മോസ്കോ: ലോകകപ്പ് ഫുട്ബോളിന്റെ 21-ാം എഡിഷനായി ടീമുകള്‍ റഷ്യന്‍ മണ്ണില്‍ എത്തിത്തുടങ്ങി. ഗ്രൂപ്പ് ബിയിലെ ഇറാന് ആണ് ഏറ്റവും ആദ്യം പറന്നിറങ്ങിയത്. ജൂണ്‍ അഞ്ചിന് ഇറാന് റഷ്യയിലെത്തി പരിശീലനം ആരംഭിച്ചുകഴിഞ്ഞു. ജൂണ്‍ 15നാണ് ഇറാന്റെ ആദ്യ മത്സരം.
2010 ചാമ്പ്യന്മാരും ഇത്തവണത്തെ ഫേവറിറ്റുകളില്‍ ഒന്നുമായ സ്പെയിനും ലോകകപ്പിലെ കന്നിക്കാരായ പാനമയും ഇന്നലെ വോള്‍ഗാ നദിയുടെ നാട്ടിലെത്തി. സ്പാനിഷ് സംഘം കരസ്നോഡറില് ഇറങ്ങിയപ്പോള്‍ പാനമ സാരന്സ്കിലായിരുന്നു കാലുകുത്തിയത്.
ഏഷ്യന്‍ പ്രതീക്ഷയുമായെത്തുന്ന സൗദി അറേബ്യയും റഷ്യയില്‍ ഇന്നലെ പറന്നിറങ്ങി. റഷ്യന്‍ ലോകകപ്പിന്റെ ഉദ്ഘാടനമത്സരം കളിക്കുന്നവരാണ് സൗദി സംഘം. 14ന് ഇന്ത്യന്‍ സമയം രാത്രി 8.30ന് സൗദിയും റഷ്യയും തമ്മിലാണ് ലോകകപ്പ് ഉദ്ഘാടന പോരാട്ടം.
ടീമുകള്‍ എത്തിത്തുടങ്ങിയതോടെ റഷ്യ ഫുട്ബോള്‍ ലഹരിയിലമര്‍ന്നു തുടങ്ങി. ടീമുകളുടെ വരവ് റഷ്യന്‍ ചാനലുകള്‍ ലൈവ് ടെലികാസ്റ്റ് നടത്തി ആവേശംനിറച്ചു. 2016 യൂറോ കപ്പിലെ തിരിച്ചടിക്കുശേഷം സ്പെയിനിന്റെ പരിശീലകനായ ജുലന് ലോപ്തെഹുയിയുടെയും ക്യാപ്റ്റന്‍ സെര്‍ജ്യോ റാമോസിന്റെയും നേതൃത്വത്തിലാണ് സ്പെയിന് വിമാനമിറങ്ങിയത്.
ലോപ്തെഹുയിയുടെ ശിക്ഷണത്തിന്‍കീഴില്‍ സ്പെയിന് ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ലെന്നതും ലാ റോഹയെന്ന വിളിപ്പേരുകാരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. നാളെ സ്പെയിന് ടുണീഷ്യയുമായി തങ്ങളുടെ അവസാന ലോകകപ്പ് സന്നാഹ മത്സരം കളിക്കും.
ഗ്രൂപ്പ് ബിയിലാണ് സ്പെയിനും ഇറാനും. ഇവര്‍ക്കൊപ്പം ഗ്രൂപ്പിലുള്ളത് 2016 യൂറോ കപ്പ് ചാമ്പ്യന്മാരായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും ആഫ്രിക്കന്‍ സംഘമായ മൊറോക്കോയുമാണ്. ഗ്രൂപ്പ് എയില്‍ ആതിഥേയരായ റഷ്യ, ഉറുഗ്വെ, ഈജിപ്ത് എന്നിവയ്ക്കൊപ്പമാണ് സൗദി അറേബ്യ. ഗ്രൂപ്പ് ജിയിലാണ് കോണ്കാകാഫില്നിന്നെത്തുന്ന പാനമയുടെ സ്ഥാനം. ശക്തരായ ബെല്‍ജിയം, ഇംഗ്ലണ്ട്, ടുണീഷ്യ എന്നിവയാണ് ഗ്രൂപ്പിലുള്ളത്.