കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസിലെ പ്രതി ജോളിയെ ഇപ്പോൾ അറസ്റ്റ് ചെയ്തില്ലായിരുന്നുവെങ്കിൽ കൂടുതൽ അരുംകൊലകൾ നടന്നേനെയെന്ന് കോഴിക്കോട് റൂറൽ എസ്പി കെ.ജി. സൈമൺ. സന്പത്തിനും മറ്റുപലതിനുമായി പ്രത്യേകതരം സ്വഭാവത്തിന് അടിമയായ ജോളി ഓരോരുത്തരേയും സയനൈഡ് നൽകി കൊലപ്പെടുത്തിയത് ഓരോ കാരണങ്ങൾക്കാണെന്നും എസ്പി പറഞ്ഞു.
ഏറ്റവും ആദ്യം ഭർത്തൃമാതാവ് പൊന്നാമറ്റത്തിൽ അന്നമ്മയേയാണ് കൊലപ്പെടുത്തിയത്. കുടുംബത്തിൽ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് അന്നമ്മയായിരുന്നു. ആട്ടിൻസൂപ്പ് കഴിക്കുന്ന അന്നമ്മയ്ക്ക് മുൻപും അസുഖം വന്നിരുന്നു.
അന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ എല്ലാത്തരം ടെസ്റ്റുകളും നടത്തിയെങ്കിലും രോഗം വ്യക്തമായില്ല. ചികിത്സയിലെ പിഴവ് ആരോപിച്ച് ഭർത്താവ് ആശുപത്രിക്കെതിരേ പരാതിനൽകുകവരെയുണ്ടായി. അന്നത്തെ ടെസ്റ്റ് റിപ്പോർട്ടുകൾ ശരീരത്തിൽ സയനൈഡ് കലർന്നതാണെന്ന തെളിവിലേക്ക് വിരൽചൂണ്ടുന്നതാണ്. പിന്നീട് ആട്ടിൻസൂപ്പ് കഴിച്ചപ്പോഴാണ് അന്നമ്മ കുഴഞ്ഞുവീണ് മരിച്ചത്.
സ്വത്ത് കിട്ടില്ലെന്ന് ഉറപ്പായപ്പോഴാണ് ഭർത്തൃപിതാവ് ടോം തോമസിനെ കൊലപ്പെടുത്തിയത്. വീടിനടുത്തുള്ള സ്വത്ത് വിറ്റ് റോയിയുടെ കുടുംബത്തിനുള്ള ഓഹരി നേരത്തേ നൽകിയതാണ്. ഇനി ചില്ലിക്കാശ് തരില്ലെന്ന് റോയിയെ പിതാവ് അറിയിച്ചിരുന്നു. എങ്കിലും ജോളി തന്ത്രപൂർവം ഭർത്തൃപിതാവിനോട് സ്നേഹം ചമഞ്ഞ് അടുത്തുകൂടി. ഇടയ്ക്ക് പിണങ്ങുകയും പിന്നീട് ഇണങ്ങുകയും ചെയ്ത് സൗഹൃദം ദൃഢമാക്കി. സ്വത്ത് കിട്ടില്ലെന്ന് ഉറപ്പായപ്പോൾ അദ്ദേഹവും ഇല്ലാതായി.
ഭർത്താവ് റോയിയുമായുള്ള ബന്ധം എല്ലാത്തരത്തിലും വഷളായിരുന്നു. അതാണ് റോയിയെ ഇല്ലായ്മചെയ്യാൻ കാരണം. സംഭവ ദിവസം റോയ് വീട്ടിലെത്തിയപ്പോൾ ചോറിന് കറിയായി മുട്ട പൊരിച്ചുകൊണ്ടിരിക്കുകയായിരുന്നെന്നും ഭക്ഷണത്തിനു മുൻപ് കുഴഞ്ഞുവീണതായുമാണ് ജോളി ആദ്യം മൊഴിനൽകിയത്.
എന്നാൽ ദഹിക്കാത്ത ചോറും കടലക്കറിയും റോയിയുടെ ആമാശയത്തിലുണ്ടായിരുന്നതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഏറ്റവും ഇഷ്ടമുള്ള കടലക്കറിയിലാണ് സയനൈഡ് ഉണ്ടായിരുന്നത്. സ്വത്ത് തങ്ങൾക്ക് ലഭിക്കുന്നതിന് എതിരുനിന്ന റോയിയുടെ മാതൃസഹോദരൻ മാത്യു മഞ്ചാടിയിലിനെയും സയനൈഡ് നൽകി വകവരുത്തി. റോയിയോട് തീരെ താത്പര്യമില്ലാതിരുന്ന ജോളി ഇതിനിടെ റോയിയുടെ പിതൃസഹോദരപുത്രനായ ഷാജുവിൽ ആകൃഷ്ടയായി.
ഷാജുവിനെപോലെ ഒരു ഭർത്താവിനെ ലഭിച്ചിരുന്നെങ്കിൽ എന്ന് ജോളി പലരോടും പറഞ്ഞിട്ടുണ്ട്. ഷാജുവിനെ സ്വന്തമാക്കാൻ ആദ്യം അവരുടെ കൈക്കുഞ്ഞിനെ കൊലപ്പെടുത്തി. ഭാവിയിൽ ഷാജുവിന്റെ ഭാര്യയായാൽ കൈക്കുഞ്ഞ് ജീവിതത്തിന് തടസമാകുമെന്ന് കരുതി. വെള്ളത്തിൽ സയനൈഡ് ചേർത്ത് നൽകി ഒടുവിൽ സിലിയെ ഇല്ലായ്മചെയ്ത് ആഗ്രഹിച്ചതുപോലെ ഷാജുവിനെ വിവാഹം ചെയ്തു’.
ജോളിയുടെ മൊഴിയിൽ അൻപതോളം വൈരുധ്യങ്ങൾ ഉള്ളതായും എസ്പി പറഞ്ഞു.എൻഐടിയിൽ ലക്ചററാണെന്നു വരുത്തിതീർക്കാൻ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചിരുന്നു. ഇതു കഴുത്തിൽതൂക്കി എല്ലാ ദിവസവും രാവിലെ കാറിലാണ് പുറത്തുപോയിരുന്നത്. ഇതും വ്യാജ ഒസ്യത്ത് നിർമിച്ചതും കൃത്യമായ തെളിവുകളാണെന്ന് എസ്പി പറഞ്ഞു.