മലയാളികള്‍ ഇന്നും ആവേശത്തോടെ നെഞ്ചിലേറ്റുന്ന ചിത്രങ്ങളിലൊന്നാണ് സ്ഫടികം. മോഹന്‍ലാല്‍ ആടുതോമയെന്ന കഥാപാത്രമായി ജീവിച്ച ചിത്രം തിയറ്ററുകളെ അക്ഷരാര്‍ഥത്തില്‍ ഉത്സവപ്പറമ്പാക്കി. അക്കാലത്ത് കളക്ഷന്‍ റിക്കാര്‍ഡുകള്‍ പലതും തകര്‍ത്ത ഈ ചിത്രം ഇപ്പോള്‍ ടിവിയില്‍ വന്നാലും ഏവരും കണ്ടിരിക്കും. സ്ഫടികം പിറക്കുന്നതിന് പിന്നിലുണ്ടായ രസകരമായ കാര്യങ്ങള്‍ സംവിധായകന്‍ ഭദ്രന്‍ അടുത്തിടെ പങ്കുവച്ചു.
ഉര്‍വശിയുടെ തുളസി എന്ന കഥാപാത്രം സ്ഫടികത്തിലെ വേറിട്ട നായിക മുഖമായിരുന്നു. തുളസി എന്ന കഥാപാത്രമായി നടി ശോഭനയെയാണ് ആദ്യം നിശ്ചയിച്ചിരുന്നതെന്ന് ഭദ്രന്‍ പറയുന്നു. എന്നാല്‍ ഒരു നൃത്ത പരിപാടിയുമായി ബന്ധപ്പെട്ടു ശോഭനയ്ക്ക് വിദേശത്ത് പോകേണ്ടി വന്നതിനാല്‍ ശോഭനയില്‍ നിന്ന് ഉര്‍വശിയിലേക്ക് കഥാപാത്രത്തെ മാറ്റി നല്‍കുകയായിരുന്നു.
സ്ഫടികം ജോര്‍ജ്ജിന് പകരം നടന്‍ നാസര്‍ ആയിരുന്നു സ്ഫടികത്തില്‍ വില്ലനാകേണ്ടിയിരുന്നത്. നാസറിന്റെ തമിഴിലെ തിരക്കാണ് ഭദ്രനെ സ്ഫടികം ജോര്‍ജിലെത്തിച്ചത്. ആട് തോമ ആണത്തം മാത്രമുള്ള കഥാപാത്രമായിരുന്നെങ്കില്‍ തനിക്ക് മമ്മൂട്ടിയെയോ സുരേഷ് ഗോപിയെയോ സ്ഫടികത്തിലേക്ക് കാസ്റ്റ് ചെയ്താല്‍ മതിയായിരുന്നു.
നിഷ്‌കളങ്കതയും ഒരുതരം ആത്മപുശ്ചവും ആ കഥാപാത്രങ്ങളില്‍ സമന്വയിച്ചത് കൊണ്ട് മോഹന്‍ലാല്‍ ആണ് അതിനു ഏറ്റവും അനുയോജ്യനെന്നു മനസിലാക്കുകയിരുന്നുവെന്നും സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമില്‍ സംസരിക്കവേ ഭദ്രന്‍ വ്യക്തമാക്കി.
ആടുതോമയെന്ന പേരിട്ടാലേ അടിപ്പടം ആളുകള്‍ കാണാന്‍ വരൂ എന്ന് ഗുഡ്‌നൈറ്റ് മോഹന്‍ പറഞ്ഞു. ‘ഇത് ആടു തോമയുടെ കഥയല്ല, ഇടിപ്പടവുമല്ല. പേരന്റിങ്ങിനെക്കുറിച്ചുള്ള സിനിമയാണ്. പേര് സ്ഫടികം എന്നു തന്നെ’, എന്നതായിരുന്നു തന്റെ നിലപാടെന്നും ഭദ്രന്‍ പറയുന്നു.