സുരക്ഷാ ചുമതലയുടെ ഭാഗമെന്ന വ്യാജേന എസ്പി യതീഷ് ചന്ദ്ര സന്ദര്‍ശനത്തിനെത്തിയ നേതാക്കളോട് അപമര്യാദയായി പെരുമാറിയെന്ന് പല രാഷ്ട്രീയ പാര്‍ട്ടികളും ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ പലരും വിമര്‍ശനം ഉന്നയിക്കുമ്പോഴും സാധാരണക്കാരുടെയിടയില്‍ വീരപരിവേഷമാണ് എസ്പി യതീഷ് ചന്ദ്രയ്ക്ക് ഇപ്പോഴുള്ളത്.
സോഷ്യല്‍മീഡിയയില്‍ ആദ്യം മുതലേ അദ്ദേഹം സ്റ്റാറായെങ്കിലും സാധാരണക്കാരായ ജനങ്ങള്‍ക്കിടയിലും തന്റെ പ്രവര്‍ത്തി ശ്രദ്ധിക്കപ്പെട്ടു എന്ന് യതീഷ് ചന്ദ്ര മനസിലാക്കിയത് ഇക്കഴിഞ്ഞ ദിവസം സന്നിധാനത്ത് ഹരിവരാസനം തൊഴാന്‍ എത്തിയപ്പോഴാണ്.
എസ്പി ഹരിവരാസനം തൊഴാന്‍ എത്തിയപ്പോഴായിരുന്നു സമാനതകളില്ലാത്ത സ്വീകരണം ഭക്തര്‍ ഒരുക്കിയത്. രാത്രി നട അടയ്ക്കുന്നതിന് മുമ്പായി ഹരിവരാസനം തൊഴാന്‍ സന്നിധാനത്തെത്തിയ യതീഷ് ചന്ദ്രയെ കാണാനും സെല്‍ഫിയെടുക്കാനും ഭക്തര്‍ തിരക്കു കൂട്ടി. സന്നിധാനത്ത് എത്തിയപ്പോള്‍ മലയാളികള്‍ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും അദ്ദേഹത്തിന് ഒപ്പം നിന്ന് സെല്‍ഫി എടുത്തു.
പൊതു സമൂഹത്തിന്റെയും സേനയുടെയും പ്രശംസ ഈ ഐപിഎസുകാരന് പിടിച്ചെടുത്തുവെന്ന് ഈ സംഭവം തെളിയിക്കുകയാണ്. നിലക്കലില്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന് കൃത്യമായ മറുപടി നല്കി ഉത്തരം മുട്ടിച്ചതും ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചര്‍ക്ക് സന്നിധാനത്ത് പോയി അന്ന് തന്നെ തിരിച്ചിറങ്ങണമെന്ന നിര്‍ദേശം നല്കി അത് അനുസരിപ്പിച്ചതും ബിജെപി നേതാവ് കെ സുരേന്ദ്രനെ കസ്റ്റഡിയിലെടുത്തതിനും യതീഷ് ചന്ദ്രയ്ക്ക് പല ഭാഗത്തുനിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു, എന്നാല്‍ ഇതിനെയെല്ലാം മറികടക്കുന്ന സ്വീകരണമാണ് അദ്ദേഹത്തിന് ശബരിമലയില്‍ ലഭിച്ചത്.