോൾ ജില്ലാ പോലീസ് സൂപ്രണ്ടുമാരാണ്് ജില്ലയിലെ പോലീസ് വകുപ്പിലെ ഭരണ വിഭാഗം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്.
ലോ ആൻഡ് ഓർഡർ ചുമതലയുള്ള പോലീസ് സൂപ്രണ്ടുമാർക്ക് ഭരണപരമായ ഭാരിച്ച ചുമതല കൂടി നല്കുന്നത് കേസ് അന്വേഷണത്തെ ബാധിക്കുന്നുണ്ട്. ഇതുമനസിലാക്കിയാണ് ഭരണ വിഭാഗത്തിന് മാത്രമായി എസ്പിയെ നിയമിക്കുന്നത്. വിവിധ നിർമാണ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട്, ശന്പള ബില്ലുകൾ, ഫർണിച്ചർ , വാഹനം വാങ്ങൽ തുടങ്ങി ഭരണപരമായ വിവിധ വിഷയങ്ങൾ ഇപ്പോൾ കൈകാര്യം ചെയ്യുന്നത് ലോ ആൻഡ് ഓർഡർ എസപിയാണ്.
അതേ സമയം ജില്ലയിലെ മുഴുവൻ കേസുകളും തുടർന്നുള്ള അന്വേഷണങ്ങളുമെല്ലാം മേൽനോട്ടം വഹിക്കേണ്ടതും ലോആൻഡ് ഓർഡർ ചുമതലയുള്ള എസ്പിയാണ്. ഭരണപരമായ കാര്യങ്ങളും ലോ ആൻഡ് ഓർഡറും ഒന്നിച്ചുകൊണ്ടുപോവുക ഇപ്പോൾ അസാധ്യമാണ്. ഭരണപരമായ കാര്യങ്ങൾക്ക് ഇപ്പോൾ ഒരു ഡിവൈഎസ്പിയാണുള്ളത.് ഇതിനു പുറമെയാകും എസ്പിയെക്കൂടി നിയമിക്കുക.
സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും ജനുവരിയിൽ ഭരണ വിഭാഗത്തിന് പുതിയ എസ്പിമാരെ നിയമിക്കും. പോലീസ് സ്റ്റേഷനുകളിൽ ലോആൻഡ് ഓർഡറും ക്രൈം ഇൻവെസ്റ്റിഗേഷനും രണ്ടാക്കിയിട്ട് ഒരു വർഷത്തോളമായി. കേസ് രജിസ്റ്റർ ചെയ്യുന്നത് ലോ ആൻഡ് ഓർഡർ ചുമതലയുള്ള എസ്എച്ച്ഒയാണ്. എന്നാൽ തുടർന്നുള്ള അന്വേഷണം ക്രൈം ഇൻവെസ്റ്റിഗേഷൻ ടീമിനാണ്.