മോഹന്‍ലാല്‍ ആടുതോമയായി തിളങ്ങിയ സ്ഫടികം ഇന്നും മലയാളി പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളിലൊന്നാണ്. ഭദ്രന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സ്ഫടികം മോഹന്‍ലാലിന്റെ മാസ് ആക്ഷന്‍ ചിത്രങ്ങളിലൊന്നാണ്. ലാലേട്ടനൊപ്പം ചാക്കോ മാഷ് ആയി എത്തിയ തിലകനും മല്‍സരിച്ചുളള അഭിനയ പ്രകടനമാണ് കാഴ്ചവെച്ചത്.
സ്ഫടികത്തില്‍ ചാക്കോ മാഷിനെ കടുവയെന്ന വട്ടപ്പേര് വിളിക്കുന്ന വീട്ടില്‍ വളര്‍ത്തുന്ന മൈനയും ഇന്നും പ്രേക്ഷക മനസുകളിലുണ്ട്. ഈ മൈനയ്ക്കു ശബ്ദം നല്‍കിയത് ആരാണെന്നറിയാമോ…
അതു താനാണെന്ന് വെളിപ്പെടുത്തി സംവിധായകന് ഒരിക്കല്‍ മിമിക്രി കലാകാരനും സംവിധായകനുമായ ആലപ്പി അഷ്റഫ് രംഗത്തെത്തിയിരുന്നു.
തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു സിനിമ പുറത്തിറങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷം ഈ വിവരം സംവിധായകന് എല്ലാവരെയും അറിയിച്ചത്. ആലപ്പി അഷ്റഫിന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു…
റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ചാനലുകളില്‍ സ്ഫടികം വന്നാല്‍ പ്രേക്ഷകര്‍ അത് വിടാതെ കാണാറുണ്ട്. സ്ഫടികം സിനിമയുടെ നൂറാം ദിവസ ആഘോഷത്തില്‍ എനിക്കും ക്ഷണമുണ്ടായിരുന്നു.
അവര്‍ എന്നെ വേദിയിലേക്ക് വിളിച്ച് എന്റെ പേര് ആലേഖനം ചെയ്ത ഒരു ഷീല്‍ഡ് നല്കി എനിക്ക് ആദരവ് തന്നു. എന്തിനെന്നോ…ആ സിനിമയില്‍ ഞാനും ശബ്ദം നല്‍കിയിട്ടുണ്ട്.
സ്ഫടികത്തിലെ നടീനടന്മാര്‍ക്കൊന്നുമല്ല, പിന്നയോ… അതിലെ അതികായനായ ചാക്കോ മാഷിനെ കടുവാ കടുവാ… എന്നു വിളിച്ചു ആക്ഷേപിക്കുന്ന മൈനക്ക് വേണ്ടി, ആ ശബ്ദം നല്‍കിയിരുന്നത് ഞാനായിരുന്നു.
സ്ഫടികം റിലീസിംഗ് തിയതി നിശ്ചയിച്ചു കഴിഞ്ഞപ്പോള്‍ മോഹന്‍ലാല്‍ ഒഴിച്ചു എല്ലാവരുടെയും ഡബ്ബിംഗ് കഴിഞ്ഞിരുന്നു. ആ സമയം ലാല്‍ ഇന്ത്യയില്‍ ഇല്ലായിരുന്നു.
റി റിക്കാര്‍ഡിംഗിന്റെ ആവശ്യത്തിലേക്കുള്ള ശബ്ദങ്ങള്‍ക്കായി അന്ന് ലാലിന്റെ ആടുതോമക്ക് വേണ്ടി ട്രാക്ക് വോയ്സ് ഡബ്ബ് ചെയ്തത് ഞാനായിരുന്നു.
ലാലിന് വേണ്ടി ഡബ്ബ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍, മൈനയുടെ സീക്വന്‍സ് വന്നപ്പോള്‍ ഞാന്‍ ഒരു രസത്തിന്, അതിനും കൂടി ശബ്ദം കൊടുത്തു.
അത് കേട്ട സംവിധായകന് ഭദ്രന് ആശ്ചര്യത്തോടെ ഒന്നുകൂടി ചെയ്യാന്‍ ആവശ്യപ്പെട്ടു. ഞാന്‍ ആവര്‍ത്തിച്ചു. മൈനക്ക് വേണ്ടിയുള്ള എന്റെ ആ മിമിക് ശബ്ദം അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ടു.
മൈനയുടെ ശബ്ദത്തിന്റെ കാര്യത്തില്‍ അങ്ങിനെ തീരുമാനമായി.
സ്ഫടികം സൂപ്പര്‍ ഹിറ്റായപ്പോള്‍ തമിഴിലേക്കും മൊഴിമാറ്റം നടത്തി. അവരും എന്നെ വിളിച്ചു.
ഈ കിളിയുടെ ശബ്ദം ചെയ്യാന്‍, ഇവിടെ ഇത് ചെയ്യാന്‍ ആളില്ല സാര്‍.. മലയാളത്തിലെ ശബ്ദം തന്നെ ഉപയോഗിച്ചാല്‍ പോരേയെന്ന് ഞാന്‍ ചോദിച്ചു. ഇല്ല സാര്‍ ഇവിടെ കടുവാ എന്നല്ല പറയുന്നത് കരടി എന്നാണ്. വേറെ മാര്‍ഗമൊന്നുമില്ല സഹായിക്കണം എന്നു പറഞ്ഞു.
കൊച്ചിയില്‍ നിന്നു രാവിലെത്തെ വിമാനത്തില്‍ മദിരാശിയില്‍ എത്തി, സ്ഫടികം മോഡല്‍ ശബ്ദത്തില്‍ കരടി കരടി… എന്നു പറഞ്ഞു ശബ്ദം കൊടുത്തു. വൈകിട്ടത്തെ വിമാനത്തില്‍ തിരിച്ചു വന്നു. അതിന് പ്രതിഫലമൊന്നും സ്വീകരിച്ചുമില്ല- ആലപ്പി അഷറഫ് കുറിച്ചു.
-പിജി