വഴിതെറ്റി ബഹിരാകാശത്തു കറങ്ങുന്ന ടെസ്ല റോഡ്സ്റ്റർ കാറും അതിന്റെ ഡ്രൈവർ സ്റ്റാർമാനും ഭാവിയിൽ ഭൂമിയിലിടിച്ചിറങ്ങാൻ സാധ്യതയുണ്ടെന്നു ശാസ്ത്രജ്ഞർ. ടൊറന്റോ സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.
നിലവിൽ റോഡ്സ്റ്റർ സഞ്ചരിക്കുന്ന ബഹിരാകാശപാതയെ അടിസ്ഥാനമാക്കിയാണ് ശാസ്ത്രജ്ഞർ കാറിന്റെ ഭാവിയാത്ര പ്രവചിച്ചത്. നൂറു കോടി വർഷത്തിനുള്ളിൽ റോഡ്സ്റ്റർ ഭൂമിയിൽ പതിക്കാനുള്ള സാധ്യത ആറു ശതമാനമാണത്രേ.
അതേസമയം, കാർ ശുക്രനിൽ പതിക്കാനും സാധ്യതയുണ്ടെന്ന് പഠനത്തിൽ പറയുന്നു. എന്നാൽ, ഇതിന് 2.5 ശതമാനം മാത്രമാണു സാധ്യത. ടെസ്ല ഭൂമിയിൽ പതിച്ചാൽതന്നെ അന്തരീക്ഷത്തിലെത്തുന്ന മാത്രയിൽ അത് പൂർണമായി കത്തിനശിക്കുമെന്നും ശാസ്ത്രജ്ഞർ പറയുന്നു.