കോഴിക്കോട്: പി.വി. അന്‍വര്‍ എംഎല്‍എയും പത്തനംതിട്ട എസ്പി എസ്. സുജിത്ദാസും തമ്മിലുള്ള ഫോണ്‍ സംഭാഷണം വിവാദത്തില്‍.
ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്. അജിത്കുമാറിനെതിരേ സുജിത്ദാസ് ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവത്തോടെയാണ് ആഭ്യന്തര വകുപ്പ് കാണുന്നത്. ആഭ്യന്തര വകുപ്പില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് അജിത്കുമാറാണെന്ന ഗുരുതരമായ കുറ്റപ്പെടുത്തലാണ് മേലുദ്യോഗസ്ഥനെതിരേ സുജിത്ദാസ് ഉന്നയിച്ചിട്ടുള്ളത്.
സുജിത്ദാസിനെതിരേ വകുപ്പുതല അന്വേഷണത്തിനു സാധ്യതയുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്കു നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്.സാമ്പത്തിക ആരോപണങ്ങളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് അജിത്കുമാര്‍ ഡിജിപിക്ക് പരാതി നല്‍കുമെന്ന് സൂചനയുണ്ട്.മലപ്പുറം എസ്പി ഓഫീസ് കാമ്പസിലെ മരംമുറിയുമായി ബന്ധപ്പെട്ടാണ് അന്‍വറും മുന്‍ മലപ്പുറം എസ്പിയായിരുന്ന സുജിത്ദാസും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നത്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുടെ കാര്യങ്ങള്‍ എല്ലാം നടത്തികൊടുക്കുന്നതിനാല് അജിത്കുമാര്‍ പോലീസില്‍ സര്‍വശക്തനാണെന്ന് സുജിത്ദാസ് പറയുന്നു.പോലീസില്‍ ശക്തനായിരുന്ന ഐജി പി. വിജയനെ തകര്‍ത്തത് അജിത്കുമാറാണ്. എഡിജിപിയുടെ ഭാര്യാസഹോദരന്മാര്‍ക്ക് എന്താണ് ജോലിയെന്ന് അന്വേഷിക്കണമെന്നും ഫോണ്‍സംഭാഷണത്തില്‍ അദ്ദേഹം പറയുന്നു.
മലപ്പുറം എസ്പി ഓഫീസിലെ മരങ്ങള്‍ മുറിച്ചുകടത്തിയ കേസിലെ പരാതി പിന്‍വലിച്ചാല്‍ സര്‍വീസിലുള്ള കാലം മുഴുവന്‍ അന്‍വറിനോടു കടപ്പെട്ടിരിക്കുമെന്ന് സുജിത് ദാസ് പറയുന്നു. താന്‍ ഡിജിപി ആയാലും സേവനം അന്‍വറിനുണ്ടാകും.എഡിജിപി അജിത്കുമാര്‍ സര്‍ക്കാറിനു വേണ്ടപ്പെട്ട ആളൊന്നുമല്ലെന്നും അങ്ങിനെയാണെങ്കില്‍ യൂട്യൂബര്‍ ഷാജന് സ്കറിയയെ രക്ഷപ്പടുത്താന്‍ ശ്രമം നടത്തുമോയെന്നും അന്‍വര്‍ ചോദിക്കുന്നുണ്ട്.
ഷാജന് സ്കറിയ ഒളിവില്‍പോയ സമയത്ത് തന്നോടും അന്വേഷണം നടത്താന്‍ എം.ആര്. അജിത്കുമാര്‍ പറഞ്ഞതായി അന്‍വര്‍ വ്യക്തമാക്കുന്നുണ്ട്.ഷാജന് പുനെയിലുണ്ടെന്ന വിവരം കിട്ടിയപ്പോള്‍ അദ്ദേഹത്തെ അറിയിച്ചു. എന്നാല്‍ പോലീസ് എത്തിയപ്പോഴേക്കും ഷാജന് മുങ്ങി.
പിന്നെ അന്വേഷിച്ചപ്പോള്‍ എം.ആര്. അജിത്കുമാര്‍ തന്നെയാണു വിവരം ചോര്ത്തിനല്കുന്നതെന്ന് വ്യക്തമായി. അതിനുള്ള റിവാര്‍ഡും അയാള്‍ വാങ്ങി. നേര്ക്കുനേരേയല്ല ഇവരുടെ ഇടപാട്. ഇടനിലക്കാര്‍ വഴിയാണ്. ഇയാളെങ്ങനെയാണ് സര്‍ക്കാരിന്റെ ആളാകുന്നതെന്ന് അന്‍വര്‍ ചോദിക്കന്നു.
ഐപിഎസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് അജിത് കുമാറാണെന്നും പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ വലം കൈയാണെന്നും അദ്ദേഹം പറയുന്നുണ്ട്. വലംകൈയായിനിന്നു സര്‍ക്കാറിനെ നശിപ്പിക്കുന്ന സംവിധാനത്തിലേക്ക് അല്ലല്ലൊ അദ്ദേഹം പോകേണ്ടതെന്ന് അന്‍വര്‍ ചോദിക്കുന്നുണ്ട്.അത് അവിടെ ഇരിക്കുന്നവര്ക്കുകൂടി തോന്നണ്ടേയെന്നായിരുന്നു സുജിത്ദാസിന്റെ മറുപടി.
സ്വന്തം ലേഖകന്‍