തിരുവനന്തപുരം: വളർത്തുനായയെ കുളിപ്പിക്കാനും വിസർജ്യം കോരാനും വിസമ്മതിച്ച പോലീസുകാരനെ ടെലികമ്യൂണിക്കേഷൻ എസ്പി നവനീത് ശർമ്മ വസതിയിൽ അതിക്രമിച്ചു കയറിയെന്ന കുറ്റം ചുമത്തി സസ്പെൻഡ് ചെയ്തതായി പരാതി.
നടപടി തെറ്റാണെന്നു ബോധ്യമായ ഡിഐജി അനൂപ് കുരുവിള ജോണ് അന്നുതന്നെ സസ്പെൻഷൻ റദ്ദാക്കി.തിരുവനന്തപുരം സിറ്റി പോലീസിൽ നിന്ന് ടെലികമ്മ്യൂണിക്കേഷനിൽ എത്തിയ സിവിൽ പോലീസ് ഓഫീസർ എസ്.എസ്. ആകാശിനെയാണ് സസ്പെൻഡ് ചെയ്തത്.
എസ്പിയുടെ നടപടി തെറ്റാണെന്ന് ബോധ്യമായതിനെത്തുടർന്ന് ഡിഐജി അനൂപ് കുരുവിള ജോണ് അന്നുതന്നെ സസ്പെൻഷൻ ഉത്തരവ് റദ്ദാക്കി പോലീസുകാരനെ തിരിച്ചെടുത്തു.
കഴിഞ്ഞ 21നാണ് സസ്പെൻഷനും റദ്ദാക്കലുമുണ്ടായത്.എസ്പി നവനീതിന്റെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസറായിരുന്നു ആകാശ്.
കഴിഞ്ഞ 17ന് നവനീതിന്റെ ഔദ്യോഗിക ക്വാർട്ടേഴ്സിൽ മറ്റാരുമില്ലാത്ത സമയത്ത് പ്രോട്ടോകോൾ ലംഘിച്ച് അനധികൃതമായി പ്രവേശിച്ച് ഹാളിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രവർത്തിപ്പിച്ചതായി ടെലികമ്യൂണിക്കേഷൻ ആസ്ഥാനത്തെ എസ്ഐ റിപ്പോർട്ട് ചെയ്തതായി എസ്പി നവനീത് ഇറക്കിയ സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.
എസ്പിയുടെ വിലപിടിപ്പുള്ള സാധനങ്ങൾ, ഓഫീസ് ഫയലുകൾ, തിരിച്ചറിയൽ രേഖകൾ, പണമിടപാട് രേഖകൾ, ആൻഡ്രോയ്ഡ് ടിവി, സ്മാർട്ട് ഫോണ്, ലാപ്ടോപ്പ് എന്നിവ വീട്ടിലുണ്ടായിരുന്നു.
അനുവാദമില്ലാതെ വീട്ടിൽ പ്രവേശിച്ചതിലൂടെ ആകാശ് ഗുരുതര അച്ചടക്ക ലംഘനവും ഔദ്യോഗിക കൃത്യവിലോപവും വരുത്തിയെന്ന് ആരോപിച്ചാണ് സസ്പെൻഡ് ചെയ്തത്.
ആകാശിനെതിരേ വകുപ്പുതല അന്വേഷണത്തിനും എസ്പി ഉത്തരവിട്ടിരുന്നു. കുറ്റാരോപണ മെമ്മോ രണ്ടുദിവസത്തിനകം നൽകാനും നിർദേശിച്ചു. എന്നാൽ പരാതിയിൽ കഴന്പില്ലെന്ന് തെളിഞ്ഞു.