സ്പെയിനിലെ പ്രസിദ്ധമായ ലാ ടൊമാറ്റിനയെ കുറിച്ച് സ്പാനിഷ് മസാല സിനിമ കണ്ടവർ മറക്കില്ല. 1945-ൽ തക്കാളി ഉൽപ്പാദിപ്പിക്കുന്ന പ്രദേശത്തെപട്ടണത്തിലെ പ്രാദേശിക കുട്ടികൾ തമ്മിലുണ്ടായ ഭക്ഷണ വഴക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സ്പെയിനിൽ ലാ ടൊമാറ്റിന അഥവാ തക്കാളി ഉത്സവം ആരംഭിച്ചത്. എല്ലാ വര്‍ഷവും ആഗസ്റ്റ് മാസത്തിലെ അവസാന ബുധനാഴ്ചയാണ് ഉത്സവം നടക്കുന്നത്.
ലാ ടൊമാറ്റിനയ്ക്ക് സമാനമായ ചടങ്ങ് വിവാഹ ആഘോഷങ്ങളുടെ ഭാഗമാക്കിയ ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഈ മാസം ആദ്യം മുംബൈയിൽ പിയൂഷ് -നവിക ദമ്പതികളുടെ വിവാഹത്തിനു മുന്നോടിയായുള്ള ഹൽദി ചടങ്ങിലാണ് തക്കാളി ഉത്സവത്തിന് സമാനമായ ആഘോഷം നടന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ചടങ്ങിൽ പങ്കെടുക്കാനെത്തിയ അതിഥികൾ തക്കാളിയുടെ മുകളിൽ കയറി നിൽക്കുന്നതും കാലുകൊണ്ട് ചവിട്ടി അരയ്ക്കുന്നതുമെല്ലാം വീഡിയോയിൽ കാണാൻ സാധിക്കും. ‘ടൊമാറ്റിന ഹൽദി ’ എന്ന പേരിൽ സാധാരണ ഹൽദി ചടങ്ങിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് പിയൂഷ് -നവിക ദമ്പതികൾ ഈ ആശയം കൊണ്ടുവന്നത്.
ഇത് ഭക്ഷണത്തോട് കാണിക്കുന്ന അനാദരവാണെന്ന് ചൂണ്ടിക്കാട്ടി പലരും വീഡിയോക്കെതിരേ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. വീഡിയോയെ വിമർശിച്ചുകൊണ്ട് നിരവധി ആളുകൾ രംഗത്തെത്തിയതോടെ ഈ പോസ്റ്റ് പിന്നീട് പിൻവലിക്കുകയും ചെയ്തു.
ലാ ടൊമാറ്റിന ഫെസ്റ്റിവലിൽ കഴിക്കാൻ ഉപയോഗിക്കാൻ പറ്റാത്ത അമിതമായി പഴുത്ത തക്കാളിയാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇവിടെ ദമ്പതികൾ ഉപയോഗിച്ചിരിക്കുന്നത് ഭക്ഷ്യ യോഗ്യമായ തക്കാളികളാണ് എന്ന തരത്തിലാണ് മിക്ക കമന്റുകളും.