ലാ ലിഗയിലെ അതിനിര്‍ണായകമായ പോരാട്ടങ്ങളില്‍ ബാഴ്സലോണ തകര്‍പ്പന്‍ ജയം നേടിയപ്പോള്‍ ചിരവൈരികളായ റയല്‍ മാഡ്രിഡ് സമനിലയില്‍ കുരുങ്ങി. ബാഴ്സലോണ സ്പോര്‍ട്ടിംഗ് ഗിജോണിനെതിരേ 6-1ന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. അതേസമയം റയല്‍ മാഡ്രിഡിന് അപ്രതീക്ഷിത സമനില. ദുര്‍ബ്ബലരായ ലാസ് പാല്‍മാസിനോട് 3-3നാണ് റയല്‍ സമനില പാലിച്ചത്.
ഇതോടെ പോയിന്റ് നിലയില്‍ റയലിനെ ബാഴ്സ മറികടന്നു. ബാഴ്സയ്ക്ക് ഇപ്പോള്‍ 25 മത്സരങ്ങളില്‍നിന്ന് 17 വിജയവും രണ്ടു പരാജയവും ആറു സമനിലയുമടക്കം 57 പോയിന്റുണ്ട്. ഒരു കളി കുറച്ചു കളിച്ച റയലിന് 17 വിജയവും അഞ്ചു സമനിലയും രണ്ടു പരാജയവുമടക്കം 56 പോയിന്റുമുണ്ട്. 52 പോയിന്റുള്ള സെവിയ്യയാണ് മൂന്നാമത്. ആദ്യം നടന്നത് ബാഴ്സലോണയുടെ മത്സരമായിരുന്നു.
ജയത്തോടെ ബാഴ്സയെ പോയിന്റ് നിലയില്‍ മുന്നിലെത്തി. രണ്ടാമത്തെ മത്സരം ജയിച്ച് പതിവു പോലെ ബാഴ്സലോണയെ പിന്നിലാക്കി റയൽ മുന്നിലെത്തുമെന്ന് കരുതിയെങ്കിലും പാല്‍മാസിനോട് സമനില വഴങ്ങി മുന്നിലെത്താനുള്ള അവസരം നഷ്ടപ്പെടുത്തി.
ബാഴ്സയുടെ ആക്രമണനിരയിലെ ലൂയി സുവാരസ്, ലയണല്‍ മെസി, നെയ്മര്‍ എന്നിവര്‍ സ്കോര്‍ ചെയ്ത മത്സരമായിരുന്നു. സ്പോര്‍ട്ടിംഗ് ഗിജോണിനെതിരായ മത്സരത്തില്‍ ബാഴ്സയ്ക്കു വേണ്ടി ലൂയി സുവാരസ് (11, 27) രണ്ടു ഗോളടിച്ചപ്പോള്‍ ലയണല്‍ മെസി (9) നെയ്മര്‍ (65) പാകോ അല്‍ക്കാസര്‍ (49), ഇവാന് റാക്കിടിച്ച് (87) എന്നിവർ ഓരോ ഗോള്‍ വീതം നേടി.
ഹെഡർ ഗോളിലൂടെ സ്കോറിംഗ് തുടങ്ങിവെച്ചത് സൂപ്പര്‍താരം മെസിയായിരുന്നു. പിന്നാലെ ഇടവേളയില്ലാതെ തന്നെ ബാഴ്സ ഗോളടിച്ചു കൊണ്ടേയിരുന്നു. മികച്ച ഫ്രീകിക്കിലായിരുന്നു നെയ്മറുടെ ഗോള്‍. കാര്‍ലോസ് കാസ്ട്രോയുടെ (21) വകയായിരുന്നു സ്പോര്‍ട്ടിംഗ് ഗിജോണിന്റെ ആശ്വാസഗോൾ. ന്യൂ കാമ്പില്‍ സ്വന്തം കാണികള്‍ക്കു മുന്നില്‍ കളിയുടെ തുടക്കം മുതല്‍ ബാഴ്സലോണയുടെ ആധിപത്യമായിരുന്നു.
9-ാം മിനിറ്റില്‍ത്തന്നെ അതിനു ഫലമുണ്ടായി. മസ്കരാനോയുടെ ക്രോസില്‍ മെസിയുടെ ഹെഡര്‍ വലയില്‍. സമീപകാലത്ത് ആദ്യമായാണ് മെസി ഒരു ഗോള്‍ ഹെഡറിലൂടെ സ്വന്തമാക്കുന്നത്. രണ്ടു മിനിറ്റുകള്‍ക്കു ശേഷം സുവാരസ് അായാസ ഗോളിലൂടെ ബാഴ്സയ്ക്ക് 2-0 ലീഡ് സമ്മാനിച്ചു. 21-ാം മിനിറ്റില്‍ സ്പോര്‍ട്ടിംഗിന് പ്രതീക്ഷ നല്‍കിക്കൊണ്ട് കാര്‍ലോസ് കാസ്ട്രോ മറുപടി ഗോള്‍ നേടി. എന്നാല്‍, സ്പോര്‍ട്ടിംഗിന്റെ പ്രതീക്ഷ അവിടെ അവസാനിച്ചു. കൃത്യമായ ഇടവേളകളില്‍ ഗോളുകള്‍ നേടിക്കൊണ്ട് ബാഴ്സ കൂറ്റന്‍ വിജയം സ്വന്തമാക്കി.