യുഎസ്: ആഡംബര ബഹിരാകാശ ടൂറിസം കമ്പനിയായ സ്പേസ് വിഐപി അപൂർവമായ ഒരു യാത്രയ്ക്കും വിരുന്നിനുമുള്ള സൗകര്യം ഒരുക്കുന്നു. ഭൂമിയുടെ അന്തരീക്ഷത്തിൽനിന്നു 30 കിലോമീറ്റർ മുകളിൽ സഞ്ചരിച്ചുകൊണ്ടു ഭക്ഷണം കഴിക്കാനുള്ള അവസരമാണു കമ്പനി വാഗ്ദാനം ചെയ്യുന്നത്. അടുത്തവർഷം ഇതു സാധ്യമാകുമെന്നും കന്പനി അധികൃതർ പറയുന്നു. ഈ ബഹിരാകാശ വിരുന്നിനു താൽപര്യമുള്ളവർ കൈയിൽ കരുതേണ്ടതു നാലു കോടി രൂപ.
സ്പേസ് പെഴ്സ്പെക്റ്റീവ് കമ്പനിയുടെ നെപ്ട്യൂൺ കാപ്സ്യൂളിലായിരിക്കും യാത്ര. ഒരു യാത്രയിൽ ആറു പേർക്കു മാത്രമേ പങ്കെടുക്കാൻ കഴിയൂ. പ്രശസ്ത ഷെഫ് റാസ്മസ് മങ്ക് വിരുന്നിനുള്ള വിഭവങ്ങൾ തയാറാക്കും. ഇദ്ദേഹവും യാത്രക്കാർക്കൊപ്പം ഉണ്ടാകും. ഭക്ഷണത്തിനു പുറമെ, വൈഫൈ, പ്രത്യേക വിശ്രമമുറികൾ തുടങ്ങിയ സൗകര്യങ്ങളുമുണ്ടായിരിക്കും.
ഓരോ യാത്രക്കാർക്കും വേണ്ടി പ്രത്യേക വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്തു നൽകും. യാത്രയിൽനിന്നു ലഭിക്കുന്ന ലാഭം സ്പേസ് പ്രൈസ് ഫൗണ്ടേഷനു നൽകാനാണു തീരുമാനം. ബഹിരാകാശയാത്രകൾക്കായി മൂന്നു നെപ്ട്യൂൺ കാപ്സ്യൂളുകൾ സ്പേസ് വിഐപി കമ്പനി സ്വന്തമാക്കിയിട്ടുണ്ട്.