ആലപ്പുഴ: നഗരത്തിലെ കുരുക്കഴിക്കാൻ ജില്ലാ പോലീസ് മേധാവി റോഡിലിറങ്ങി. ജില്ലാ ജഡ്ജിയെ കണ്ട് മടങ്ങുന്നതിനിടെയാണ് ആലപ്പുഴ ജില്ലാപോലീസ് മേധാവി മുഹമ്മദ് റഫീഖ് വാഹനത്തിരക്കിൽ പെട്ടത്.
ഉടൻ തന്നെ വാഹനത്തിൽ നിന്നും പുറത്തിറങ്ങി, കോടതി പാലത്തിനു അപ്പുറവും ഇപ്പുറവും ഓടിനടന്ന ട്രാഫിക് പോലീസുകാരെ സഹായിക്കാനുമെത്തി. പത്തുമിനിറ്റോളം എസ്പിയും ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് വാഹനങ്ങളെ നിയന്ത്രിച്ചു. ഓടിനടന്ന് നിർദേശങ്ങൾ നല്കുന്ന എസ്പിയെ കണ്ട് നാട്ടുകാരും ഒന്നെത്തിനോക്കി. ഇതിനിടെ ചെറുതായെങ്കിലും നിയമലംഘനം നടത്തിയവരെ ഒന്നു പേടിപ്പിച്ചും വിട്ടു.
കോടതി പാലത്തിനു സമീപം വാഹനം നിയന്ത്രിക്കാനായി റോഡിനു കുറുകെ കെട്ടിയിരുന്ന കയറും എസ്പിയുടെ നിർദേശത്തെത്തുടർന്ന് നീക്കി.ഏഴുറോഡുകൾ വരുന്ന പാലത്തിന്റെ ഇരുവശങ്ങളിലും ഇതുവരെ സിഗ്നൽ ലൈറ്റുകൾ വരാത്തതെന്തെന്ന് അദ്ഭുതം കൂറിയ എസ്പി ഇക്കാര്യം താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ദീപികയോടു വ്യക്തമാക്കി.
സമയക്ലിപ്തത പാലിക്കുന്ന സിഗ്നൽ ലൈറ്റുകൾ ഉണ്ടെങ്കിൽ നഗരത്തിലെ പലയിടത്തേയും കുരുക്കുകൾ ഇല്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചുരുങ്ങിയത് അഞ്ചോളം പോലീസുകാരെങ്കിലുമില്ലെങ്കിൽ ഈ മേഖലയിൽ ഗതാഗതം നിയന്ത്രിക്കാനാകില്ലെന്നതാണ് അവസ്ഥ.
വാഹന ഉപയോക്താക്കൾ കൃത്യമായി നിയമങ്ങൾ പാലിച്ചു മുന്നോട്ടുപോയാൽ പകുതി കുരുക്കും ഇല്ലാതാക്കാനാകുമെന്നും എസ്പി പ്രതികരിച്ചു. ഒടുവിൽ കുറേയൊക്കെ തിരക്കൊഴിഞ്ഞപ്പോൾ ജില്ലാ പോലീസ് മേധാവിയും സംഘവും മടങ്ങി. ഇതോടെ ശ്വാസം നേരെവീണ ശേഷിച്ച ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ ബാക്കി കുരുക്കഴിക്കലിലേക്കും മടങ്ങി.