മാഡ്രിഡ്: വലൻസിയയിലെ പ്രളയബാധിത പ്രദേശങ്ങളിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി സ്പെയിന്റെ ഇതരഭാഗങ്ങളിൽനിന്നു ജനം ഒഴുകിയെത്തുന്നു. കഴിഞ്ഞദിവസം മാത്രം 15,000 വോളന്റിയർമാർ എത്തിയതായി സംഘാടകർ അറിയിച്ചു.
സർക്കാരിന്റെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കു വേഗം പോരെന്ന ആക്ഷേപത്തിനിടെയാണു സ്പാനിഷ് ജനത ദുരന്തബാധിതർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്. പ്രളയത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് സമയത്തു നല്കിയില്ലെന്നും ആരോപണമുണ്ട്.
സ്പെയിനിലെ രാജാവ് ഫിലിപ്പും പത്നി ലെറ്റീഷ്യയും ഇന്നലെ വലൻസിയ സന്ദർശിക്കാനെത്തിയപ്പോൾ വലിയ പ്രതിഷേധം നേരിട്ടു. കോപാകുലരായ ജനക്കൂട്ടം ഫിലിപ്പിനെ കൊലപാതകിയെന്നും നാണമില്ലാത്താവനെന്നും വിളിച്ചു. ഫിലിപ്പിനും ലെറ്റീഷ്യക്കും നേർക്ക് ചെളിയും മറ്റു വസ്തുക്കളും വലിച്ചെറിഞ്ഞു. ലെറ്റീഷ്യയുടെ മുഖത്തു ചെളി പതിച്ചു.
ചൊവ്വാഴ്ച കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ 211 പേരാണു മരിച്ചത്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്പോൾ മരണസംഖ്യ ഉയരുമെന്നാണു കരുതുന്നത്. രക്ഷാപ്രവർത്തനങ്ങൾക്കായി പട്ടാളത്തിലെയും പോലീസിലെയും അയ്യായിരം വീതം ഭടന്മാരെക്കൂടി വിന്യസിക്കാൻ സ്പാനിഷ് പ്രധാനമന്ത്രി പെദ്രോ സാഞ്ചസ് കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു.
ഇതിനിടെ, ദുരന്തമേഖലകളിൽ കൊള്ളയും കവർച്ചയും വർധിച്ചതായി വലൻസിയയിലെ പ്രാദേശിക സർക്കാർ അറിയിച്ചു. കുറ്റക്കാർ നിയമനടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും നല്കിയിട്ടുണ്ട്.