തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡിമരണക്കേസ് വിവാദത്തെ തുടർന്ന് ഇടുക്കി എസ്പി കെ.ബി വേണുഗോപാലിനെ സ്ഥലംമാറ്റി. ഭീകരവിരുദ്ധ സ്ക്വാഡ് എസ്പിയായാണ് പുതിയ നിയമനം. മലപ്പുറം എസ്പിയായ ടി.നാരായണൻ ഇടുക്കി എസ്പിയാകും. അബ്ദുൾ കരീമാണ് പുതിയ മലപ്പുറം എസ്പി.
എസ്പിയെ സ്ഥലംമാറ്റിയെങ്കിലും സ്വതന്ത്രചുമതല നൽകിയിരിക്കുകയാണ്. അതിനാൽ എസ്പിയെ സംരക്ഷിച്ചുകൊണ്ടാണ് സർക്കാർ നടപടിയെന്ന് ആക്ഷേപം ഇതിനകം ഉയർന്നു കഴിഞ്ഞു. എസ്പിക്കെതിരെ പ്രതികൾ മൊഴി നൽകിയിട്ടും സ്ഥലംമാറ്റത്തിൽ നടപടി ഒതുക്കുകയായിരുന്നെന്നാണ് ആക്ഷേപം.
പോലീസ് ദാസ്യപ്പണി വിവാദത്തിൽ എഡിജിപി സുധേഷ് കുമാറിനെ സ്ഥലംമാറ്റിയപ്പോൾ പുതിയ ചുമതല നൽകിയിരുന്നില്ല. സായുധസേന ബറ്റാലിയൻ മേധാവി സ്ഥാനത്തുനിന്നാണു സുധേഷിനെ മാറ്റിയത്. എന്നാൽ വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ എറണാകുളം റൂറല്‍ എസ്പി എ.വി ജോര്‍ജിനെ പോലീസ് അക്കാദമിയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു.