1995 മാർച്ച് 30ന് റിലീസ് ചെയ്ത മോഹൻലാൽ ചിത്രം സ്ഫടികം മലയാളത്തിലെ എക്കാലത്തേയും വന്പൻ ഹിറ്റുകളിലൊന്നായിരുന്നു. മോഹൻലാലിലൊപ്പം തിലകനും കെപിഎസി ലളിതയും മത്സരിച്ച് അഭിനയിച്ച ചിത്രം ഇപ്പോഴും പ്രേക്ഷകരെ ആകർഷിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന്റെ ഫേസ്ബുക്ക് പേജിൽ ലൈവ് വന്ന സ്ഫടികത്തിന്റെ സംവിധായകൻ ഭദ്രനോട് ചിത്രത്തിന് സ്ഫടികം എന്ന് പേരിട്ടത് ആരാണെന്ന് ഒരാൾ ചോദിച്ചു.
ആടുതോമ എന്ന പേരാണ് ചിത്രത്തിന് നിർമാതാവ് നിർദേശിച്ചതെന്നും സ്ഫടികം എന്ന പേര് തന്റെ തീരുമാനമായിരുന്നുവെന്നും ഭദ്രൻ മറുപടി പറഞ്ഞു.
സ്ഫടികം എന്ന പേരിൽത്തന്നെ ഉറച്ചു നിൽക്കണമെന്ന് തന്നോടാവശ്യപ്പെട്ടത് കേരള കോൺഗ്രസ് നേതാവായിരുന്ന കെ.എം. മാണിയാണെന്നും ഭദ്രൻ വെളിപ്പെടുത്തി. കെഎം മാണി അന്തരിച്ചപ്പോൾ ഇക്കാര്യങ്ങളൊക്കെ താനോർത്തുവെന്നും ഭദ്രൻ പറഞ്ഞു.
സ്ഫടികം ഡിജിറ്റൽ ഫോർമാറ്റിൽ ഒന്നുകൂടി റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ഇത്രയും കാലത്തിനുശേഷം ആടുതോമയ്ക്ക് എന്തുസംഭവിച്ചുവെന്ന് പുതിയ റിലീസിലുണ്ടാകുമെന്ന് ഭദ്രൻ പറയുന്നു.
ഒരിക്കലും സ്ഫടികത്തിന് രണ്ടാം ഭാഗം ഉണ്ടാവുകയില്ലെന്നും അതുകൊണ്ടാണ് 25 വർഷത്തിനുശേഷം ആടുതോമയ്ക്ക് എന്തു സംഭവിച്ചുവെന്ന് പുതിയ റിലീസിൽ ഉൾപ്പെടുത്തുന്നതെന്നും ഭദ്രൻ അറിയിച്ചു.
മോഹൻലാലിനെ നായകനാക്കി യന്ത്രം എന്ന സിനിമ ഒരുക്കുന്നതിനെപ്പറ്റിയുള്ള ആലോചനയിലാണ് ഭദ്രൻ ഇപ്പോൾ.