വൈക്കം: തലയാഴം പഞ്ചായത്തിലെ മൂന്നാം വാർഡിൽ അംബേദ്ക്കർ സെറ്റിൽമെന്റ് കോളനിക്കു സമീപം സ്വകാര്യ മൊബൈൽ കന്പനിയുടെ മൊബൈൽ ടവർ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ പ്രദേശ വാസികളുടെ പ്രതിക്ഷേധം ശക്തമാകുന്നു.
തോട്ടകം – വാക്കേത്തറ – കല്ലുപുരയ്ക്കൽ -എത്തക്കുഴി റോഡിലെ വാക്കേത്തറ അംബേദ്ക്കർ സെറ്റിൽമെന്റ് കോളനിക്കു സമീപത്താണ് മൊബൈൽ ടവർ സ്ഥാപിക്കുന്നതിനായി പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
ടവർ സ്ഥാപിക്കാനായി സ്വകാര്യ വ്യക്തിയിൽ നിന്നു വാങ്ങിയ അഞ്ചു സെന്റ് സ്ഥലത്തിൽ റോഡിനോടു ചേർന്ന് രണ്ടര മീറ്ററോളം താഴ്ചയിൽ കുഴിച്ചു.
വർഷത്തിൽ പല തവണ വെള്ളപ്പൊക്കക്കെടുതി നേരിടുന്ന ഇവിടം താഴ്ന്ന ചതുപ്പുനിലമാണ്. ടവറിന്റെ പൈലിംഗിനായി കുഴിച്ചപ്പോൾ തന്നെ തെക്കു പടിഞ്ഞാറു ഭാഗങ്ങളിലെ സ്വകാര്യ വ്യക്തികളുടെ ഭൂമിയും കിഴക്കുഭാഗത്തു കൂടി കടന്നു പോകുന്ന റോഡും താഴേക്കു ഇടിഞ്ഞുതാഴ്ന്നു.
റോഡിൽ നിന്നു മൂന്നു മീറ്റർ അകലെ മാത്രമേ നിർമാണ പ്രവർത്തനം നടത്താൻ കഴിയൂവെന്ന നിബന്ധന നിലനിൽക്കെ രണ്ടുമീറ്റർ വിട്ടാണ് കുഴിച്ചത്.
വൈക്കത്തുനിന്ന് കോട്ടയം മെഡിക്കൽ കോളജ്, കല്ലറ തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്തുന്നതിനു എളുപ്പമാർഗമൊരുക്കാൻ പാടശേഖരങ്ങൾക്കു നടുവിലൂടെയുള്ള റോഡ് ഉയർത്തി വീതി കൂട്ടി പുനർനിർമിക്കുന്നതിനായി കിഫ്ബിയിൽ നിന്ന് 20 കോടി രൂപ അനുവദിച്ചിരുന്നു.
ഇതിനായി പത്തു മീറ്റർ വീതിയിൽ റോഡിനു സ്ഥലം ഏറ്റെടുക്കണം. നിലവിൽ എട്ടു മീറ്റർ വീതിയിൽ റോഡിനു സ്ഥലമേറ്റെടുത്തിട്ടുണ്ട്.
റോഡിന്റെ ഇരുവശത്തു നിന്നുമായി ഓരോ മീറ്റർ കൂടി ഏറ്റെടുത്തു റോഡ് വീതികൂട്ടി ആധുനിക നിലവാരത്തിൽ പുനർ നിർമാൻ പദ്ധതിയുള്ളപ്പോഴാണ് റോഡു വികസനത്തിനു തടസം സൃഷ്ടിച്ചും ജനവാസ കേന്ദ്രത്തിനു ഭീഷണി ഉയർത്തിയും മൊബൈൽ ടവർ സ്ഥാപിക്കാൻ പഞ്ചായത്ത് അധികൃതരും താൽപര്യമെടുക്കുന്നതെന്ന് പഞ്ചായത്ത് അംഗം ഷീജ ബൈജു ആരോപിച്ചു.
അംബേദ്കർ ഗ്രാമത്തിൽ 70 പട്ടികജാതി കുടുംബങ്ങളടക്കം 250 കുടുംബങ്ങളാണ് അടുത്തടുത്തായി താമസിക്കുന്നത്. മൊബൈൽ ടവർ സ്ഥാപിക്കുന്നതിനായി കുഴിയെടുത്ത സ്ഥലത്തിൽ നിന്ന് ഏതാനും മീറ്ററകലെ അങ്കണവാടിയുമുണ്ട്.
തലയാഴം മൂന്നാം വാർഡിൽ ജനവാസം കുറഞ്ഞ ഉയർന്ന പ്രദേശങ്ങൾ നിരവധിയുള്ളപ്പോഴാണ് ചതുപ്പുനിലത്തിൽ മൊബൈൽ ടവർ സ്ഥാപിക്കുന്നതിനു അധികൃതർ നീക്കം ശക്തമാക്കുന്നത്.
ജനവാസ മേഖലയിൽ നിന്നു മൊബൈൽടവർ അനുയോജ്യമായ മറ്റൊരിടത്തേക്കു മാറ്റി സ്ഥാപിക്കാൻ അധികൃതർ തയാറായില്ലെങ്കിൽ ബഹുജനങ്ങളെ സംഘടിപ്പിച്ചു ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് വാർഡ് മെന്പർ ഷീജ ബൈജു, കെപിഎംഎസ് തോട്ടകം ശാഖാ യോഗം സെക്രട്ടറി വി.വി.ശശീന്ദ്രൻ, കെ.എൻ.രാജീവ് എന്നിവർ പറഞ്ഞു.