കായംകുളം: ദേശീയപണിമുടക്കിൽ ജീവനക്കാരനെ മർദിച്ച് അടപ്പിച്ച ഫർണീച്ചർ കടയുൾപ്പടെ കായംകുളം നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ ജില്ലാ പോലീസ് മേധാവി നേരിട്ടെത്തി തുറപ്പിച്ചു. ആലപ്പുഴ എസ്പി എസ്.സുരേന്ദ്രനാണ് സമരാനുകൂലികൾ രാവിലെ അടപ്പിച്ച കടകൾ ഉച്ചയോടെ എത്തി തുറപ്പിച്ചത്.
കായംകുളം കെപി റോഡിലെ സെന്റർ പോയിന്റ് ഷോപ്പിംഗ് മാളിലെ തോംസൺ ഫർണീച്ചർ കടയാണ് സമരാനുകൂലികൾ ബലമായി അടപ്പിച്ചത്. ഫർണീച്ചർ കടയിലെ ജീവനക്കാരൻ പീറ്ററെ ഇവർ മർദിക്കുകയും ചെയ്തു. ഇതോടെ വ്യപാരികൾ പ്രതിഷേധവുമായി രംഗത്തെത്തി.
തുടർന്ന് ആലപ്പുഴ എസ് പി എസ്.സുരേന്ദ്രനും ഡിവൈഎസ്പിയും സ്ഥലത്തെത്തി കടകൾക്ക് സംരക്ഷണം വാഗ്ദാനം ചെയ്തു. പിന്നാലെ ഉച്ചയോടെ വ്യാപാരികൾ കടകൾ തുറന്നു. തോംസൺ ഫർണീച്ചർ കടയാണ് ആദ്യം തുറന്നത്. കടയ്ക്ക് പോലീസ് സംരക്ഷണവും ഏർപ്പെടുത്തി.
പീറ്ററെ മർദിച്ച സംഭവത്തിൽ നാലുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇരുപതോളം പേർക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.