ഭൂമിയ്ക്കു മുകളില്‍ സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ(ഐഎസ്എസ്) ശാസ്ത്രജ്ഞര്‍ ഇടയ്ക്കിടെ പുറത്തിറങ്ങാറുണ്ട്. നിലയത്തിന്മേല്‍ പറ്റിപ്പിടിച്ചിരിക്കുന്ന വസ്തുക്കളുടെ സാംപിളുകള്‍ എടുക്കുകയാണു ലക്ഷ്യം. റഷ്യന്‍ കോസ്‌മോനോട്ട് ആന്റണ്‍ ഷ്‌കാപ്ളെറോവും അത്തരമൊരു ലക്ഷ്യത്തിലേര്‍പ്പെട്ടിരുന്നു. നിലയത്തിനു പുറത്തെ പലയിടത്തു നിന്നും സാംപിളുകള്‍ തുടച്ചെടുത്ത് ശേഖരിച്ചു. ഇവ പിന്നീട് ഭൂമിയിലേക്കയക്കുകയും ചെയ്തു. എന്നാല്‍ ഗവേഷണ ഫലം ശാസ്ത്രജ്ഞരെ ഞെട്ടിച്ചു കളഞ്ഞു. ഒരു പുതിയ തരം ബാക്ടീരിയത്തെ ആന്റണ്‍ അയച്ച സാംപിളുകളില്‍ കണ്ടെത്തിയിരിക്കുന്നു. അവയാകട്ടെ ഭൂമിയില്‍ നിന്നല്ലെന്ന് ഉറപ്പാണ്, കൂടുതല്‍ വിശദവിവരങ്ങള്‍ക്കായി അവയെപ്പറ്റി പഠിച്ചു കൊണ്ടിരിക്കുകയാണെന്നും ഭൂമിയില്‍ നിന്ന് ആന്റണ് അറിയിപ്പും ലഭിച്ചു.
ഭൂമിക്കു പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടെന്നതിന് ഇതാദ്യമായാണ് ഒരു ബഹിരാകാശ ഗവേഷകന്‍ തന്നെ തെളിവുമായെത്തിരിക്കുന്നത്. ഡിസംബറില്‍ തന്റെ മൂന്നാം ബഹിരാകാശ നിലയ യാത്രയ്ക്ക് ഒരുങ്ങവേയാണ് ആന്റണിന്റെ വെളിപ്പെടുത്തല്‍. റഷ്യന്‍ വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തിലെ ഈ കാര്യങ്ങള്‍ ശാസ്ത്രലോകം ഞെട്ടലോടെയാണു കേട്ടത്. എന്നാല്‍ ‘അജ്ഞാത’ ബാക്ടീരിയ സാംപിള്‍ എങ്ങോട്ടു കൊണ്ടു പോയെന്നോ അവയെപ്പറ്റിയുള്ള പഠനറിപ്പോര്‍ട്ടോ ഇതുവരെ ആരും വെളിപ്പെടുത്തിയിട്ടില്ല. തനിക്ക് കിട്ടിയ അറിവനുസരിച്ച് അവ മനുഷ്യര്‍ക്ക് ഭീഷണിയല്ലെന്നത് ഉറപ്പാണെന്നും ആന്റണ്‍ പറയുന്നു. നേരത്തേയും ബഹിരാകാശ നിലയത്തിനു പുറത്ത് പറ്റിപ്പിടിച്ച നിലയില്‍ ബാക്ടീരിയങ്ങളെ കണ്ടെത്തിയിരുന്നു. അവയെല്ലാം പക്ഷേ ഭൂമിയില്‍ നിന്നെത്തിയതായിരുന്നു.
വിവിധ യന്ത്രങ്ങള്‍ ബഹിരാകാശത്ത് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നറിയാന്‍ ഭൂമിയില്‍ നിന്ന് അയച്ച ടാബ് ലറ്റ് പിസികളിലേറിയായിരുന്നു വന്‍തോതില്‍ ബാക്ടീരിയകള്‍ ഒരിക്കല്‍ ഭൂമിയില്‍ നിന്ന് ബഹിരാകാശത്തെത്തിയത്. കൊടുംചൂടിലും മാരക റേഡിയേഷനുകളിലും വരെ പിടിച്ചു നില്‍ക്കാന്‍ സാധിക്കുന്ന ഇവയുടെ കഴിവുകണ്ട് ശാസ്ത്രം അമ്പരന്നു പോയതാണ്. അങ്ങനെയാണ് ചില ബാക്ടീരിയങ്ങള്‍ ബഹിരാകാശത്ത് എങ്ങനെ പ്രവര്‍ത്തിക്കുമെന്നറിയാനുള്ള പരീക്ഷണം നടത്തിയത്. മാരകമായ ഇ. കോളി ബാക്ടീരിയങ്ങളെ ഉള്‍പ്പെടെ ബഹിരാകാശത്തെത്തിച്ചു. എന്നാല്‍ ബാഹ്യാകാശവുമായുള്ള സമ്പര്‍ക്കം ഇവയെ ‘സൂപ്പര്‍ ശക്തി’കളാക്കിയെന്നായിരുന്നു കണ്ടെത്തല്‍. ഭൂമിയില്‍ നിന്നുള്ള മരുന്നുകളെല്ലാം പ്രയോഗിച്ചിട്ടും ഇ.കോളികളെ നശിപ്പിക്കാനായില്ല. ഭൂമിയില്‍ പ്രയോഗിച്ചാല്‍ നശിച്ചു പോകുന്ന മരുന്ന് ബഹിരാകാശത്തെ സാഹചര്യങ്ങളില്‍ പല ബാക്ടീരിയങ്ങളിലും പ്രയോഗിച്ചെങ്കിലും എല്ലാം കരുത്താര്‍ജ്ജിച്ചതായാണു കണ്ടത്.
മരുന്നിനെ പ്രതിരോധിക്കാനായി ബാഹ്യാകാശത്ത് ബാക്ടീരിയങ്ങള്‍ സ്വയം കോശങ്ങളില്‍ രൂപമാറ്റം വരെ വരുത്തുന്നതായി കണ്ടെത്തി. ഭൂമിയിലാകട്ടെ അത്തരമൊരു നീക്കം അവയ്ക്ക് അസാധ്യവുമാണ്. ബാഹ്യാകാശത്തെ ഏതോ അജ്ഞാത കേന്ദ്രത്തില്‍ നിന്നെത്തിയ ബാക്ടീരിയയാണ് ബഹിരാകാശ നിലയത്തിന്മേല്‍ പറ്റിപ്പിടിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് ആന്റണിന്റെ നിഗമനം. പക്ഷേ അതെവിടേക്കു പോയെന്നോ എന്തു സംഭവിച്ചെന്നോ ആര്‍ക്കും അറിയില്ല. ഏതോ രഹസ്യലാബില്‍ ഇപ്പോഴും പരീക്ഷണങ്ങള്‍ക്കു വിധേയമായിരിപ്പുണ്ടെന്നു തന്നെ കരുതാം. ആന്റണിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ റഷ്യ തന്നെ ഔദ്യോഗിക വിശദീകരണം നല്‍കുമെന്നുമാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.