പയ്യന്നൂര്‍: സ്പെയിനിലേക്ക് ജോലിയുള്ള വീസ ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത സംഭവത്തില്‍ പയ്യന്നൂര്‍ പോലീസ് രണ്ടുകേസുകള്കൂടി രജിസ്റ്റര്‍ ചെയ്തു. പ്രതികള്‍ക്കെതിരേ സമാനമായ പരാതിയിലെടുത്തിരുന്ന മറ്റു കേസുകള്‍ക്കു പുറമേയാണ് പുതിയ കേസ്.
പയ്യന്നൂര്‍ അന്നൂരിലെ യദുകൃഷ്ണന്റെ പരാതിയില്‍ പയ്യന്നൂരിലെ വിനായക്, ഇരിട്ടിയിലെ സ്മിത, കണ്ണൂരിലെ ലൂസി എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്.
സ്പെയിനില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലിക്കുള്ള വീസ ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് 2021 ജൂണ്‍ 25 മുതല്‍ പലതവണകളായി 6,45,173 രൂപ വാങ്ങുകയും വാഗ്ദാനം ചെയ്ത വീസയോ പണമോ നല്‍കാതെ വഞ്ചിക്കുകയായിരുന്നുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.
മുന്‍ വഞ്ചനാ കേസുകളിലെ പ്രതികളായ വിനായക്, സ്മിത എന്നിവര്‍ക്കെതിരേ പയ്യന്നൂര്‍ മഹാദേവഗ്രാമത്തിലെ കെ.വി.മിഥുന് നല്കിയ പരാതിയിലാണ് മറ്റൊരു കേസുകൂടിയെടുത്തത്.
2021 ജൂലൈ 14 മുതല്‍ പലതവണകളായി മൂന്ന് ലക്ഷം രൂപ വാങ്ങി പരാതിക്കാരനെ ചതിച്ചതായുള്ള പരാതിയിലാണ് കേസ്.രണ്ടുപേരില്‍നിന്നായി വീസ വാഗ്ദാനം ചെയ്ത് പത്ത് ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്.